ബാഴ്സലോണ സ്പാനിഷ് ചാമ്പ്യന്മാർ- വിഡിയോ
text_fieldsബാഴ്സലോണ: അവസാന മിനിറ്റുവരെ ത്രില്ലര്‍ നിലനിര്‍ത്തിയ ഫുട്ബാള്‍ മത്സരത്തിന് സമാനമായ പത്തുമാസം. ആശങ്കയും ആവേശവും മാറിമറിഞ്ഞ 38 പോരാട്ടങ്ങള്‍ക്കൊടുവില്‍ സ്പാനിഷ് ഫുട്ബാളിലെ രാജകിരീടത്തില്‍ വീണ്ടും ബാഴ്സലോണയുടെ മുത്തം.
സീസണിന്‍െറ കൊട്ടിക്കലാശത്തില്‍ ഗ്രനഡയെ 3-0ത്തിന് തകര്‍ത്ത് കറ്റാലന്‍ പട ലാ ലിഗയില്‍ ഹാട്രിക് കിരീടമണിഞ്ഞപ്പോള്‍ ചരിത്രത്തിലെ 24ാം കിരീടവുമായി. ഉറുഗ്വായ് ഗോളടിയന്ത്രം ലൂയി സുവാരസിന്‍െറ ബൂട്ടിലൂടെ പിറന്ന ഹാട്രിക് ഗോളുകളാണ് ബാഴ്സക്ക് കിരീടമുറപ്പിച്ച നിര്‍ണായക ജയം സമ്മാനിച്ചത്. ഒരു പോയന്‍റ് വ്യത്യാസത്തില്‍ പിന്തുടര്‍ന്ന റയല്‍ മഡ്രിഡ് ഡിപോര്‍ട്ടിവോ ലാ കൊരൂനക്കെതിരെ 2-0ത്തിന് ജയിച്ചെങ്കിലും ബാഴ്സയുടെ ജൈത്രയാത്രക്ക് മൂക്കുകയറിടാന്‍ കഴിഞ്ഞില്ല.
സീസണ്‍ ആരംഭത്തില്‍ തുടര്‍ജയങ്ങളുമായി വ്യക്തമായ ലീഡോടെയായിരുന്നു ബാഴ്സയുടെ കുതിപ്പ്. സെല്‍റ്റയോടും സെവിയ്യയോടുമേറ്റ അട്ടിമറിത്തോല്‍വി മാറ്റിനിര്‍ത്തിയാല്‍ അപരാജിത കുതിപ്പ്. രണ്ടും മൂന്നും സ്ഥാനക്കാരെക്കാള്‍ ബഹുദൂരം മുന്നിലായവരെ ഏപ്രില്‍ മാസത്തിലെ മൂന്നു തുടര്‍തോല്‍വികള്‍ പ്രതിസന്ധിയിലാക്കി. വിയ്യാറയലിനോടേറ്റ സമനിലക്കു പിന്നാലെ, റയല്‍ മഡ്രിഡ്, റയല്‍ സൊസീഡാഡ്, വലന്‍സിയ എന്നിവര്‍ ബാഴ്സയെ അട്ടിമറിച്ചതോടെ അത്ലറ്റികോ മഡ്രിഡും റയലും പിന്നിലത്തെി. ഒരു പോയന്‍റ് വ്യത്യാസത്തിലായിരുന്നു പിന്നീടുള്ള കുതിപ്പ്. എന്നാല്‍, തുടര്‍ച്ചയായി വന്‍ മാര്‍ജിനില്‍ ജയിച്ച് ബാഴ്സ അത്ലറ്റികോക്കൊപ്പം ഒന്നാം സ്ഥാനം പങ്കിട്ട് ഫോട്ടോഫിനിഷ് വരെയത്തെി. കഴിഞ്ഞ മത്സരത്തില്‍ അത്ലറ്റികോ ലെവാന്‍െറയോട് തോറ്റതോടെ അവസാന അങ്കത്തില്‍ റയലും ബാഴ്സയും തമ്മിലായി ഭാഗ്യപരീക്ഷണം. പക്ഷേ, ജയിച്ചാല്‍ കിരീടമണിയാമെന്ന നിലയില്‍ കളിച്ച ബാഴ്സയെ സുവാരസിന്‍െറ ഹാട്രിക് ഗോള്‍ സ്പാനിഷ് ലാ ലിഗയിലെ ജേതാക്കളാക്കിമാറ്റി.
ഗ്രനഡക്കെതിരെ 22ാം മിനിറ്റിലാണ് ആദ്യ ഗോള്‍ നേടിയത്. വിങ്ങില്‍നിന്ന് ജോര്‍ഡി ആല്‍ബ മറിച്ചുനല്‍കിയ പന്ത് സുന്ദര ഫിനിഷിങ്ങിലൂടെ ഉറുഗ്വായ് താരം വലയിലാക്കി. 38, 86 മിനിറ്റുകളിലായിരുന്നു ശേഷിച്ച ഗോളുകള്‍. അതേസമയം, റയലിനുവേണ്ടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ട ഗോളടിച്ചു. ഏഴ്, 25 മിനിറ്റുകളിലായിരുന്നു പോര്‍ചുഗല്‍ താരം സ്കോര്‍ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
