You are here
ഫിഫ ബാലൺ ഡി ഓർ പുരസ്കാര പ്രഖ്യാപനം ഇന്ന്
പാരിസ്: കാൽപന്തിെൻറ നക്ഷത്രങ്ങൾക്ക് ഇന്ന് കിരീടരാവ്. ഫുട്ബാളിലെ ഏറ്റവും മികച്ച പ്രഫഷനലുകളെ ഇന്ന് പാരിസിലെ ബാലൺ ഡി ഓർ പുരസ്കാരം ചടങ്ങിൽ അറിയാം. അഞ്ചുവട്ടം മുത്തമിട്ട് രണ്ടാം ഹാട്രിക് പൂർത്തിയാക്കാനൊരുങ്ങി ലയണൽ മെസ്സിയും കന്നി ജേതാവാകാൻ ലിവർപൂൾ താരം വാൻ ഡൈകും പുരുഷ വിഭാഗത്തിലും യു.എസിെൻറ മെഗൻ റാപിനോ വനിത വിഭാഗത്തിലുമാണ് മുൻനിരയിലുള്ളത്. ഒന്നുമല്ലാതെയെത്തി ലോക കിരീടത്തിനരികെ ക്രൊയേഷ്യയെ എത്തിച്ച് കഴിഞ്ഞ തവണ ബാലൺ ഡി ഓറുമായി മടങ്ങിയ ലൂക മോഡ്രിച്ചിെൻറ പിൻഗാമിയെ ചൊല്ലിയാണ് ഇത്തവണ വിവാദങ്ങളേറെയും. തുടർച്ചയായ 10 വർഷം പുരസ്കാരം പങ്കിട്ട മെസ്സി- ക്രിസ്റ്റ്യാനോ ദ്വയത്തിൽനിന്ന് ആദ്യമായി ബാലൺ ഡി ഓർ വഴിമാറിയെങ്കിലും വീണ്ടും അവരിലൊരാളിലേക്ക് തിരിച്ചെത്തുമെന്നാണ് അണിയറ സംസാരം. ഇരുവരും അഞ്ചു തവണ വീതം ജേതാക്കളായവരാണ്. പട്ടികയിൽ ഇത്തവണ മെസ്സിക്കൊപ്പം കടുത്ത പോരാട്ടം കാഴ്ചവെച്ച് വാൻ ഡൈകുമുണ്ട്.
ലോകം മുഴുക്കെ 180 മാധ്യമ പ്രവർത്തകർക്ക് വോട്ടവകാശമുള്ള പുരസ്കാരത്തിന് അവകാശം തേടി 30 പേരാണ് രംഗത്തുള്ളത്. കഴിഞ്ഞ തവണ ബാഴ്സലോണയെ ലാ ലിഗ ചാമ്പ്യൻമാരാക്കുകയും 36 പോയൻറുമായി മികച്ച സ്കോറർ ആകുകയും ചെയ്ത മെസ്സിയെ സമാന നേട്ടങ്ങൾകൊണ്ട് വെല്ലാനാകില്ലെങ്കിലും ലിവർപൂളിനൊപ്പം വാൻ ഡൈകിെൻറ മികവ് ചോദ്യം ചെയ്യപ്പെടാത്തതാണ്. എന്നാൽ, സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ദൃശ്യം പറയുന്നത് മെസ്സിയെ നേരത്തേ തെരഞ്ഞെടുത്തു കഴിഞ്ഞുവെന്നാണ്. ഫിഫയുടെ മികച്ച ഫുട്ബാളറായി അടുത്തിടെ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വിജയിച്ചാൽ 2015നു ശേഷം ആദ്യമായാകും അദ്ദേഹം ബാലൺ ഡി ഓർ നേടുന്നത്.
വനിത വിഭാഗത്തിൽ യു.എസിനെ ലോക കിരീടത്തിൽ ഒരിക്കൽക്കൂടി മുത്തമിടാൻ സഹായിച്ച മെഗൻ റാപിനോതന്നെയാണ് എതിരാളികളെക്കാൾ ബഹുദൂരം മുന്നിൽ. നോർവേയുടെ അഡ ഹെഗർബെർഗായിരുന്നു കഴിഞ്ഞ വർഷത്തെ ജേതാവ്. അവർ ഇത്തവണ ലോകകപ്പ് കളിക്കാത്തതിനാൽ മത്സര രംഗത്തില്ല. വനിതകളിൽ ലൂസി ബ്രോൺസ്, നെതർലൻഡ്സ് സ്ട്രൈക്കർ വിവ്യൻ മിയഡേമ, ആസ്ട്രേലിയയുടെ സാം കെർ ബാതുടങ്ങിയവരുമുണ്ട്.