ബ്രസീലിന് തോൽവി; അർജൻറീനക്ക് ജയം
text_fieldsലോസ് ആഞ്ജലസ്: അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ അർജൻറീന മെക്സികോയെ 4-0ത്തിന് തകർത്തപ്പോൾ കോപ അമേരിക്ക ജേതാക്കളായ ബ്രസീലിനെ പെറു ഏകപക്ഷീയമായ ഒരുഗോളിന് വ ീഴ്ത്തി.
17 അന്താരാഷ്ട്ര മത്സരങ്ങളിൽ തോൽവിയറിയാതെയുള്ള ബ്രസീലിെൻറ കുതിപ്പി നാണ് അന്ത്യമായത്. കോപ ഫൈനലിലേറ്റ 3-1െൻറ തോൽവിക്കുള്ള മധുര പ്രതികാരമായി പെറുവിന് ഇൗ വിജയം. 85ാം മിനിറ്റിൽ യോഷിമാർ യോടുണിെൻറ ഫ്രീകിക്ക് ഗോളാക്കി മാറ്റിയ ലൂയിസ് അബ്രാമാണ് പെറുവിെൻറ വിജയം സമ്മാനിച്ചത്.
കൊളംബിയക്കെതിരായ മത്സരത്തിൽ പരിക്കുമാറി കളത്തിൽ തിരിച്ചെത്തി ഗോളും അസിസ്റ്റുമായി തിളങ്ങിയ നെയ്മറെ ബ്രസീൽ കോച്ച് ടിറ്റെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയില്ല. 63ാം മിനിറ്റിൽ റോബർേട്ടാ ഫിർമിന്യോയുടെ പകരക്കാരനായി ഇറങ്ങിയെങ്കിലും പെറു താരങ്ങളുടെ കത്രികപ്പൂട്ടിൽ കുരുങ്ങിപ്പോയി.
ലൗതാറോ മാർടിനസിെൻറ ഹാട്രിക് മികവിലാണ് അർജൻറീനയുടെ വമ്പൻ ജയം. 17, 22, 39 മിനിറ്റുകളിലായായിരുന്നു ഇൻറർ മിലാൻ സ്ട്രൈക്കറുടെ ഗോളുകൾ. ചൊവ്വാഴ്ച നടന്ന മത്സരത്തിലൂടെ താരപദവിയിലേക്കുയർന്ന 22കാരൻ 13 മത്സരങ്ങളിൽനിന്ന് തെൻറ ഗോൾ സമ്പാദ്യം ഒമ്പതാക്കി ഉയർത്തി. ഒരു ഗോൾ പി.എസ്.ജി മിഡ്ഫീൽഡർ ലിയാൻഡ്രോ പരേഡസിെൻറ (33) വകയായിരുന്നു.
പ്രമുഖ താരങ്ങളായ ലയണൽ മെസ്സി, സെർജിയോ അഗ്യൂറോ, എയ്ഞ്ചൽ ഡിമരിയ എന്നിവരുടെ അസാന്നിധ്യത്തിലായിരുന്നു ലയണൽ സ്കളോനിയുടെ ടീമിെൻറ ഉജ്ജ്വല വിജയം.