ഏഷ്യൻ കപ്പ് ഫുട്ബോൾ: ഇന്ത്യ ഗ്രൂപ് എയിൽ
text_fieldsന്യൂഡൽഹി: അടുത്തവര്‍ഷം യു.എ.ഇയിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാളില്‍ ഇന്ത്യ ആതിഥേയരായ യു.എ.ഇ, ബഹ്റൈൻ, തായ്ലന്ഡ് എന്നിവരടങ്ങിയ ഗ്രൂപ് എയില്‍ മത്സരിക്കും. ദുബൈ ബുര്‍ജ് ഖലീഫയിലെ അര്‍മാനി ഹോട്ടലിലാണ് ഗ്രൂപ് നറുക്കെടുപ്പ് നടന്നത്. ക്യാപ്റ്റൻ സുനിൽ ഛേത്രി, കോച്ച് സ്റ്റീഫൻ കോൺസ്റ്റെെൻറൻ, മാനേജർ ഷൺമുഖം വെങ്കിടേഷ് എന്നിവരാണ് ചടങ്ങിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തത്.
ഏഷ്യൻ വൻകരയിലെ 24 മുൻനിര ടീമുകളെ നാല് ടീമുകളടങ്ങിയ ആറ് ഗ്രൂപ്പായി തിരിച്ചാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരും ഏറ്റവും മികച്ച നാല് മൂന്നാം സ്ഥാനക്കാരും നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടും. നിലവിലെ ചാമ്പ്യന്മാരായ ആസ്ട്രേലിയ ഗ്രൂപ് ബിയിലാണ്. 2019 ജനുവരി അഞ്ചുമുതല്‍ ഫെബ്രുവരി ഒന്നുവരെ അബൂദബി, ദുബൈ, ഷാർജ, അൽ െഎൻ എന്നീ നഗരങ്ങളിലെ എട്ട് സ്റ്റേഡിയങ്ങളിലായാണ് ഏഷ്യൻ കപ്പ് നടക്കുന്നത്.
യു.എ.ഇ (81) മാത്രമാണ് ലോക റാങ്കിങ്ങിൽ ഇന്ത്യക്ക് മുന്നിൽ നിൽക്കുന്ന ടീം. ബഹ്റൈൻ 116ാം സ്ഥാനത്തും തായ്ലൻഡ് 122ലുമാണ്. 2011ൽ ദോഹയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ദക്ഷിണ കൊറിയ, ആസ്ട്രേലിയ, ബഹ്റൈൻ എന്നിവരടങ്ങിയ ഗ്രൂപ്പിൽ അണിനിരന്ന ഇന്ത്യ ഒന്നാം റൗണ്ടിൽതന്നെ പുറത്തായിരുന്നു. നാലാം തവണയാണ് ഇന്ത്യ ചാമ്പ്യൻഷിപ്പിനെത്തുന്നത്. 1964ൽ ഇസ്രായേലിൽ റണ്ണേഴ്സ് അപ് ആയതാണ് മികച്ച പ്രകടനം. ഗ്രൂപിൽനിന്ന് ഇന്ത്യക്ക് നോക്കൗട്ടിലേക്ക് കടക്കാൻ കഴിയുമെന്ന് ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റൈൻറൻ പറഞ്ഞു. ‘‘ഗ്രൂപ് എളുപ്പമല്ല. പക്ഷേ, തങ്ങളുടെ ദിനത്തിൽ ഇന്ത്യക്ക് പരാജയപ്പെടുത്താൻ സാധിക്കുന്ന എതിരാളികളെയാണ് ലഭിച്ചിരിക്കുന്നത്. മറ്റ് മൂന്നു ടീമുകളെയും കീഴ്പ്പെടുത്താനുള്ള കഴിവ് ഇന്ത്യക്കുണ്ട്’’ -അദ്ദേഹം പറഞ്ഞു. മികച്ച പ്രകടനം പുറത്തെടുക്കാൻ ടീം ശ്രമിക്കുമെന്ന് ക്യാപ്റ്റൻ സുനിൽ ഛേത്രി അഭിപ്രായപ്പെട്ടു.