മെസ്സിക്ക് മുമ്പ് എഴുനൂറാന്മാർ ആറ്
text_fieldsബാല്യംമുതലേ പന്തുതട്ടിക്കളിച്ച നൂകാംപിൽ അത്ലറ്റികോ മഡ്രിഡിനെതിരായ ലാ ലിഗ മത്സരത്തിൽ പെനാൽറ്റി സ്പോട്ടിൽനിന്ന് പനേക്ക കിക്കിലൂടെ പന്ത് വലയിലെത്തിച്ചതോടെ ലയണൽ മെസ്സിയും കരിയറിൽ 700 ഗോൾ നേടിയവരുടെ പട്ടികയിലെത്തി. 33ാം പിറന്നാൾ പിന്നിട്ട് ആറു ദിവസമായപ്പോഴാണ് എഴുനൂറാന്മാരുെട പട്ടികയിലേക്ക് ബാഴ്സയുടെ ഇതിഹാസതാരവുമെത്തിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ, േജാസഫ് ബൈക്കൺ, പെലെ, ഗെർഡ് മുള്ളർ, ഫ്രാങ്ക് പുഷ്കാസ്, റൊമാരിയോ എന്നിവരാണ് നേരേത്ത 700 ക്ലബിലെത്തിയത്.
ബാഴ്സലോണക്കായി 630ഉം അർജൻറീനൻ ജഴ്സിയിൽ 70ഉം ഗോൾ സ്വന്തമാക്കിയാണ് മെസ്സി ചരിത്രനേട്ടം കുറിച്ചത്. നാഴികക്കല്ല് പിന്നിടാൻ 862 മത്സരങ്ങളാണ് വേണ്ടിവന്നത്. 700 ക്ലബിൽ മെസ്സിയെ കൂടാതെ റൊണാൾഡോ മാത്രമാണ് ഇപ്പോൾ കളിക്കളത്തിലുള്ളത്. 34 വർഷവും എട്ടു മാസവും ഒമ്പതു ദിവസവും പ്രായമുള്ളപ്പോൾ 974 മത്സരങ്ങൾ കളിച്ചാണ് ക്രിസ്റ്റ്യാനോ 700 ഗോൾ നേടിയത്. 1002 മത്സരങ്ങളിൽനിന്ന് 725 ഗോളാണ് ക്രിസ്റ്റ്യാനോയുടെ സമ്പാദ്യം.
ചെക്ക്-ഓസ്ട്രിയൻ ഇതിഹാസം ജോസഫ് ബൈക്കൺ ആണ് പ്രഫഷനൽ ഫുട്ബാളിലെ ഗോളടിവീരന്മാരിൽ മുന്നിൽ. മൂന്നു പതിറ്റാണ്ടോളം നീണ്ട കരിയറിൽ 805 ഗോളാണ് ബൈക്കൺ നേടിയത്. 2001 സെപ്റ്റംബർ 12നാണ് ബൈക്കൺ മരിച്ചത്. ഇതിഹാസതാരം പെലെ നേടിയത് 831 കളിയിൽനിന്ന് 767 ഗോളാണ്. ദേശീയ ജഴ്സിയിൽ 92 മത്സരങ്ങളിൽ 77ഉം ക്ലബ് ജഴ്സിയിൽ 694 മാച്ചിൽ 650ഉം ഗോളാണ് സ്വന്തമാക്കിയത്.
പുഷ്കാസ് 746 ഗോൾ നേടാൻ 754 മത്സരം മാത്രമാണ് കളിച്ചത്. ഹംഗറിക്കായി 85 മത്സരത്തിൽ 84 തവണ ഗോൾ നേടി. ഗെർഡ് മുള്ളർ വെസ്റ്റ് ജർമനിക്കായി 62 മത്സരത്തിൽനിന്ന് നേടിയത് 68 ഗോളാണ്. 793 കളിയിൽ നിന്ന് 735 ഗോളാണ് ആകെ നേടിയത്. 994 കളികളിൽനിന്ന് റൊമാരിയോ 772 ഗോളുകളാണ് സ്വന്തമാക്കിയത്.