ഫൈനൽ പോരാട്ടത്തിൽ ബാഴ്സലോണയെ വലൻസിയ 2-1ന് തോൽപിച്ചു
text_fieldsസെവിയ്യ: ചാമ്പ്യൻസ് ലീഗ് തോൽവി മറക്കാൻ ബാഴ്സലോണയുടെ മുന്നിലുണ്ടായിരുന്ന ഏക ആ ശ്വാസം കിങ്സ് കപ്പ് കിരീടമായിരുന്നു. പക്ഷേ, കൂനിന്മേൽ കുരുപോലെ കറ്റാലന്മാർക്ക് മറ്റൊരു പ്രഹരംകൂടി. ആശിച്ചിരുന്ന കിങ്സ് കപ്പിൽ ബാഴ്സലോണയെ വലൻസിയ അട്ടിമറി ച്ചു. ഇതോടെ സീസണിൽ ട്രിപ്ൾ കിരീടം ആശിച്ച മെസ്സിക്കും സംഘത്തിനും ഒടുവിൽ ലാ ലിഗ പട്ടം മാത്രം. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ദുർബലരായ വലൻസിയ 2-1നാണ് മെസ്സിയെയും സംഘത് തെയും തോൽപിച്ചത്. സൂപ്പർ താരം ലയണൽ മെസ്സിയുടെ കരിയറിൽ ഇതോടെ മറ്റൊരു ഫൈനൽ ദുരന്തംകൂടിയായി.
സുവാരസും ഡെംബലെയുമില്ലാതെ ഇറങ്ങിയ ബാഴ്സ നിരയിൽ സൂപ്പർ താരം ലയണൽ മെസ്സിക്കായിരുന്നു ആക്രമണ ചുമതല. 4-1-4-1 ശൈലിയിലിറങ്ങിയ ബാഴ്സക്ക് പേക്ഷ, പ്രതിരോധിക്കാൻ കച്ചകെട്ടിയിറങ്ങിയ വലൻസിയയെ വെട്ടിമാറ്റാനായില്ല. പന്തിൽ ആധിപത്യം പുലർത്തി കളിക്കുന്ന ബാഴ്സക്കെതിരെ വലൻസിയ കോച്ച് മാഴ്സലീന്യോ കൃത്യമായ ഗെയിംപ്ലാനുണ്ടാക്കി. പിൻവലിഞ്ഞുനിന്ന് ബാഴ്സ പ്രതിരോധത്തിെൻറ പോരായ്മ മനസ്സിലാക്കി കൗണ്ടർ അറ്റാക്ക് നടത്തുക. കോച്ചിെൻറ നിർദേശം താരങ്ങൾ മൈതാനത്ത് അക്ഷരംപ്രതി നടപ്പാക്കിയതോടെ വലൻസിയക്ക് ലഭിച്ചത് നിർണായക കിരീടമാണ്.
21ാം മിനിറ്റിലാണ് കൗണ്ടർ അറ്റാക്കിൽ വലൻസിയ ആദ്യ വെടിപൊട്ടിക്കുന്നത്. പ്രതിരോധതാരം ഗബ്രിയേൽ പൗളിസ്റ്റയുടെ ദീർഘദൃഷ്ടിയായാണ് ഗോളിന് വഴിയൊരുക്കി. മുന്നോട്ട് കയറിനിന്ന ബാഴ്സ താരങ്ങൾക്കു മുകളിലൂടെ പൗളിസ്റ്റ നീട്ടിനൽകിയ പാസ് ജോസ് ലൂയിസ് ഗായ പിടിച്ചെടുത്ത് കെവിൻ ഗെമീറോക്ക് നൽകി. പിന്നാലെയെത്തിയ ജോർഡി ആൽബയെ വെട്ടിമാറ്റി ഗെമീറോയുടെ ബുള്ളറ്റ് ഷോട്ട് വലതുളഞ്ഞു.
33ാം മിനിറ്റിൽ രണ്ടാം ഗോളും വലൻസിയ നേടി. ഇത്തവണയും അതിവേഗ കൗണ്ടിൽതന്നെ. ജോർഡി ആൽബയുടെ വിങ്ങിലൂടെ തന്നെയായിരുന്നു നീക്കം. കാർലോസ് സോളറിനൊപ്പം ഒാടിനോക്കിയെങ്കിലും ജോർഡി ആൽബക്ക് പിഴച്ചു. സോളറുടെ േക്രാസിന് തലവെച്ച് റോഡ്രിഗോയുടെ ഗോൾ.
പിന്നീടുള്ള കളി വലൻസിയക്ക് നന്നായി അറിയാമായിരുന്നു. പ്രതിരോധ കോട്ടകെട്ടി കറ്റാലൻ മുന്നേറ്റങ്ങളെല്ലാം മുളയിലേ നുള്ളി. രണ്ടാം പകുതിയിൽ സൂപ്പർ താരം ലയണൽ മെസ്സി (73) ഒരു ഗോൾ നേടിയെങ്കിലും തിരിച്ചുവരാൻ അതു മതിയായില്ല.