ആസ്ട്രേലിയൻ താരം ടിം കാഹിൽ ബൂട്ടഴിച്ചു
text_fields
സിഡ്നി: ആസ്ട്രേലിയക്കു വേണ്ടി നാലു ലോകകപ്പിൽ ബൂട്ടുകെട്ടുകയും മൂന്നു ലോകകപ്പുകളിൽ ഗോൾ നേടുകയും ചെയ്ത സൂപ്പർ താരം ടിം കാഹിൽ അന്താരാഷ്ട്ര ഫുട്ബാൾ മതിയാക്കി. ഒാസീസിെൻറ എക്കാലത്തെയും ടോപ് സ്കോററായ താരം ലോകകപ്പ് ഗ്രൂപ്തല അവസാന മത്സരത്തിൽ പെറുവിനെതിരെ പകരക്കാരനായി ബൂട്ടുകെട്ടിയിരുന്നു. 107 മത്സരങ്ങളിൽ രാജ്യത്തിനായി 50 ഗോളുകൾ സ്കോർ ചെയ്തിട്ടുണ്ട് 38കാരൻ.
നിലവിൽ ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷൻ ക്ലബായ മിൽവാൾ എഫ്.സിയുടെ താരമാണ് കാഹിൽ. രാജ്യാന്തര ഫുട്ബാളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും ക്ലബ് ഫുട്ബാളിൽനിന്ന് പിന്മാറാൻ സമയമായിട്ടില്ലെന്ന് കാഹിൽ പറഞ്ഞു. ‘‘ഒൗദ്യോഗികമായി സോക്കറൂസുമായി വിടപറയുകയാണ്. രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നതിനെക്കാൾ അഭിമാനകരമായി ഒന്നുമില്ല. ആസ്ട്രേലിയൻ ജഴ്സിയണിഞ്ഞ് കളിക്കുേമ്പാൾ പിന്തുണയുമായെത്തിയ ആരാധകർക്കെല്ലാം നന്ദി. ദേശീയ ടീമിനായി കഴിവിെൻറ പരമാവധി പ്രകടനം പുറത്തെടുത്തിട്ടുണ്ട്’’ -കാഹിൽ പറഞ്ഞു.
സിഡ്നിയിലായിരുന്നു ജനനമെങ്കിലും ചെറുപ്പകാലത്ത് ദ്വീപരാജ്യമായ സമോവയിലായിരുന്നു താരം വളർന്നത്. 14ാം വയസ്സിൽ സമോവയുടെ അണ്ടർ 20 ടീമിൽ ഇടംപിടിച്ചതോടെയാണ് കാഹിലിെൻറ കളിമികവ് ഫുട്ബാൾ ലോകം അറിയുന്നത്. 2004ൽ ഒാസീസിനായി അരങ്ങേറ്റം കുറിച്ച കാഹിൽ പിന്നീട് രാജ്യത്തിെൻറ ഇതിഹാസ താരമാവുകയായിരുന്നു. ആസ്ട്രേലിയക്കായി ലോകകപ്പിലും (2006) ഏഷ്യ കപ്പിലും (2007) ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോഡും കാഹിലിനാണ്.