6-12 പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കായി ‘ജസ്റ്റ് പ്ളേ’ കേരളത്തിലേക്ക്
text_fieldsകൊച്ചി: ആസ്ട്രേലിയയിലെ ഓഷ്യാന ഫുട്ബാള്‍ കോണ്‍ഫെഡറേഷനും ഫുട്ബാള്‍ ഫെഡറേഷനും ഓള്‍ ഇന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്‍െറ സഹകരണത്തോടെ കേരളത്തിലെ 6-12 പ്രായമുള്ള സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ‘ജസ്റ്റ് പ്ളേ’ പദ്ധതി നടപ്പാക്കുന്നു. ഫുട്ബാളിന്‍െറ ബാലപാഠങ്ങള്‍ തുടങ്ങി അടിസ്ഥാനപരമായ വികസനമാണ് ലക്ഷ്യം. രാജ്യത്ത് ‘ജസ്റ്റ് പ്ളേ’യുടെ പൈലറ്റ് പദ്ധതിക്കായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തെരഞ്ഞെടുക്കപ്പെട്ട ഒരു സ്കൂള്‍ എന്നതോതില്‍ 14 സ്കൂളുകളില്‍ പദ്ധതി നടപ്പാക്കും. എറണാകുളത്തെ പുത്തന്‍തോട് ഹൈസ്കൂളിലാണ് ആദ്യം നടപ്പാക്കുന്നത്.
അടുത്തവര്‍ഷം നടക്കുന്ന അണ്ടര്‍-17 ലോകകപ്പ് മത്സരങ്ങളുടെ പശ്ചാത്തലത്തിലാണ് പദ്ധതിക്കായി രാജ്യത്തെ തെരഞ്ഞെടുത്തത്. സമ്പൂര്‍ണ സാക്ഷരത നേടിയതും ഫുട്ബാളിനോടുള്ള പ്രഫഷനല്‍ സമീപനവും കണക്കിലെടുത്താണ് കേരളത്തെ പൈലറ്റ് പദ്ധതിക്കായി തെരഞ്ഞെടുത്തതെന്ന് ഓഷ്യാന ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍െറയും ആസ്ട്രേലിയന്‍ ഫുട്ബാള്‍ ഫെഡറേഷന്‍െറയും പ്രതിനിധികളായ ഫ്രാങ്ക് കാസിലോ, കിയേന്‍ ലില്ലി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍, കെ.എഫ്.എ, എ.ഐ.എഫ്.എഫ് പ്രതിനിധികള്‍ അടങ്ങുന്ന സ്റ്റിയറിങ് കമ്മിറ്റിയാവും സ്കൂളുകള്‍ തെരഞ്ഞെടുക്കുക. പരിശീലന ദൈര്‍ഘ്യവും കമ്മിറ്റി നിശ്ചയിക്കും. ഓരോ സ്കൂളിലെയും പരിശീലനത്തിന് പ്രോജക്ട് മാനേജറും സാങ്കേതിക ഉദ്യോഗസ്ഥരുമുണ്ടാകും.
അണ്ടര്‍-17 ലോകകപ്പിന്‍െറ നോഡല്‍ ഓഫിസര്‍ എ.പി. മുഹമ്മദ് ഹനീഷ്, കലക്ടര്‍ രാജമാണിക്യം, കെ.എഫ്.എ ഭാരവാഹികള്‍ എന്നിവരുമായി ആസ്ട്രേലിയന്‍ പ്രതിനിധികള്‍ പദ്ധതിചര്‍ച്ച ചെയ്തു.
വാര്‍ത്താസമ്മേളനത്തില്‍ എ.പി. മുഹമ്മദ് ഹനീഷ്, കെ.എഫ്.എ പ്രസിഡന്‍റ് കെ.എം.ഐ. മത്തേര്‍, ജനറല്‍ സെക്രട്ടറി പി. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. പിന്നീട് ചെല്ലാനം പുത്തന്‍തോട് ഹൈസ്കൂളില്‍ സംഘം എത്തി മൈതാനവും മറ്റും കണ്ട് വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
