കായിക കോടതിയിൽ നീതിതേടി എ.സി മിലാൻ
text_fieldsലൂസൈൻ (സ്വിറ്റ്സർലൻഡ്): ഏഴു തവണ യൂറോപ്യൻ ചാമ്പ്യന്മാരായവരാണ് ഇറ്റാലിയൻ ക്ലബ് എ.സി മിലാൻ. ഇടക്കാലത്ത് ഗ്ലാമർ പദവി നഷ്ടപ്പെട്ട ക്ലബ് പ്രതാപകാലം തിരിച്ചുപിടിക്കാനായിരുന്നു മാനേജിങ് തലപ്പത്ത് കാര്യമായ മാറ്റങ്ങളുണ്ടാക്കിയതും പണമെറിഞ്ഞ് താരങ്ങളെ വാങ്ങിക്കൂട്ടിയതും. എന്നാൽ, ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ ലംഘിച്ചതിന് യുവേഫയുടെ വിലക്ക് വന്നത് ക്ലബിന് കൂനിൻമേൽ കുരുവായി. ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും രണ്ടുവർഷത്തേക്കാണ് വിലക്ക്.
ഇതിനെതിരെ അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതിൽ പോരാട്ടത്തിലാണ് മിലാൻ. മാനേജിങ് ഡയറക്ടർ മാർകോ ഫസോനെ, ചീഫ് ഫിനാൻഷ്യൽ ഒാഫിസർ വലൻറിന മോൻഡനറി എന്നിവർ സ്വിറ്റ്സർലൻഡിലെ കായിക കോടതിയിലെത്തി. ക്ലബിെൻറ അപ്പീൽ കോടതി വെള്ളിയാഴ്ച പരിഗണിച്ചേക്കും. വിധി അനുകൂലമെല്ലങ്കിൽ ക്ലബിന് വൻ തിരിച്ചടിയാവും. കഴിഞ്ഞ സീസണിൽ സീരി എയിൽ ആറാം സ്ഥാനക്കാരായ മിലാന് ഇത്തവണ ചാമ്പ്യൻസ് ലീഗ് യോഗ്യതയില്ലെങ്കിലും യുവേഫ കപ്പിൽ യോഗ്യത ലഭിച്ചിരുന്നു.
2017 ഏപ്രിൽ ചൈനീസ് വ്യാപാരി ലി യോങ്ഹോങ് എ.സി മിലാനെ വാങ്ങിയതിന് പിന്നാലെയാണ് വിലക്കുവരുന്നത്. അമേരിക്കൻ ആസ്ഥാനമായ എലിറ്റോ മാനേജ്മെൻറിൽനിന്ന് 348 മില്യൺ ഡോളർ (2400 കോടി) വായ്പയെടുത്തായിരുന്നു ലി യോങ് ടീമിനെ വാങ്ങിയത്. ഇൗ തുകയിൽ നിശ്ചിത ശതമാനം അടച്ചുതീർക്കാതെ താരങ്ങളെ വാങ്ങിക്കൂട്ടിയതാണ് വിനയായത്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ സമയത്ത് 200 മില്യൺ യൂറോയാണ് (ഏകദേശം 1600 കോടി രൂപ) ക്ലബ് വിവിധ താരങ്ങൾക്കായി ചെലവഴിച്ചത്.
ലൂക്കാസ് ബിഗ്ലിയ (അർജൻറീന), ലിയനാർഡോ ബനൂച്ചി (ഇറ്റലി), അേൻറാണിയോ ഡോണറുമ്മ (ഇറ്റലി), റിക്കാർഡോ റോഡ്രിഗസ് (സ്വിറ്റ്സർലൻഡ്), ആന്ദ്രെ സിൽവ (പോർചുഗൽ), മാറ്റിയോ മുസാചിയോ (അർജൻറീന) എന്നിവരെയെല്ലാം മിലാൻ കഴിഞ്ഞ സീസണിലായിരുന്നു സ്വന്തമാക്കിയത്.