‘സന്തോഷ’ത്തിന്‍െറ സപ്തതിക്ക് ഫുട്ബാള്‍ കേരളം ഒരുങ്ങുന്നു
text_fieldsമലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബാളിന്‍െറ 70ാം എഡിഷനിലേക്ക് യോഗ്യത നേടാന്‍ ടീമുകളുടെ പടയൊരുക്കം. ടൂര്‍ണമെന്‍റിന്‍െറ അന്തിമ റൗണ്ട് ഫെബ്രുവരി 29 മുതല്‍ മാര്‍ച്ച് 13 വരെ മഹാരാഷ്ട്രയിലെ നാഗ്പുരില്‍ നടക്കുമെന്നാണ് അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതിന് മുന്നോടിയായി വിവിധ മേഖലകളില്‍ യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ അരങ്ങേറും.
കേരളം ഉള്‍പ്പെടുന്ന ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടിന് ഫെബ്രുവരി ഒമ്പത് മുതല്‍ 14 വരെ ചെന്നൈ നെഹ്റു സ്റ്റേഡിയം വേദിയാവും. ആതിഥേയരായ തമിഴ്നാട്, തെലങ്കാന, അന്തമാന്‍-നികോബാര്‍ എന്നിവരടങ്ങുന്ന ഗ്രൂപ് ‘എ’യിലാണ് കേരളം. നിലവിലെ ചാമ്പ്യന്മാരായ സര്‍വിസസ്, കര്‍ണാടക, പുതുച്ചേരി, ആന്ധ്രപ്രദേശ് ടീമുകള്‍ ‘ബി’ ഗ്രൂപ്പിലും മാറ്റുരക്കും. ഗ്രൂപ് ജേതാക്കള്‍ക്ക് മാത്രമാണ് അന്തിമ റൗണ്ട് പ്രവേശം. കഴിഞ്ഞ വര്‍ഷം ദക്ഷിണമേഖലാ യോഗ്യതാ മത്സരങ്ങള്‍ മഞ്ചേരി പയ്യനാട്ടും അന്തിമ റൗണ്ട് പഞ്ചാബിലുമാണ് നടന്നത്.
സംസ്ഥാന സീനിയര്‍ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ് കഴിഞ്ഞ ദിവസം മലപ്പുറത്ത് സമാപിച്ചതോടെ സന്തോഷ് ട്രോഫി കേരള ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. എസ്.ബി.ടി കോച്ചും മുന്‍ ദേശീയ താരവുമായ വി.പി. ഷാജി, മുന്‍ ജൂനിയര്‍ ഇന്ത്യന്‍ ടീം പരിശീലകന്‍ നാരായണമേനോന്‍, കേരള ഫുട്ബാള്‍ അസോസിയേഷന്‍ പ്രതിനിധി എം. മുഹമ്മദ് സലീം എന്നിവര്‍ സീനിയര്‍ ഫുട്ബാള്‍ നിരീക്ഷിക്കാനത്തെിയിരുന്നു. 35ല്‍ കവിയാത്ത താരങ്ങളുടെ പട്ടികയാണ് കെ.എഫ്.എ ഇവരോട് ക്യാമ്പിന് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, സെലക്ടര്‍മാര്‍ മൂന്ന് പേരും കൂടി 46 താരങ്ങളുടെ പട്ടിക നല്‍കിയിട്ടുണ്ട്.ക്യാമ്പ് ബുധനാഴ്ച തുടങ്ങാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍, ഗ്രാസ്റൂട്ടുമായി ബന്ധപ്പെട്ട ആസ്ട്രേലിയന്‍ സംഘത്തിന്‍െറ സന്ദര്‍ശനം കാരണം ഇത് മാറ്റിവെച്ചു. ഈയാഴ്ച തന്നെ ക്യാമ്പ് ആരംഭിക്കും. തിരുവനന്തപുരത്തോ എറണാകുളത്തോ ആയിരിക്കും പരിശീലനം. ഫെബ്രുവരി ആദ്യവാരം ടീമിനെ പ്രഖ്യാപിക്കും.
തെലങ്കാനക്ക് അരങ്ങേറ്റം
ഒന്നര വര്‍ഷം മുമ്പ് നിലവില്‍ വന്ന സംസ്ഥാനമായ തെലങ്കാനയും സന്തോഷ് ട്രോഫിക്ക്. യോഗ്യതാ റൗണ്ടില്‍ കേരളമടങ്ങുന്ന ഗ്രൂപ്പിലാണ് ഇവര്‍. മുന്‍ അന്താരാഷ്ട്ര താരവും കോച്ചുമായ ഷബീര്‍ അലിയുടെ കാര്‍മികത്വത്തിലാണ് തെലങ്കാന ടീം നിലവില്‍ വന്നത്. അലോക് മുഖര്‍ജിയാണ് മുഖ്യ പരിശീലകന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
