ഗോളടിച്ച് എം.എസ്.എന്‍; ബാഴ്സക്ക് അഞ്ചു ഗോള്‍ ജയം
text_fieldsബാഴ്സലോണ: അലാവെയോടേറ്റ അട്ടിമറി തോല്‍വിയുടെ അരിശം മാറാതെ ബാഴ്സലോണ. ചാമ്പ്യന്‍സ് ലീഗില്‍ സെല്‍റ്റിക്കിനെ (7-0) ഗോളില്‍ മുക്കിയതിനു പിന്നാലെ ലാ ലിഗയിലിറങ്ങിയവര്‍ പുതുമുഖമായ ലെഗാനെസിനെ 5-1ന് തരിപ്പണമാക്കി. ഇരട്ട ഗോളുമായി ലയണല്‍ മെസ്സിയും ഓരോ ഗോളുമായി നെയ്മര്‍, സുവാരസ്, റഫിഞ്ഞ എന്നിവരും ചേര്‍ന്ന് പട്ടിക പൂര്‍ത്തിയാക്കി. ചരിത്രത്തിലാദ്യമായി ലാ ലിഗയില്‍ പന്തുതട്ടാന്‍ യോഗ്യത നേടിയ ലെഗാനെസിന്‍െറ സര്‍വമോഹങ്ങളും തച്ചുടക്കുംവിധമായിരുന്നു ബാഴ്സലോണ കളം വാണത്.
15ാം മിനിറ്റിലായിരുന്നു മെസ്സിയുടെ ആദ്യ ഗോള്‍. പ്രതിരോധ കോട്ടകെട്ടി തുടങ്ങിയ ലെഗാനെസിനെ പൊളിച്ചത്തെിയ സുവാരസിന്‍െറ ക്രോസില്‍നിന്ന് അര്‍ജന്‍റീന താരത്തിന്‍െറ ഗോള്‍. 31ാം മിനിറ്റില്‍ മെസ്സിയുടെ അസിസ്റ്റില്‍നിന്ന് സുവാരസും സ്കോര്‍ ചെയ്തു. 44ാം മിനിറ്റില്‍ സുവാരസ് സമ്മാനിച്ച ക്രോസ് നെയ്മര്‍ വലയിലാക്കിയപ്പോള്‍ ആദ്യ പകുതി പിരിയും മുമ്പേ ബാഴ്സയുടെ ‘എം.എസ്.എന്‍’ എന്‍ജിന്‍ ഗോള്‍പട്ടികയില്‍ ഇടംപിടിച്ചു. സീസണില്‍ രണ്ടാം തവണയാണ് എം.എസ്.എന്‍ ഗോളടിച്ച് കൂട്ടുന്നത്. 55ാം മിനിറ്റില്‍ നെയ്മറെ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി ഗോളാക്കിമാറ്റിയതോടെ മെസ്സിയുടെ ഗോളെണ്ണം രണ്ടായി.
64ാം മിനിറ്റില്‍ ഒറ്റയാന്‍ കുതിപ്പില്‍ എതിര്‍ പ്രതിരോധം കീറിമുറിച്ച് മുന്നേറിയ റഫിഞ്ഞയുടെ വകയായിരുന്നു അഞ്ചാം ഗോള്‍. 81ാം മിനിറ്റില്‍ ഗബ്രിയേല്‍ പിറസിലൂടെ ലെഗാനെസ് ആശ്വാസ ഗോള്‍ നേടി. ഇതോടെ, നാലു കളിയില്‍ ഒമ്പതു പോയന്‍റുമായി ബാഴ്സലോണ റയലിനൊപ്പമത്തെി. മൂന്നു കളിയില്‍ ഒമ്പതു പോയന്‍റാണ് റയലിന്‍െറ നേട്ടം. 22ന് അത്ലറ്റികോ മഡ്രിഡിനെതിരെയാണ് ബാഴ്സയുടെ അടുത്ത പോരാട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
