കോപ നടത്തുന്നത് ബ്രസീലിന് വേണ്ടി; മെഡൽദാന ചടങ്ങ് ബഹിഷ്കരിച്ച് ലയണൽ മെസ്സി

16:57 PM
07/07/2019

സാവോപോളോ: കോപ അമേരിക്കയിൽ മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ചതിനെ തുടർന്ന് ലയണൽ മെസ്സി മെഡൽദാന ചടങ്ങ് ബഹിഷ്കരിച്ചു. മൂന്നാം സ്ഥാനക്കാർക്കുള്ള സമ്മാനദാന ചടങ്ങിൽ സൂപ്പർ താരം പങ്കെടുത്തില്ലെന്നാണ് റിപ്പോർട്ടുകൾ. തുടർന്നാണ് കോപ അധികൃതർക്കെതിരെ മെസ്സി തുറന്നടിച്ചത്. 

ഞങ്ങൾക്ക് ഈ അഴിമതിയുടെ ഭാഗമാകേണ്ടതില്ല. ഈ ടൂർണമ​​െൻറിലുടനീളം അവർ ഞങ്ങളെ അപമാനിച്ചു. ദു:ഖകരമെന്നു പറയട്ടെ, റഫറിമാർ ആളുകളെ ഫുട്ബോൾ ആസ്വദിക്കാൻ അനുവദിക്കുന്നില്ല, അവർ അത് നശിപ്പിച്ചു- മെസ്സി വ്യക്തമാക്കി.

രണ്ടു പേര്‍ക്കും മഞ്ഞ കാര്‍ഡ് തരേണ്ട കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളു. കഴിഞ്ഞ മത്സരത്തില്‍ റഫറിയെ വിമര്‍ശിച്ചതിനാണ് തനിക്ക് ഇപ്പോള്‍ ചുവപ്പ് കാര്‍ഡ് നല്‍കിയതെന്നും മെസ്സി പറഞ്ഞു. കോപ കിരീടം ബ്രസീലിനായി നേരത്തേ നിശ്ചയിച്ചിട്ടുണ്ടെന്ന് താൻ കരുതുന്നുവെന്നും ഫൈനലിൽ ഇത് സംഭവിക്കില്ലെന്ന് പ്രത്യാശിക്കാമെന്നും
മെസി പറഞ്ഞു.

ചിലി ക്യാപ്റ്റൻ ഗാരി മെഡലും മെസ്സിയും തമ്മിലാണ് കളത്തിൽ പ്രശ്നമുണ്ടായത്. ഇതേതുടർന്ന് പരാഗ്വേക്കാരനായ റഫറി മെസ്സിക്കും മെഡലിനും ചുവപ്പ് കാർഡ് കാണിച്ചിരുന്നു. മെസ്സിയുടെ കരിയറിലെ രണ്ടാമത്തെ ചുവപ്പ് കാർഡാണ് ചിലിക്കെതിരെ ലഭിച്ചത്.
 

Loading...
COMMENTS