ചാമ്പ്യൻസ് ലീഗ്: റയൽ x മാഞ്ചസ്റ്റർ സിറ്റി പ്രീക്വാർട്ടർ
text_fieldsന്യോൺ: യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന് തന്നെ ഫൈനലിെൻറ വീറും വാശിയും. 13 തവണ ചാമ്പ്യന്മാരായ റയൽ മഡ്രിഡും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയും തമ്മിലാണ് നോക്കൗട്ടിലെ ഏറ്റവും വാശിയേറിയ അങ്കം.
സിനദിൻ സിദാനും പെപ് ഗ്വാർഡിയോളയും തമ്മിലെ അങ്കമെന്ന നിലയിൽ ഈ മത്സരം ഏറെ ശ്രദ്ധേയമാവും. നിലവിലെ യൂറോപ്യൻ ജേതാക്കളായ ലിവർപൂളിന് സ്പാനിഷ് വമ്പന്മാരായ അത്ലറ്റികോ മഡ്രിഡാണ് വെല്ലുവിളി. ഫ്രഞ്ച് ക്ലബ് പി.എസ്.ജി ജർമനിയിലെ ബൊറൂസിയ ഡോർട്മുണ്ടിനെയും ജർമൻ ജേതാക്കളായ ബയേൺ മ്യൂണിക് ഇംഗ്ലണ്ടിൽ നിന്നുള്ള ലാംപാർഡിെൻറ ചെൽസിയെയും നേരിടും. ഹൊെസ മൗറീന്യോയുടെ ടോട്ടൻഹാമിന് ജർമൻ ടോപ്പേഴ്സായ ആർ.ബി ലീപ്സിഷാണ് എതിരാളി.
സ്പാനിഷ് കരുത്തർക്കെതിരെ ഇതുവരെ ജയിച്ചിട്ടില്ലെന്ന പേരുദോഷമുണ്ട് മാഞ്ചസ്റ്റർ സിറ്റിക്ക്. ഇതുവരെ നാലുതവണ ഏറ്റുമുട്ടിയപ്പോൾ രണ്ടു ജയം റയലിനായിരുന്നു. രണ്ടു കളി സമനിലയിലും പിരിഞ്ഞു. 2016 ചാമ്പ്യൻസ് ലീഗിനിടെയാണ് ഇരുവരും അവസാനമായി കളിച്ചത്.
ഗ്രൂപ് റൗണ്ടിൽ ഒന്നാം സ്ഥാനക്കാരായിരുന്നു സിറ്റി, പി.എസ്.ജി, ബയേൺ, യുവൻറസ്, ലിവർപൂൾ, ബാഴ്സലോണ ടീമുകൾ. റയൽ മഡ്രിഡും ടോട്ടൻഹാമും ചെൽസിയും രണ്ടാം സ്ഥാനക്കാരിലെ പ്രമുഖരായിരുന്നു. ഫെബ്രുവരി 19നാണ് പ്രീക്വാർട്ടറിലെ ആദ്യ പാദം. മാർച്ച് 11നാണ് രണ്ടാം പാദം.
