ഈ കിരീടം ക്രൈഫിന്
text_fieldsഗ്രനഡയില്‍നിന്ന് സ്പാനിഷ് ലാ ലിഗ കിരീടവുമായി വിമാനംകയറിയ ലയണല്‍ മെസ്സിയും ലൂയി എന്‍റിക്വെും ലൂയി സുവാരസും കറ്റാലന്മാരുടെ മണ്ണിലിറങ്ങുമ്പോള്‍ നക്ഷത്രക്കൂട്ടങ്ങള്‍ക്കിടയിലിരുന്ന് യോഹാന്‍ ക്രൈഫ് എന്ന ഇതിഹാസതാരം പുഞ്ചിരിക്കുന്നുണ്ട്. കളിക്കാരനായും പരിശീലകനായും ബാഴ്സലോണയുടെ യഥാര്‍ഥ ഹീറോ ആയ ഇതിഹാസനായകന്‍. ചരിത്രത്തിലെ 24ാം ലാ ലിഗ കിരീടത്തില്‍ ബാഴ്സലോണ മുത്തമിടുമ്പോള്‍ ആംസ്റ്റര്‍ഡാമില്‍ പിറന്ന് ബാഴ്സലോണയുടെ മണ്ണിലുറങ്ങുന്ന യോഹാന്‍ ക്രൈഫിലേക്ക് നീളുന്ന കടപ്പാടിന്‍െറ ഒരുപാട് കണ്ണികളുണ്ട്.
ഇക്കഴിഞ്ഞ മാര്‍ച്ച് 24നായിരുന്നു അര്‍ബുദത്തിനുമുന്നില്‍ മാര്‍ച്ചിങ് ഓര്‍ഡര്‍ വാങ്ങി ക്രൈഫ് ജീവിതത്തില്‍നിന്ന് പടിയിറങ്ങിയത്. ഒരാഴ്ച കഴിഞ്ഞായിരുന്നു ലാ ലിഗയില്‍ ബാഴ്സയുടെ എല്‍ക്ളാസികോ പോരാട്ടം. ഏപ്രില്‍ രണ്ടിന് റയല്‍ മഡ്രിഡ് നൂകാംപിലത്തെിയപ്പോള്‍ ക്രൈഫിന് സമര്‍പ്പിക്കാന്‍ ജയിക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു ആന്ദ്രെ ഇനിയെസ്റ്റയും കൂട്ടുകാരും കളത്തിലിറങ്ങിയത്. പക്ഷേ, തണല്‍ നഷ്ടപ്പെട്ടപ്പോലെ നൂകാംപില്‍ ബാഴ്സ പതറി. 1-2ന് തോല്‍വി വഴങ്ങിയപ്പോള്‍ ക്രൈഫിന് സമര്‍പ്പിക്കാനൊരു ജയമില്ലാതെ കറ്റാലന്മാര്‍ തേങ്ങി. വീണ്ടും തോല്‍വികള്‍. ചാമ്പ്യന്‍സ് ലീഗ് പുറത്താവലുള്‍പ്പെടെ തുടര്‍ച്ചയായി നാലു തോല്‍വികള്‍ വഴങ്ങിയ ബാഴ്സക്ക് അവസാന പ്രതീക്ഷയായിരുന്നു ലാ ലിഗ. പക്ഷേ, ശേഷിച്ച അഞ്ചു മത്സരങ്ങളില്‍ ഒരെണ്ണംപോലും അട്ടിമറിഞ്ഞാല്‍ എല്ലാം നഷ്ടപ്പെടുമെന്ന അവസ്ഥ. കളിയാസ്വദിക്കാന്‍പോലുമാവാത്ത പിരിമുറക്കത്തിലേക്ക് എന്‍റിക്വെുടെ കുട്ടികള്‍ വീണുപോയ ഒരുമാസം. ഏറ്റവുമൊടുവിലാണ് ഗ്രനഡയിലെ വിജയവുമായി ബാഴ്സലോണ ആഘോഷത്തോടെ കിരീടം സ്വന്തമാക്കിയത്. ക്രൈഫിന്‍െറ വേര്‍പാടിനുശേഷം ബാഴ്സ ആദ്യമായി മനസ്സുതുറന്ന് ആഘോഷിച്ച നിമിഷത്തില്‍ ചരിത്രജയം സമര്‍പ്പിച്ചത് മറ്റാര്‍ക്കുമായിരുന്നില്ല, ബാഴ്സയെ ബാഴ്സയാക്കിയ ഡച്ച് ഇതിഹാസത്തിന്.
