Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅനസിന് വേദനയായി...

അനസിന് വേദനയായി പിതാവിൻെറ വേർപ്പാടും

text_fields
bookmark_border
അനസിന് വേദനയായി പിതാവിൻെറ വേർപ്പാടും
cancel

മലപ്പുറം: ആറ് മാസത്തിനിടെ പല തവണ ഇന്ത്യൻ ടീമിൽനിന്നും ഐ.എസ്.എല്ലിൽനിന്നും അവധിയെടുത്ത് രോഗിയായ പിതാവിന് ആശുപത്രിയിലും വീട്ടിലുമായി കൂട്ടിരിക്കുകയായിരുന്നു അനസ് എടത്തൊടിക. മൂത്ത മകനെ അകാലത്തിൽ നഷ്​ടമായ കുടുംബത്തെ സംബന്ധിച്ച് ഏക ആൺതരിയായ അനസാണ് എല്ലാം. അവസരം കിട്ടുമ്പോഴൊക്കെ വീട‍ണ‍യാൻ കൊതിച്ച താരത്തിന് താങ്ങാനാവാത്ത വേദനയായി പിതാവ് മുഹമ്മദ് കുട്ടിയുടെ വിയോഗം. ജംഷഡ്പൂർ എഫ്.സിക്കൊപ്പം ഗോവയിലായിരുന്ന അനസ് വിവരമറിഞ്ഞ് തിങ്കളാഴ്ച രാവിലെ ഒമ്പതോടെ മുണ്ടപ്പലത്തെ വീട്ടിലെത്തി.

പരിക്ക് കാരണം നവംബർ അവസാനവാരം അനസിന് ജംഷഡ്പൂർ ടീം അവധി അനുവദിച്ചിരുന്നു. കഴി‍യുന്ന ദിവസങ്ങളിലെല്ലാം അനസ് പിതാവിനൊപ്പം വീട്ടിൽ ചെലവഴിച്ചു. പരിക്കും പിതാവി​​െൻറ അസുഖവും ഭേദമായതോടെ ഡിസംബർ 28നാണ് ജംഷഡ്പൂരിലേക്ക് മടങ്ങിയത്. ജനുവരി അഞ്ചിന് മുംബൈക്കെതിരെ കളിക്കുകയും ചെയ്തു. 11ന് എഫ്.സി ഗോവക്കെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി ഞായറാഴ്ചയാണ് അനസ് മഡ്ഗാവിലെത്തിയത്. വെളുപ്പിന് മുംബൈ വഴി കരിപ്പൂരിലേക്ക് തിരിച്ചു. അനസ് എത്തിയ ശേഷമാണ് മരണാനന്തര ചടങ്ങുകൾ നടന്നത്. ഉച്ചക്ക് 12.15ഓടെ മൃതദേഹം മുണ്ടപ്പലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു.

ടീമിനൊപ്പം ചേരുക അനിവാര്യമായതിനാൽ അനസ് ബുധനാഴ്ച ഗോവയിലേക്ക് പോവും. പ്രിയതാരത്തിന് ആശ്വാസവാക്കുകളുമായി നിരവധി പേർ വീട്ടിലെത്തി. ടി.വി. ഇബ്രാഹിം എം.എൽ.എ, കാലിക്കറ്റ് യൂനിവേഴ്സിറ്റി ഫിസിക്കൽ എജ്യൂക്കേഷൻ ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈൻ, പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ, ജില്ല ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് കെ. അബ്​ദുൽ കരീം, സെക്രട്ടറി സുരേന്ദ്രൻ മങ്കട, ഫുട്ബാൾ ലവേഴ്സ് ഫോറം പ്രസിഡൻറ് ഉപ്പൂടൻ ഷൗക്കത്ത്, പരിശീലകൻ സി.ടി. അജ്മൽ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.

 


 

Show Full Article
TAGS:Anas Edathodika football sports news malayalam news 
News Summary - Anas edathodika father die- Sports news
Next Story