മലയാളിയുടെ ഹൃദയത്തിൽ പന്ത് തട്ടിയ അഫ്ഗാൻ നായകൻ ഗോകുലത്തിലേക്ക്
text_fieldsമലപ്പുറം: തിരുവനന്തപുരത്ത് സാഫ് കപ്പ് ഫുട്ബാളിനെത്തി കളിക്കാരനായും മനുഷ്യ സ്നേഹിയായും മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച അഫ്ഗാനിസ്താൻ ക്യാപ്റ്റൻ ഫൈസൽ ഷായെസ്തെ ഒന്നര വർഷത്തിനുശേഷം വീണ്ടും കേരള മണ്ണിലെത്തുന്നു. ഇക്കുറി ഐ ലീഗിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന ഗോകുലം എഫ്.സിക്ക് വേണ്ടി പന്ത് തട്ടാനാണ് ഫൈസലിെൻറ വരവ്. ഇന്തോനേഷ്യൻ ടീമായ പെർസിബയുടെ താരമാണ് 26കാരനായ മിഡ് ഫീൽഡറിപ്പോൾ.
2015 ഡിസംബറിലും 2016 ജനുവരിയിലുമായി കാര്യവട്ടത്ത് നടന്ന സാഫ് ഫുട്ബാളിൽ ഫൈസലിന് കീഴിൽ ഫൈനൽ വരെയെത്തിയിരുന്നു അഫ്ഗാൻ. കലാശക്കളിയിൽ ഇന്ത്യയോട് തോൽക്കുകയായിരുന്നു. ബംഗ്ലാദേശ്, മാലദ്വീപ്, ശ്രീലങ്ക എന്നിവർക്കെതിരെ ഗോൾ നേടി മികച്ച പ്രകടനം പുറത്തെടുത്തു ഫൈസൽ. അന്ന് മാൻ ഓഫ് ദ മാച്ചായി ലഭിച്ച 10,000 രൂപയോട് 5,000 കൂടി ചേർത്ത് വൃക്കരോഗിയായി മലയാളിക്കുട്ടിക്ക് കൈമാറി താരം ജീവകാരുണ്യ പ്രവർത്തനത്തിെൻറ മാതൃകയും സൃഷ്ടിച്ചു. 30 അന്താരാഷ്ട്ര മത്സരങ്ങളിൽ ഏഴ് ഗോൾ നേടിയിട്ടുണ്ട് ഫൈസൽ.
നവംബർ അവസാനം ആരംഭിക്കുന്ന ഐ ലീഗിന് മുന്നോടിയായി കൂടുതൽ താരങ്ങളെ ഗോകുലം കേരള എഫ്.സി ടീമിലെടുക്കുന്നുണ്ട്. ഫൈസൽ അടുത്തദിവസം കോഴിക്കോട്ടെത്തുമെന്ന് ക്ലബ് അധികൃതർ അറിയിച്ചു. പുണെയിലാണ് ടീം ഇപ്പോൾ. ഐ.എസ്.എൽ ക്ലബായ എഫ്.സി പുണെ സിറ്റിയുമായി ബുധനാഴ്ച പരിശീലന മത്സരം കളിച്ച് ഒന്നിനെതിരെ രണ്ട് ഗോളിന് കീഴടങ്ങി. കഴിഞ്ഞദിവസം കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഗോൾരഹിത സമനിലയിൽ തളച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
