ഇന്ന് കിരീടമണിയാൻ ബാഴ്സലോണ
text_fieldsമഡ്രിഡ്: സർവം ഇനിയേസ്റ്റയായി മാറിയിരിക്കയാണ് ബാഴ്സലോണ. 22 വർഷം കാറ്റലോണിയക്കാരുടെ നെടുന്തൂണായി നിലയുറപ്പിച്ച താരം വിടപറയുന്നതിെൻറ വേദന ഡ്രസിങ്റൂമിലും പരിശീലന മൈതാനത്തും തളംകെട്ടിനിൽക്കുന്നു.
ലാ ലിഗയിൽ ഒരു പോയൻറ് വ്യത്യാസത്തിൽ കിരീടം കാത്തിരിക്കുന്ന ബാഴ്സ ഇന്ന് ഡിപോർടീവോ കൊറൂണക്കെതിരെ ഇറങ്ങുേമ്പാഴും ഇനിയേസ്റ്റക്കുവേണ്ടിയാണ് പടയൊരുക്കം. ലീഗ് സമാപിക്കാൻ മത്സരങ്ങൾ ബാക്കിയുണ്ടെങ്കിലും ഫൈനൽ ലാപ്പിലെ ഉദ്വേഗങ്ങളിലേക്ക് കളിയെത്തിക്കരുതെന്ന തീരുമാനത്തിലാണ് മെസ്സിപ്പട. കൊറൂണയെ സമനില പിടിച്ചാൽ നാലു കളി ബാക്കിനിൽക്കെ ബാഴ്സ ലാ ലിഗ കിരീടമണിയും. 30ാം കിങ്സ് കപ്പ് നേട്ടത്തിനു പിന്നാലെ ലാ ലിഗയിലെ 25ാം കിരീടം. ഞായറാഴ്ച അർധരാത്രിയിലാണ് മത്സരം.
