നെയ്മർ, ഫിർമിനോ തിളങ്ങി; അമേരിക്കയെ തകർത്ത് ബ്രസീൽ- വിഡിയോ
text_fieldsന്യൂ ജഴ്സി: സൂപ്പർ താരം നെയ്മറും റോബർട്ടോ ഫിർമിനിയോയും ഗോളുകളുമായി തിളങ്ങിയപ്പോൾ അമേരിക്കൻ മണ്ണിൽ ബ്രസീലിന് വിജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മഞ്ഞപ്പട അമേരിക്കക്കെതിരെ വിജയിച്ചത്. 11ാം മിനിറ്റിൽ ഫിർമിനിയോയും 43ാം മിനിറ്റിൽ പെനാൽട്ടിയിലൂടെ നെയ്മറും ബ്രസീലിനായി ലക്ഷ്യം കണ്ടു.
ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ നിന്ന് പുറത്തായ ശേഷം ബ്രസീലിൻറെ ആദ്യ അന്താരാഷ്ട്ര മത്സരമായിരുന്നു ഇത്. കളിയിൽ മുഴുവൻ നിയന്ത്രണവും മഞ്ഞപ്പടക്കായിരുന്നു. ന്യൂജഴ്സിയിലെ ഈസ്റ്റ് റുതർഫോർഡിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. അമേരിക്കക്കെതിരെ തുടർച്ചയായി 11 വിജയങ്ങൾ എന്ന റെക്കോർഡും വിജയത്തോടെ ബ്രസീൽ സ്വന്തമാക്കി.
ബ്രസീലിനായി നേടിയ ഗോളുകളുടെ എണ്ണത്തിൽ റൊണാൾഡോയെ മറികടക്കാൻ നെയ്മറിന് അഞ്ചു ഗോളുകൾ ഇനി മതി. റൊണാൾഡോ മഞ്ഞപ്പടക്കായി 62 ഗോളുകൾ നേടിയിട്ടുണ്ട്. 77 ഗോളുകളുമായി പെലെയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
