കോപ അമേരിക്ക; പരഗ്വെക്കെതിരെ അർജന്റീനക്ക് സമനില
text_fieldsബെലോ ഹൊറിസോണ്ടെ: കാൽനൂറ്റാണ്ടിെൻറ ഇടവേളക്കുശേഷം കോപ അമേരിക്ക കിരീടം തേടുന്ന അ ർജൻറീനക്ക് തുടർച്ചയായ രണ്ടാം മത്സരത്തിലും തിരിച്ചടി. ആദ്യ കളിയിൽ കൊളംബിയയോ ട് തോറ്റ ലയണൽ മെസ്സിയും സംഘവും രണ്ടാം മത്സരത്തിൽ പരേഗ്വയോട് സമനിലയുമായി തടിത പ്പുകയായിരുന്നു. രണ്ടു ഗോൾ പങ്കിട്ടാണ് ഇരുനിരയും പിരിഞ്ഞത്. 37ാം മിനിറ്റിൽ റിച്ചാഡ് സാഞ്ചസിലൂടെ പരേഗ്വ മുന്നിലെത്തിയപ്പോൾ 57ാം മിനിറ്റിൽ മെസ്സിയുടെ പെനാൽറ്റിയിലൂടെയാണ് അർജൻറീന സമനില പിടിച്ചത്. പരേഗ്വക്ക് കിട്ടിയ സ്പോട്ട് കിക്ക് രക്ഷപ്പെടുത്തിയ ഗോളി ഫ്രാേങ്കാ അർമാനിയും അർജൻറീനയുടെ സമനിലയിൽ നിർണായക പങ്കുവഹിച്ചു.
ഗ്രൂപ്പിലെ മെറ്റാരു മത്സരത്തിൽ കൊളംബിയ 1-0ത്തിന് ഖത്തറിനെ കീഴടക്കി. എല്ലാ ടീമുകളും രണ്ടു കളികൾ പൂർത്തിയാക്കിയപ്പോൾ അർജൻറീന ഒരു പോയൻറുമായി ഏറ്റവും പിറകിലാണ്. ഖത്തറിനും ഒരു പോയൻറാണെങ്കിലും ഗോൾശരാശരിയുടെ മുൻതൂക്കം ഗൾഫ് ടീമിനുണ്ട്. ഖത്തറുമായുള്ള അവസാന മത്സരമായിരിക്കും അർജൻറീനയുടെ ഭാവി നിർണയിക്കുക. ആറു പോയൻറുമായി കൊളംബിയയാണ് ഗ്രൂപ്പിൽ മുന്നിൽ. പരേഗ്വക്ക് രണ്ടു പോയൻറാണുള്ളത്.

ബെലോ ഹൊറിസോണ്ടെയിലെ മിനൈറോ മൈതാനത്ത് ഇരുനിരയും താളംകണ്ടെത്താൻ വിഷമിച്ചപ്പോൾ ആദ്യ അര മണിക്കൂറിൽ കാര്യമായ അവസരങ്ങളൊന്നും പിറവിയെടുത്തില്ല. 37ാം മിനിറ്റിൽ പ്രത്യാക്രമണത്തിൽനിന്നായിരുന്നു പരേഗ്വയുടെ ഗോൾ. മിഗ്വൽ അൽമിറോൺ തുടക്കമിട്ട നീക്കത്തിൽ റോബർേട്ടാ പെരേയ വഴി കിട്ടിയ പന്ത് റിച്ചാഡ് സാഞ്ചസ് വലയിലേക്ക് നിറയൊഴിച്ചപ്പോൾ അർമാനിക്ക് മറുപടിയുണ്ടായില്ല. തൊട്ടടുത്ത നിമിഷം അർമാനി ചുവപ്പുകാർഡിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. ബോക്സിന് പുറത്തേക്ക് കുതിച്ച് ഡെർലിസ് ഗോൺസാലസിനെ ഫൗൾ ചെയ്ത അർജൻറീന ഗോളി മഞ്ഞക്കാർഡുമായി തടിതപ്പുകയായിരുന്നു.
രണ്ടാം പകുതിയിൽ സെർജിയോ അഗ്യൂറോയെ കളത്തിലിറക്കാനുള്ള അർജൻറീന കോച്ച് ലയണൽ സ്കലോണിയുടെ തീരുമാനം നിർണായകമായി. 51ാം മിനിറ്റിൽ അഗ്യൂറോയുടെ പാസിൽ ലൗേട്ടറോ മാർട്ടിനെസിെൻറ ഷോട്ട് ബാറിൽ തട്ടി മടങ്ങി. എന്നാൽ, വാർ പരിശോധനയിൽ ഇവാൻ പിരിസിെൻറ കൈയിൽതട്ടിയേശഷമാണ് ബാറിൽ കൊണ്ടതെന്ന് വ്യക്തമായതോടെ റഫറി വിൽസൺ സംപായിയോ പെനാൽറ്റി സ്പോട്ടിലേക്ക് വിരൽചൂണ്ടി. കിക്കെടുത്ത് മെസ്സിക്ക് പിഴച്ചില്ല. 62ാം മിനിറ്റിൽ പന്തുമായി ബോക്സിൽ കയറിയ ഗോൺസാലസിനെ നികോളാസ് ഒാട്ടമെൻഡി വീഴ്ത്തിയതിന് പരേഗ്വക്ക് പെനാൽറ്റി ലഭിച്ചു. എന്നാൽ, ഗോൺസാലസ് തന്നെയെടുത്ത കിക്ക് തട്ടിത്തെറുപ്പിച്ച അർമാനി ടീമിന് ആദ്യ പോയൻറ് സമ്മാനിച്ചു. സാവോേപാളോയിലെ മൊറുമ്പി സ്റ്റേഡിയത്തിൽ തുടർച്ചയായ രണ്ടാം സമനിലയുടെ വക്കത്തായിരുന്ന ഖത്തറിന് 86ാം മിനിറ്റിൽ വഴങ്ങിയ ഗോളാണ് വിനയായത്. സൂപ്പർ താരം ഹാമിഷ് റോഡ്രിഗ്വസിെൻറ ക്രോസിൽ ഡുവാൻ സപാറ്റയായിരുന്നു സ്കോറർ.
