ചുനിദാ; മറഞ്ഞത് ഇന്ത്യൻ ഫുട്ബാളിലെ രത്നം
text_fieldsബംഗാളി ഭാഷയിൽ ‘ചുനി’ എന്നാൽ രത്നം എന്നാണ് അർഥം. ഇന്ത്യൻ ഫുട്ബാളിെൻറ സുവർണ കാലഘട്ടത്തിൽ പന്തുതട്ടിയ ശുഭ്മൽ ഗോസ്വാമി എന്ന ചുനി ഗോസ്വാമി രാജ്യത്തിെൻറ കാൽപന്ത് ചരിത്രത്തിലെ തിളക്കമേറിയ രത്നം തന്നെയായിരുന്നു.
1962ലെ ഏഷ്യൻ ഗെയിംസ് സ്വർണത്തിെൻറ പേരിലാണ് ചുനി ഗോസ്വാമി ഏറെ സ്മരിക്കപ്പെടുന്നത്. പിറകെ 1964ൽ ഏഷ്യൻ കപ്പിൽ റണ്ണേഴ്സപ്പാവുേമ്പാഴും അമരത്ത് ചുനി തന്നെ. ആറു മാസത്തിനുശേഷം മെർദേക കപ്പ് കിരീടം നഷ്ടമായത് നേരിയ വ്യത്യാസത്തിനാണ്.
ഇന്ത്യൻ ഫുട്ബാളിലെ സുവർണ തലമുറയായിരുന്നു ചുനിയുടെ കാലത്തെ ടീം. പീറ്റർ തങ്കരാജ്, ജെർണെയ്ൽ സിങ്, തുൾസീദാസ് ബലറാം, പി.കെ. ബാനർജി തുടങ്ങിയ സൂപ്പർ താരങ്ങളുടെ ടീം. ഇതിൽ ബാനർജിയും വിടവാങ്ങിയത് അടുത്തിടെയാണെന്നത് വിധിയുടെ ആകസ്മികത.
ഇന്ത്യക്കായി 50 മത്സരങ്ങളിൽ ഒമ്പതു ഗോളുകൾ നേടിയ ചുനി 14 വർഷംനീണ്ട കരിയറിൽ മോഹൻ ബഗാനു മാത്രമാണ് ബൂട്ടുകെട്ടിയത്. അപാരമായ ഡ്രിബ്ലിങ് മികവും ആകർഷകമായ കേളീശൈലിയുമുള്ള സ്ട്രൈക്കറായിരുന്നു ചുനി. പെനാൽറ്റി ബോക്സിെൻറ ഏതുഭാഗത്തുനിന്നും വോളികൾ തൊടുക്കാനുള്ള കെൽപുമുണ്ടായിരുന്നു. സഹതാരം ജെർണെയ്ൽ സിങ്ങിെൻറ വാക്കുകൾ തന്നെ ഉദാഹരണം, ‘ഞങ്ങളുടെ ടീം മികച്ച കളിക്കാരുടെ സംഘമായിരുന്നു. എന്നാൽ ചുനി വ്യത്യസ്തനായിരുന്നു. യഥാർഥ കാൽപന്തു കലാകാരനായിരുന്നു ചുനി’.
ഒരു ഫുട്ബാൾ താരം കഴിവിെൻറ പാരമ്യത്തിലേക്ക് നീങ്ങുന്ന 30ാം വയസ്സിൽ ബൂട്ടഴിച്ച് കളം മാറ്റിച്ചവിട്ടിയ താരമാണ് ചുനി. ഇഷ്ട കളിയായ ക്രിക്കറ്റിലേക്ക് മാറിയ ചുനി 1971-72 സീസണിൽ ബംഗാൾ രഞ്ജി ട്രോഫി ടീമിെൻറ നായകനായി. അത്തവണ ടീമിനെ ഫൈനലിലെത്തിക്കുകയും ചെയ്തു. ഗാരി സോബേഴ്സ് നയിച്ച വെസ്റ്റ് ഇൻഡീസിനെതിരെ കളിച്ച സോണൽ ടീമിനായി എട്ടു വിക്കറ്റ് വീഴ്ത്തി ശ്രദ്ധേയനാകുന്നത് 1967ലാണ്. കളിക്കിടെ 25 അടി പിറകോട്ടോടിയെടുത്ത ക്യാച്ച് സോബേഴ്സിെൻറ പോലും ശ്രദ്ധ പിടിച്ചുപറ്റി. കളി നിർത്തിയ ശേഷം ഫുട്ബാളിനെ കുറിച്ച് കോളം ചെയ്തും ടാറ്റ ഫുട്ബാൾ അക്കാദമിയുടെ ഡയറക്ടറായും രംഗത്തു സജീവമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
