Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅര്‍ജന്‍റീനക്ക് ...

അര്‍ജന്‍റീനക്ക് തിരിച്ചുവരവ്; ബ്രസീലിന് തുടര്‍വിജയം

text_fields
bookmark_border
അര്‍ജന്‍റീനക്ക്  തിരിച്ചുവരവ്; ബ്രസീലിന്  തുടര്‍വിജയം
cancel

സാന്‍ യുവാന്‍ (അര്‍ജന്‍റീന): തെക്കനമേരിക്കന്‍ മേഖലയിലെ ലോകകപ്പ് യോഗ്യതാമത്സരങ്ങളിലെ  തുടരന്‍ തോല്‍വികള്‍ അവസാനിപ്പിച്ച് അര്‍ജന്‍റീനയുടെ ഗംഭീര തിരിച്ചുവരവ്. ഒമ്പതാം മിനിറ്റില്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ തകര്‍പ്പന്‍ ഫ്രീകിക്ക് ഗോളടക്കം 3-0ത്തിന് കൊളംബിയയെ കീഴടക്കിയ അര്‍ജന്‍റീന പോയന്‍റ് നിലയില്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. ലൂക്കാസ് പ്രോറ്റോയും  (22ാം മിനിറ്റ്) ഏയ്ഞ്ചല്‍ ഡി മരിയയും (83) നേടിയ ഗോളുകള്‍ക്കു പിന്നിലും മെസ്സിയുടെ പാദസ്പര്‍ശമുണ്ടായിരുന്നു.

വിജയത്തുടര്‍ച്ചയുമായി കുതിക്കുന്ന ബ്രസീല്‍ പെറുവിനെ അവരുടെ നാട്ടില്‍ 2-0ത്തിന് തറപറ്റിച്ചു. ഗബ്രിയേല്‍ ജീസസും (58ാം മിനിറ്റ്) റെനറ്റോ അഗസ്റ്റോയുമാണ് (78) മഞ്ഞപ്പടയുടെ ഗോള്‍ സ്കോറര്‍മാര്‍. മറ്റു മത്സരങ്ങളില്‍ ബൊളീവിയ 1-0ത്തിന് പരഗ്വേയെയും ചിലി 3-1ന് ഉറുഗ്വായിയെയും എക്വഡോര്‍ 3-0ത്തിന് വെനിസ്വേലയെയും തോല്‍പിച്ചു.

ആറു മത്സരങ്ങള്‍ ശേഷിക്കെ 27 പോയന്‍റുമായി ബ്രസീല്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഉറുഗ്വായ് 23, എക്വഡോര്‍ 20, ചിലി 20, അര്‍ജന്‍റീന 19 എന്നിങ്ങനെയാണ് പോയന്‍റ് നില. ആദ്യ നാലു സ്ഥാനക്കാരാണ് റഷ്യയില്‍ നടക്കുന്ന ലോകകപ്പിന് യോഗ്യത നേടുക. അഞ്ചാം സ്ഥാനക്കാര്‍ പ്ളേഓഫ് കളിച്ച് ജയിക്കണം.

മെസ്സിമയം, പത്രക്കാരോട് കലിപ്പ്

തുടര്‍ച്ചയായി നാലു കളികളില്‍ ജയിക്കാനാകാതെ കുഴഞ്ഞ അര്‍ജന്‍റീനക്ക് സ്വന്തം നാട്ടില്‍ വിജയത്തില്‍ കുറഞ്ഞൊന്നും മതിയാകുമായിരുന്നില്ല. ബ്രസീലിനോട് തോറ്റ ടീമിലെ പാബ്ളോ സബലേറ്റ, എന്‍സോ പെരസ്, ഗോണ്‍സാലേ ഹിഗ്വെ്ന്‍ എന്നിവരെ കോച്ച് എഡ്ഗാഡോ ബൗസ പുറത്തിരുത്തി. ഗബ്രിയേല്‍ മെര്‍കാഡോ, എവര്‍ ബനേഗ, പ്രാറ്റോ എന്നീ താരങ്ങള്‍ ആദ്യ ഇലവനില്‍ ഇടംനേടി. തിരിച്ചുവന്ന റഡാമെല്‍ ഫല്‍ക്കാവോ കൊളംബിയ നിരയിലുണ്ടായിരുന്നെങ്കിലും രണ്ടു ഗോളവസരങ്ങള്‍ ലഭിച്ചത് താരം പാഴാക്കി. ആറാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ മെസ്സി എത്തിച്ച പന്തില്‍  മാഞ്ചസ്റ്റര്‍ സിറ്റി താരം നിക്കളസ് ഒട്ടമന്‍ഡി ഡൈവിങ്ങിലൂടെ തലവെച്ചത് നേരിയ വ്യത്യാസത്തില്‍ ബാറിന് മുകളിലേക്ക് പോയത് ആതിഥേയരുടെ ആക്രമണത്തിന്‍െറ തുടക്കം മാത്രമായിരുന്നു. പിന്നീടായിരുന്നു മെസ്സിയുടെ അതിമനോഹരമായ ഫ്രീകിക്ക് ഗോള്‍ പിറന്നത്.

