ഹാട്രിക് കൊതിച്ച് ചിലി; അട്ടിമറിക്ക് പെറു, ആരാകും ബ്രസീലിൻെറ എതിരാളികൾ
text_fieldsസാവോപോളോ: വലിയ പേരുകാർ വാഴുന്ന ലാറ്റിൻ അമേരിക്കൻ ഫുട്ബാളിൽ തൂണും ചാരിനിന്ന് കപ്പുംകൊണ്ട് മടങ്ങുന്ന ചിലി ചരിത്രനേട്ടത്തിനരികെ. പാതി ഭാഗ്യവും പാതി കളിയുമായി അവസാന നാലിൽ ഇടംപിടിച്ച പെറുവിനെ നാളെ പുലർച്ചെ രണ്ടാം സെമിയിൽ വീഴ്ത്താനായാൽ ഹാട്രിക് കിരീടമെന്ന സ്വപ്ന സാക്ഷാത്കാരമാണ് ചിലിയെ കാത്തിരിക്കുന്നത്.ജപ്പാനെതിരെ മോഹിപ്പിക്കുന്ന തുടക്കവുമായി ഇത്തവണ കോപയിൽ അരങ്ങേറിയ ചിലി ആധികാരികമായാണ് നോക്കൗട്ടിലെത്തിയത്. ഏകപക്ഷീയമായ നാലു ഗോളുകൾക്ക് ഏഷ്യൻ കരുത്തരെ മറികടന്നവർ രണ്ടാംകളിയിൽ എക്വഡോറിനെയും വീഴ്ത്തി.
അപ്രധാനമായ അവസാന ഗ്രൂപ് പോരാട്ടത്തിൽ പക്ഷേ, ഉറുഗ്വായിയോട് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടു. ക്വാർട്ടറിൽ കൊളംബിയക്കു മുന്നിൽ ശരിക്കും വിയർത്ത ചിലി പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് (5-4) അവസാന നാലിലെത്തിയത്. മറുവശത്ത്, ഉടനീളം ദൗർബല്യം പ്രകടമാക്കിയ പെറു ഗ്രൂപ് മത്സരങ്ങളിൽ ഭാഗ്യം തുണച്ചാണ് നോക്കൗട്ട് കണ്ടത്. വെനിസ്വേലക്കെതിരെ ആദ്യ മത്സരം ഗോൾരഹിത സമനില വഴങ്ങിയവർ ബൊളീവിയക്കെതിരെ 3-1ന് ജയിച്ചു.
അവസാന മത്സരത്തിൽ കാനറികൾ ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്ക് തകർത്തുവിടുകയും ചെയ്തു. എന്നിട്ടും ക്വാർട്ടറിലെത്തിയ സംഘത്തിന് ഉറുഗ്വായിക്കെതിരെ ഒരിക്കൽപോലും ഗോൾലക്ഷ്യമാക്കി ഷോട്ട് ഉതിർക്കാനായിരുന്നില്ല. മറുവശത്ത്, മൂന്നുവട്ടം ഗോൾവല ചലിപ്പിച്ചിട്ടും റഫറി കനിഞ്ഞില്ലെന്നു മാത്രമല്ല, ലഭിച്ച പെനാൽറ്റി സുവാറസ് തുലക്കുകയും ചെയ്തു. ഷൂട്ടൗട്ടിലേക്കു നീണ്ട കളിയിൽ അഞ്ചും ലക്ഷ്യംകണ്ടാണ് പെറു സെമിയിലെത്തിയത്.
പെറു- ചിലി മുഖാമുഖങ്ങളിൽ മുൻതൂക്കം ചിലിക്കു തന്നെയാണ്. 20 തവണ ഇരുടീമുകളും കളിച്ചതിൽ 14 തവണയും ചിലിക്കൊപ്പമായിരുന്നു. അഞ്ചു തവണ പെറു ജയം കുറിച്ചപ്പോൾ ഒരുതവണ സമനിലയിലായി. സാഞ്ചസും വർഗാസും വാഴുന്ന ചിലിതന്നെ ഇന്നും ആധിപത്യം തുടർന്നാൽ അത്ഭുതപ്പെടേണ്ടതില്ല. 2015ലും 2016ലും കിരീടം സ്വന്തമാക്കിയ ചിലിക്ക് പതിറ്റാണ്ടുകൾക്കു മുമ്പ് അർജൻറീന കുറിച്ച ഹാട്രിക് കിരീടമെന്ന സ്വപ്നം അകലെയല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
