എ.ടി.കെ തലപ്പത്ത്
text_fieldsചെന്നൈ: മുൻ ചാമ്പ്യന്മാർ നേരിട്ടേറ്റുമുട്ടിയ ഐ.എസ്.എൽ മത്സരത്തിൽ ചെന്നൈയിൻ എഫ്.സി യെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി എ.ടി.കെ. രണ്ടാം പകുതിയിൽ ഡേവിഡ് വില്യംസ് നേ ടിയ ഐ.എസ്.എല്ലിലെ ആയിരാമത്തെ ഗോൾ മികവിലാണ് കൊൽക്കത്തക്കാർ ജയത്തോടെ ഒന്നാം സ്ഥാനത്തെത്തിയത്.
ആദ്യ പകുതിയിൽ ഇരുടീമിനും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ അകന്നു നിന്നു. ലാലിൻസുവാല ചാങ്തെയുടെ നേതൃത്വത്തിൽ ചെന്നൈയിനും റോയ് കൃഷ്ണയുടെ നായകത്വത്തിൽ എ.ടി.കെയും ഇരുബോക്സുകളിലും കടന്നാക്രമണം നടത്തി. 48ാം മിനിറ്റിലായിരുന്നു ഐ.എസ്.എൽ ചരിത്രത്തിലെ നാഴികക്കല്ലായ ഗോൾ. ശേഷം ഒപ്പമെത്താനുള്ള സുവർണാവസരം ചെന്നൈയിെൻറ ആന്ദ്രേ ഷാംബ്രി നഷ്ടമാക്കി. 87ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്കും ചെന്നൈക്ക് മുതലെടുക്കാനായില്ല.
ഷോട്ടുകളുടെ എണ്ണത്തിൽ ചെന്നൈ (19) താരങ്ങൾ എ.ടി.കെയെക്കാൾ (ഒമ്പത്) മികച്ചുനിന്നെങ്കിലും ജയം സന്ദർശകർ കൈപ്പിടിയിലൊതുക്കി. ആറു ഗോൾ ശ്രമങ്ങളാണ് കൊൽക്കത്ത ഗോളി അരിന്ദം ഭട്ടാചാര്യ തടഞ്ഞത്. ആറു മത്സരങ്ങൾക്കുശേഷമാണ് എ.ടി.കെ എവേ ജയം സ്വന്തമാക്കുന്നത്. ഇതോടെ മൂന്നു മത്സരങ്ങളിൽനിന്ന് ആറു പോയൻറുമായി വംഗനാട്ടുകാർ പോയൻറ് പട്ടികയുടെ തലപ്പത്തെത്തി.