കളിക്കാരായി ബാഴ്സലോണക്ക് ഒരു ലാ ലിഗ കിരീടമേ ക്രൈഫിന് സമ്മാനിക്കാന്‍ കഴിഞ്ഞുള്ളൂ. പക്ഷേ, 1988ല്‍ പരിശീലകനായി സ്ഥാനമേറ്റശേഷം കറ്റാലന്മാരെ സുവര്‍ണനാളിലേക്ക് പിടിച്ചുയര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 1960നും 1991നുമിടയില്‍ രണ്ടുതവണമാത്രമായിരുന്നു ബാഴ്സ ലാ ലിഗയില്‍ മുത്തമിട്ടതെങ്കില്‍ ക്രൈഫ് യുഗാരംഭത്തിനുശേഷം 14 തവണ ഇവര്‍ കിരീടമണിഞ്ഞു. 1988 മുതല്‍ 96വരെ പരിശീലിപ്പിച്ച ക്രൈഫിനുകീഴില്‍ ബാഴ്സ നാലുതവണ ലാ ലിഗ സ്വന്തമാക്കി. കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗ്, ലാ ലിഗ, കിങ്സ് കപ്പ് എന്നിവ സ്വന്തമാക്കി ട്രിപ്ള്‍ തികച്ച ബാഴ്സ സൂപ്പര്‍ കപ്പും ക്ളബ് ലോകകപ്പും കൂടി നേടി അഞ്ച് കിരീടമണിഞ്ഞിരുന്നു. ട്രിപ്ള്‍ ആവര്‍ത്തിച്ച് റെക്കോഡ് കുറിക്കാമെന്ന സ്വപ്നം ഇക്കുറി ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലെ തോല്‍വിയോടെ നേരത്തെതന്നെ അസ്തമിച്ചു.
സുവാരസിന്‍െറ സമയം
ജോര്‍ഡി ആല്‍ബയും ഇനിയെസ്റ്റയും ഈ കിരീടനേട്ടത്തിന്‍െറ ക്രെഡിറ്റ് ലിവര്‍പൂള്‍ വിട്ട് ബാഴ്സക്കൊപ്പം ചേര്‍ന്ന ലൂയി സുവാരസിന് നല്‍കുകയാണ്. അപമാനിതനായി ലിവര്‍പൂള്‍ ഇറക്കിവിട്ടപ്പോള്‍ അഭിമാനത്തോടെ അഭയംനല്‍കിയ കറ്റാലന്മാര്‍ക്ക് സുവാരസ് തിരികെനല്‍കുന്ന സ്നേഹസമ്മാനം, അതാണ് ലാ ലിഗ കിരീടം. 2014 ലോകകപ്പിനിടെ ഇറ്റലിയുടെ ജോര്‍ജിയോ ചെല്ലിനിയെ കടിച്ച് പരിക്കേല്‍പിച്ച് വിവാദത്തില്‍ കുരുങ്ങിയ ശേഷമായിരുന്നു സുവാരസിന്‍െറ ഇംഗ്ളണ്ടിലേക്കുള്ള വഴിയടഞ്ഞത്. മികച്ച ഫോമില്‍ കളിച്ച താരത്തെ ലിവര്‍പൂള്‍ അച്ചടക്കമില്ലായ്മയുടെ പേരില്‍ പടിയടച്ചു പുറത്താക്കി. അവസരം മുതലെടുത്ത ബാഴ്സ ഉറുഗ്വായ് താരത്തെ 2014-15 സീസണില്‍ ടീമിലത്തെിച്ചു. അയാക്സ് സ്പോര്‍ട്സ് സ്കൂളില്‍നിന്ന് യൂറോപ്യന്‍ മേല്‍വിലാസം കുറിച്ച സുവാരസിനെ ടീമിലെടുക്കാന്‍ ഉപദേശംനല്‍കിയത് അതേ ക്ളബില്‍നിന്ന് ബാഴ്സയിലത്തെിയ യോഹാന്‍ ക്രൈഫായിരുന്നു.
അഞ്ചുവര്‍ഷത്തെ കരാറില്‍ ടീമിലത്തെിയെങ്കിലും പ്രഥമ സീസണിന്‍െറ പകുതിയും സുവാരസ് കളത്തിനു പുറത്തായിരുന്നു. നാലുമാസം പരിശീലനം വരെ നിരോധിച്ച കാലം. ഒടുവില്‍ ഒക്ടോബര്‍ 25ന് അരങ്ങേറ്റംകുറിച്ച് ബാഴ്സയുടെ മുന്നേറ്റത്തിന് ‘എം.എസ്.എന്‍’ എന്ന പുതു എന്‍ജിന്‍ ഘടിപ്പിച്ചു. ആദ്യ സീസണ്‍ അവസാനിച്ചപ്പോള്‍ 25 ഗോളും 20 അസിസ്റ്റും. എം.എസ്.എന്നിന്‍െറ ആകെ ഗോളുകള്‍ 122ഉം.
രണ്ടാം സീസണിന്‍െറ തുടക്കംമുതലേ സുവാരസ് കളംനിറഞ്ഞു. മെസ്സി പരിക്കിന്‍െറ പിടിയിലായ നാളുകളില്‍ നെയ്മറിനൊപ്പം ഉറുഗ്വായ് താരം കളംനിറഞ്ഞു. ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മാറിമാറി കൈവശംവെച്ച സ്പാനിഷ് ടോപ് സ്കോറര്‍ പുരസ്കാരമായ പിച്ചിചി ട്രോഫിയില്‍ 2009ന് ശേഷം ആദ്യമായി ഒരു മൂന്നാമനത്തെി. നാട്ടുകാരന്‍കൂടിയായ ഡീഗോ ഫോര്‍ലാനായിരുന്നു 2009ലെ ടോപ് സ്കോറര്‍. 35 കളിയില്‍ 40 ഗോളും 16 അസിസ്റ്റുമായാണ് സുവാരസ് തിളങ്ങിയത്. ആറു ഹാട്രികും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
