ലാ ലിഗയില്‍ റയല്‍ മഡ്രിഡിന് തുടര്‍ച്ചയായ 16ാം ജയം
text_fieldsമഡ്രിഡ്: ലാ ലിഗയില്‍ കുതിപ്പുതുടരുന്ന റയല്‍ മഡ്രിഡിന്‍െറ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി. ഞായറാഴ്ച നടന്ന മത്സരത്തില്‍ എസ്പാന്യോളിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് വീഴ്ത്തിയതോടെ ലീഗില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ജയം നേടിയ ബാഴ്സലോണയുടെ റെക്കോഡിനൊപ്പമത്തെി റയല്‍ മഡ്രിഡ്. അടുത്ത മത്സരംകൂടി റയല്‍ ജയിച്ചാല്‍ 2010-11 സീസണില്‍ ബാഴ്സ കുറിച്ച 16 ജയമെന്ന റെക്കോഡ് പഴങ്കഥയാകും. തുടര്‍ച്ചയായ 15 വിജയമെന്ന സ്വന്തം റെക്കോഡും റയല്‍ തിരുത്തിയെഴുതി. ലീഗില്‍ നാലു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 12 പോയന്‍റുമായി പട്ടികയുടെ തലപ്പത്ത് റയല്‍ തുടരുന്നു.
മുന്‍നിര താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഗാരെത് ബെയ്ലുമില്ലാതെ എസ്പാന്യോളിനെതിരെ കളത്തിലിറങ്ങിയ റയലിനുവേണ്ടി ഇരുപകുതികളിലായി ഹാമിഷ് റോഡ്രിഗസും കരീം ബെന്‍സേമയുമാണ് വലകുലുക്കിയത്. ബെന്‍സേമക്ക് ഇരുവശത്തും ലൂകാസ് വാസ്ക്വസിനെയും മാര്‍കോ അസെന്‍ഷ്യോയേയും നിയോഗിച്ചായിരുന്നു സിദാന്‍െറ പരീക്ഷണം. പകരക്കാരന്‍െറ റോളില്‍നിന്ന് പുറത്തിറങ്ങിയ റോഡ്രിഗസിനെ മധ്യനിരയിലും നിയോഗിച്ചു. വിരസമായ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ റോഡ്രിഗസിന്‍െറ കാലില്‍നിന്ന് ലീഡത്തെി. എസ്പാന്യോള്‍ പ്രതിരോധ നിരയെ മറികടന്നത്തെിയ റോഡ്രിഗസ് ബോക്സിന് പുറത്തുനിന്നെടുത്ത ഇടങ്കാലന്‍ ഷോട്ട് ഗോളിയെ കബളിപ്പിച്ച് വലയിലത്തെി. 70ാം മിനിറ്റില്‍ ബെന്‍സേമ ലീഡുയര്‍ത്തി. വാസ്ക്വസിന്‍െറ പാസ് സ്വീകരിച്ച ബെന്‍സേമ ഞൊടിയിടയില്‍ പന്ത് ലക്ഷ്യത്തിലത്തെിച്ചു. 10ാം മിനിറ്റിലും 74ാം മിനിറ്റിലും എസ്പാന്യോളിന് കിട്ടിയ സുവര്‍ണാവസരം ഗോളി കികോ കാസില മനോഹരമായി തട്ടിയകറ്റി. റയലിനെതിരെ എസ്പാന്യോളിന്‍െറ തുടര്‍ച്ചയായ ഒമ്പതാം തോല്‍വിയാണിത്.
കഴിഞ്ഞ ഫെബ്രുവരി 27ന് അത്ലറ്റികോ മഡ്രിഡിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റതാണ് റയലിന്‍െറ ലാ ലിഗയിലെ അവസാനത്തെ പരാജയം. സിദാന്‍ പരിശീലക സ്ഥാനം ഏറ്റെടുത്തശേഷം ലാ ലിഗയില്‍ റയല്‍ മഡ്രിഡ് തോറ്റിറ്റിട്ടില്ല. ബുധനാഴ്ച വിയ്യാറയലിനെതിരെയാണ് റയലിന്‍െറ അടുത്ത മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
