സതാംപ്ടണിനെതിരെ ജയം; ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷയിൽ ആഴ്സനൽ
text_fieldsലണ്ടൻ: പ്രീമിയർ ലീഗ് സീസണിൽ 20ാം ഗോളുമായി ചിലിയൻ താരം അലക്സിസ് സാഞ്ചസ് നിറഞ്ഞു നിന്നപ്പോൾ സതാംപ്ടണിനെതിരെ ആഴ്സനലിന് ജയം. ആവേശം നിറഞ്ഞ മത്സരത്തിൽ രണ്ടാം പകുതിയിെല രണ്ടു ഗോളുകൾക്കാണ് ആഴ്സനൽ ജയിക്കുന്നത്. ഒലിവർ ജിറൂദാണ് ആഴ്സനലിെൻറ രണ്ടാം ഗോൾ നേടിയത്. ജയത്തോടെ ആദ്യ നാലിൽ സ്ഥാനമുറപ്പിക്കാനുള്ള ആഴ്സനലിെൻറ പ്രതീക്ഷക്ക് വീണ്ടും നേരിയ ജീവൻ െവച്ചു. 66 പോയൻറുമായി അഞ്ചാം സ്ഥാനത്താണ് ആഴ്സനൽ. ചെൽസി, ടോട്ടൻഹാം, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി ടീമുകളാണ് ആദ്യ നാലു സ്ഥാനത്തുള്ളത്.
നാലാം സ്ഥാനത്തുള്ള സിറ്റിയുമായി മൂന്ന് പോയൻറിെൻറ വ്യത്യാസമാണ് ഗണ്ണേഴ്സിന്. എവർട്ടൻ, സ്റ്റോക്ക്സിറ്റി, സണ്ടർലൻഡ് എന്നീ ടീമുകളോടാണ് ഇനി ആഴ്സനലിന് ഏറ്റുമുട്ടാനുള്ളത്. ലിവർപൂളിനോ സിറ്റിക്കോ ബാക്കിയുള്ള മത്സരങ്ങളിൽ അടിതെറ്റുകയും ഗണ്ണേഴ്സ് മൂന്നിലും വിജയിച്ച് മുന്നേറുകയും ചെയ്താൽ മാത്രമെ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാനാവൂ.
ആദ്യ പകുതിയിലെ ഗോൾരഹിത സമനിലക്കുശേഷമാണ് ആഴ്സനൽ സതാംപ്ടണിനെതിരെ തിരിച്ചുവരുന്നത്. സതാംപ്ടണിെൻറ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ പ്രതിരോധത്തിൽ പിടിച്ചുകെട്ടാനുള്ള തന്ത്രംപൊളിക്കുന്നത് സാഞ്ചസാണ്. ജർമൻ താരം മൊസ്യൂത് ഒാസിലിെൻറ പാസിൽനിന്ന് 60ാം മിനിറ്റിലാണ് സാഞ്ചസ് വലകുലുക്കുന്നത്. 83ാം മിനിറ്റിലായിരുന്നു ഒലിവർ ജിറൂദിെൻറ ഗോൾ. ആരോൺ റംസി നൽകിയ പാസിലാണ് ഫ്രഞ്ച് താരം ജിറൂദ് ഗോൾ നേടുന്നത്. തോൽവിയോടെ 42 പോയൻറുമായി 10ാം സ്ഥാനത്താണ് സതാംപ്ടൺ.
