കാൽപന്തിൽ ചേലേമ്പ്രയുടെ കളിച്ചേല്
text_fieldsമലപ്പുറം: ഒരേസമയം ഡൽഹിയിലും കോയമ്പത്തൂരിലും പിറ്റേന്ന് മലപ്പുറത്തും കണ്ടവരുണ്ട്. മലപ്പുറം-കോഴിക്കോട് അതിർത്തിയിലെ ഈ ‘കുമ്പിടി’യെ നോക്കി അതിശയം കൊള്ളുകയാണ് ഫുട്ബാൾ പ്രേമികൾ. പേര് ചേലേമ്പ്ര നാരായണൻ നായർ മെമോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ടീം. കഴിഞ്ഞയാഴ്ച സുബ്രതോ കപ്പ് അന്താരാഷ്ട്ര സ്കൂൾ ടൂർണമെൻറിെൻറ സെമി ഫൈനലിലെത്തിയ രണ്ട് ഇന്ത്യൻ സംഘങ്ങളിലൊന്നായി ചരിത്രം കുറിച്ചവർ. കോയമ്പത്തൂരിൽ നെഹ്റു ട്രോഫി കിരീടം നേടിയതിന് പിന്നാലെ മലപ്പുറത്ത് സ്പോർട്സ് കൗൺസിലിെൻറ പ്രദർശന മത്സരത്തിനും ടീമിനെ ഇറക്കി ചേലേമ്പ്രക്കാർ. ഫുട്ബാൾ ഹോസ്റ്റൽ തുടങ്ങി നാലുവർഷം മാത്രം തികയവെ രാജ്യത്തെ മുൻനിര സ്കൂൾ ടീമുകളിലൊന്നാവാൻ ഇവർക്ക് കഴിഞ്ഞു.
2014ലെ അരങ്ങേറ്റത്തിൽ സുബ്രതോ കപ്പ് സംസ്ഥാന ചാമ്പ്യന്മാരായി ഡൽഹിയിലെത്തി അന്തർദേശീയ ടൂർണമെൻറിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മടങ്ങി. എൻ.എൻ.എം എച്ച്.എസ്.എസിലെ 15ഓളം താരങ്ങൾ അതേവർഷം ജില്ലയെയും സംസ്ഥാനത്തെയും പ്രതിനിധീകരിച്ചു. സ്കൂൾ ടീം തമിഴ്നാട് വിരുതാചലത്ത് നടന്ന ദേശീയ റൂറൽ ഫുട്ബാളിലടക്കം നിരവധി ടൂർണമെൻറുകളിൽ ചാമ്പ്യന്മാരായി. മാർ അത്തനേഷ്യസ് ദേശീയ ടൂർണമെൻറിൽ കഴിഞ്ഞവർഷത്തെ ജേതാക്കളായിരുന്നു. ഫാറൂഖ് ട്രോഫിയും തുടർച്ചയായി രണ്ടുതവണ നെഹ്റു ട്രോഫിയും നേടി. അണ്ടർ 18, 16 ഐ ലീഗ് മത്സരങ്ങളിൽ ഗോകുലം എഫ്.സിയായി കളിക്കുന്നതും ചേലേമ്പ്ര സ്കൂൾ ടീം തന്നെ.
അണ്ടർ 16 ഇന്ത്യൻ ജഴ്സിയിൽ തിളങ്ങിക്കൊണ്ടിരിക്കുന്ന ഷാബാസ് അഹമ്മദാണ് സ്കൂളിെൻറ പ്രധാന സംഭാവനകളിലൊന്ന്. ഇക്കഴിഞ്ഞ സന്തോഷ് ട്രോഫി ചാമ്പ്യന്മാരായ കേരള ടീമിൽ ചേലേമ്പ്ര ടീമിലൂടെ വളർന്ന പി.സി അനുരാഗുണ്ടായിരുന്നു. ഇറാനിൽ നടന്ന അണ്ടർ 17 സ്കൂൾ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ കെ. ജുനൈനും കെ. സുധീഷും ഇന്ത്യക്കുവേണ്ടി ബൂട്ടണിഞ്ഞു. സബ് ജൂനിയർ സംസ്ഥാന ചാമ്പ്യൻഷിപ്പിലെ ടോപ് സ്കോററും മലപ്പുറം ജില്ല ടീം ക്യാപ്റ്റനുമായ അനസ്, സംസ്ഥാന സീനിയർ ഫുട്ബാളിൽ തിളങ്ങി സന്തോഷ് ട്രോഫി ക്യാമ്പിലെത്തിയിരിക്കുന്ന അക്ബർ സിദ്ദീഖ്... ഇങ്ങനെ പോവുന്നു ചേലേമ്പ്ര മണ്ണിലിറക്കിയ താരനിര. സംസ്ഥാന, മേഖല സ്കൂൾ ഗെയിംസുകളിൽ ജില്ലയെ ജേതാക്കളാക്കുന്നതിൽ ഏറിയ പങ്കും ഇവർക്ക് അവകാശപ്പെട്ടതാണ്.
സുബ്രതോ കപ്പിൽ ഇത്തവണ അണ്ടർ 17 ടീം അഞ്ച് മത്സരങ്ങളിൽ 13 ഗോളടിച്ച് ഒന്നു പോലും വഴങ്ങാതെയാണ് സെമിയിലെത്തിയത്. അഫ്ഗാനിസ്താനിലെ ടീം അധികസമയത്തിെൻറ അവസാന മിനിറ്റിൽ അടിച്ച ഗോളിലായിരുന്നു തോൽവി. ഹോസ്റ്റലിൽ ഇപ്പോൾ അണ്ടർ 14, 15, 16, 17, 18 വിഭാഗങ്ങളിലുള്ള കുട്ടികൾ ഉണ്ട്. ഇത്തവണ മുതൽ ഓരോ വർഷവും സെലക്ഷൻ ട്രയൽസിലൂടെയാണ് കുട്ടികളെ െതരഞ്ഞെടുക്കുന്നത്. ഈ വർഷം പെൺകുട്ടികൾക്ക് വേണ്ടി ഫുട്ബാൾ ഹോസ്റ്റൽ തുടങ്ങി സുബ്രതോ കപ്പിൽ ജില്ല ചാമ്പ്യന്മാരായി. താരങ്ങൾക്ക് ഭക്ഷണവും താമസവും പരിശീലനവും സൗജന്യമാണ്. കെ. മൻസൂർ അലിയാണ് പ്രധാന പരിശീലകൻ.