30 വാര അകലെനിന്ന് ഇടങ്കാലില്‍നിന്ന് പറന്ന പന്ത് എതിര്‍പ്രതിരോധത്തിന് മുകളിലൂടെ വളഞ്ഞ് കൊളംബിയന്‍ ഗോള്‍വലയുടെ ഇടതു മൂലയില്‍ പതിച്ചപ്പോള്‍ ഗോളി ഡേവിഡ് ഒസ്പിനയുടെ തടയല്‍ ശ്രമം വിഫലമായി. 116ാം അന്താരാഷ്ട്ര മത്സരത്തില്‍ മെസ്സിയുടെ 57ാം ഗോളായിരുന്നു അത്.
19ാം മിനിറ്റില്‍ കൊളംബിയയുടെ ഹാമിഷ് റോഡ്രിഗ്വസിന്‍റ ഫ്രീകിക്ക് ഫല്‍ക്കോവ ഗോളാക്കാതിരുന്നത് അര്‍ജന്‍റീനയുടെ ഭാഗ്യം. 22ാം മിനിറ്റില്‍ മെസ്സി ചിപ്പ് ചെയ്തുകൊടുത്ത പന്താണ് പ്രാറ്റോ ഹെഡറിലൂടെ വലയിലാക്കിയത്. ഹിഗ്വെ്ന് പകരം ആദ്യ ഇലവനില്‍ ഇറക്കിയതിന് കോച്ചിനുള്ള ഉപകാരസ്മരണയായിരുന്നു പ്രാറ്റോയുടെ ആ ഗോള്‍. ഏഴു മിനിറ്റ് ശേഷിക്കെ, മെസ്സിയുടെ കാല്‍സഹായം ഡി മരിയക്കും കിട്ടി. അര്‍ജന്‍റീനയുടെ മൂന്നാം ഗോള്‍.

മത്സരശേഷമുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു മെസ്സിയുടെ മറ്റൊരു ‘മികച്ച’ പ്രകടനം. മാധ്യമപ്രവര്‍ത്തകരുമായി ഒന്നും സംസാരിക്കേണ്ടതില്ളെന്നാണ് ടീമിന്‍െറ തീരുമാനമെന്ന് മെസ്സി അറിയിക്കുകയായിരുന്നു. സഹതാരം എസിക്വല്‍ ലാവേസി ലഹരി പുകയ്ക്കുന്നു എന്ന പേരില്‍ ഒരു റേഡിയോ ജേണലിസ്റ്റ് വാര്‍ത്ത കൊടുക്കുകയും ട്വിറ്ററില്‍ പടം പോസ്റ്റ് ചെയ്തതുമാണ് മെസ്സിയെ പ്രകോപിപ്പിച്ചത്. കളി ജയിച്ചാലോ തോറ്റാലോ ഒരാളുടെ പ്രകടനം മോശമായാലേ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിമര്‍ശിക്കാം. എന്നാല്‍, വ്യക്തിപരമായി കാര്യങ്ങളെ സമീപിക്കരുതെന്നും മെസ്സി പറഞ്ഞു. ബ്രസീലിനോട് കഴിഞ്ഞ കളിയില്‍ തോറ്റശേഷം മാധ്യമങ്ങള്‍ നിര്‍ത്തിപ്പൊരിച്ചതിന്‍െറ കലിപ്പും സൂപ്പര്‍താരത്തിന്‍െറ വാക്കുകളില്‍ പ്രകടമായിരുന്നു.

കളിച്ചാടി മഞ്ഞപ്പട

ലോകകപ്പ് യോഗ്യതാറൗണ്ടില്‍ തുടര്‍ച്ചയായി ആറാം ജയമെന്ന നേട്ടം 46 വര്‍ഷത്തിനുശേഷമാണ് ബ്രസീല്‍ സ്വന്തമാക്കുന്നത്. 1970ല്‍ പെലെയും കാര്‍ലോസ് ആല്‍ബര്‍ട്ടോയുമടങ്ങുന്ന ടീമായിരുന്നു അത്. ഗബ്രിയേല്‍ ജീസസാണ് ബ്രസീലിന്‍െറ രക്ഷകനായത്. ഒരു ഗോളടിച്ച ജീസസ് മറ്റൊന്നിന് വഴിയുമൊരുക്കി. ഡാനി ആല്‍വേസ് നൂറാം മത്സരത്തിനിറങ്ങി. ഒന്നാം പകുതിയില്‍ ഫെര്‍ണാണ്ടീന്യോയും നെയ്മറും ഗോളവസരങ്ങള്‍ പാഴാക്കി. ഏഴാം മിനിറ്റില്‍ പെറുവിന്‍െറ കാരില്ളോയുടെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചു.

58ാം മിനിറ്റില്‍ കുട്ടീന്യോ മുന്നേറുന്നതിനിടെ നിയന്ത്രണം നഷ്ടമായെങ്കിലും പെറു പ്രതിരോധത്തിന്‍െറ വീഴ്ച മുതലെടുത്ത് ജീസസ് ഗോളടിക്കുകയായിരുന്നു. 78ാം മിനിറ്റില്‍ അഗസ്റ്റോക്ക് ഗോളടിക്കാന്‍ ജീസസ് സഹായിയുമായി. അന്ത്യനിമിഷത്തില്‍ പൊളീന്യോയുടെ ക്ളോസ്റേഞ്ച് ഷോട്ട് ഗോളാക്കിയിരുന്നെങ്കില്‍ ബ്രസീന് 3-0ത്തിന് ജയിക്കാമായിരുന്നു.

ചിലിക്കെതിരെ എഡിസണ്‍ കവാനിയുടെ ഗോളില്‍ 17ാം മിനിറ്റില്‍ ഉറുഗ്വായ് മുന്നിലത്തെിയെങ്കിലും ആതിഥേയര്‍ ശക്തമായി തിരിച്ചുവന്നു.  അലക്സി സാഞ്ചസിന്‍െറ ഇരട്ട ഗോളുകളും (60, 76)  ആദ്യപകുതിയുടെ ഇഞ്ച്വറി സമയത്ത് എഡ്വേഡോ വര്‍ഗാസിന്‍െറ ഗോളുമാണ് ചിലിക്ക് വിജയം സമ്മാനിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:argentina brasil
News Summary - argentina brasil
Next Story