പരിശീലകനെ പുറത്താക്കി എ.സി മിലാൻ
text_fieldsമിലാൻ: ഇറ്റാലിയൻ സീരി എയിൽ തപ്പിത്തടയുന്ന എ.സി മിലാൻ പരിശീലകനെ മാറ്റി. സ്റ്റിഫാനോ പിയോളിയാണ് വെറും ഏഴു മത്സരങ്ങൾ മാത്രം ടീമിനെ പരിശീലിപ്പിച്ച മാർകോ ജിയാംപോളോയുടെ പകരക്കാരനായി നിയമിതനായത്. രണ്ടു വർഷത്തേക്കാണ് കരാർ.
മിലാെൻറ ബദ്ധവൈരികളായ ഇൻറർ മിലാനെയും പരിശീലിപ്പിച്ച പിയോളി ഫിയോറൻറീനക്കാണ് അവസാനം തന്ത്രമോതിയത്. ഒമ്പത് പോയൻറുമായി പട്ടികയിൽ 13ാം സ്ഥാനത്താണ് മിലാൻ. ലീഗിൽ എ.സി. മിലാൻ അവസാനമായി കിരീടം ചൂടിച്ച മാസിമില്യാനോ അല്ലഗ്രിക്കു ശേഷം (2011) ടീമിനെ പരിശീലിപ്പിക്കാനെത്തുന്ന എട്ടാമത്തെ കോച്ചാണ് പിയോളി.
16 വർഷമായി പരിശീലക രംഗത്തുണ്ടായിട്ടും അക്കൗണ്ടിൽ ഒരു കിരീടം കൂടിയില്ലാത്ത പിയോളിയെ പരിശീലകനായി നിയമിച്ചതിൽ എ.സി മിലാൻ ആരാധകർ സമൂഹ മാധ്യമങ്ങളിലൂെട കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.