ചാമ്പ്യൻസ് ലീഗ് ലിസ്ബണിൽ തന്നെ; ഫൈനൽ ആഗസ്റ്റ് 23ന്
text_fieldsന്യോൺ: ചാമ്പ്യൻസ് ലീഗിലെ ശേഷിച്ച മത്സരങ്ങൾ 12 ദിവസം നീളുന്ന മിനി ടൂർണമെൻറായി ലിസ്ബണിൽ നടത്താൻ തീരുമാനം. ആഗസ്റ്റ് ഏഴിന് ആരംഭിക്കുന്ന ചാമ്പ്യൻഷിപ്പിൽ 23നാണ് ഫൈനൽ. ഏഴിനും എട്ടിനുമായി പ്രീക്വാർട്ടറിലെ രണ്ടാം പാദത്തിൽ ശേഷിക്കുന്ന നാല് മത്സരങ്ങൾ പൂർത്തിയാക്കും. പിന്നീട് ക്വാർട്ടർ, സെമി ഫൈനൽ എന്നിവ നടത്തും.
രണ്ടു പാദങ്ങൾക്കു പകരം ഒരു മത്സരം മാത്രമേ ഉണ്ടാവൂ. ലിസ്ബണിലെ രണ്ട് സ്റ്റേഡിയങ്ങളാണ് വേദി. ഇസ്തംബൂളിലായിരുന്നു നേരത്തേ ഫൈനൽ തീരുമാനിച്ചത്. എന്നാൽ, കോവിഡ് വ്യാപനം തിരിച്ചടിയായതോടെ ടീമുകളുടെ യാത്ര ഒഴിവാക്കി എല്ലാ മത്സരങ്ങളും ഒരു നഗരത്തിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. പി.എസ്.ജി, ലിപ്സിഷ്, അറ്റ്ലാൻ, അത്ലറ്റികോ ടീമുകൾ ഇതിനകം ക്വാർട്ടറിൽ കടന്നു. മാഞ്ചസ്റ്റർ സിറ്റി -റയൽ മഡ്രിഡ്, ബയേൺ -ചെൽസി, യുവൻറസ് -ലിയോൺ, ബാഴ്സലോണ -നാപോളി രണ്ടാം പാദ പ്രീക്വാർട്ടറുകളാണ് ബാക്കിയുള്ളത്.
