ചാമ്പ്യൻസ് ലീഗും യൂറോപ്പ ലീഗും ആഗസ്റ്റിൽ
text_fieldsലണ്ടൻ: കോവിഡ് 19 കാരണം നിർത്തിവെച്ച 2019-20 സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് മത്സരങ്ങൾ ആഗസ്റ്റ് മാസം നടക്കുമെന്ന് റിപ്പോർട്ട്. ജൂലൈ 31നുള്ളിൽ ആഭ്യന്തര മത്സരങ്ങൾ പൂർത്തീകരിച്ച ശേഷം യൂറോപ്യൻ മത്സരങ്ങൾ നടത്താനാണ് നിലവിലെ പദ്ധതി. വിവിധ രാജ്യങ്ങളിലായി നടക്കുന്ന ടൂർണമെൻറുകളായതിനാൽ യാത്രവിലക്കുകൾ നീങ്ങാൻ ആഗസ്റ്റ് എങ്കിലുമാകുമെന്നതിനാലാണ് ഇത്തരമൊരു നീക്കം.
ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ മത്സരങ്ങൾ നടത്താൻ ഇനിയും സാധ്യതയുണ്ടെന്ന് 55 അസോസിയേഷനുകളെയും യുവേഫ അറിയിച്ചു.യൂറോപ്പിലെ സ്ഥിതിഗതികളിൽ ഇനിയും സാധാരണ ഗതിയിലാകാത്തതിനെത്തുടർന്ന് സീസൺ മുഴുമിപ്പിക്കാനുള്ള എല്ലാ മാർഗവും യുവേഫ തേടുന്നുണ്ട്. ആഗസ്റ്റ് 11നും 22നുമിടയിൽ ക്വാർട്ടർ ഫൈനലും സെമിഫൈനലും രണ്ട് പാദങ്ങളിലായി നടത്താനാണ് രൂപരേഖ തയാറാക്കുന്നത്.
പ്രീമിയർ ലീഗിൽ ഇനി ഒമ്പത് റൗണ്ടും സ്പെയിനിലും ഇറ്റലിയിലും 11ഉം 12ഉം റൗണ്ടുകളും ബാക്കിനിൽക്കേ പുതിയ മത്സരക്രമ പ്രകാരം ടൂർണമെൻറുകൾ നടത്താനാകുമോ എന്ന് സംശയമുയരുന്നുണ്ട്.
