പുതിയ കോച്ചത്തെി; സ്വാന്‍സീക്ക് ജയവും
text_fieldsലണ്ടന്‍: പുതിയ കോച്ചിനെ നിയമിച്ച് മണിക്കൂറുകള്‍ക്കകം ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ സ്വാന്‍സീ സിറ്റിക്ക് വിജയം. സ്വന്തം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്വാന്‍സീ, വാറ്റ്ഫോഡിനെ വീഴ്ത്തിയത്. 27ാം മിനിറ്റില്‍ ആഷ്ലി വില്യംസിന്‍െറ വക വിജയ ഗോളും പിറന്നു. തുടര്‍ച്ചയായി രണ്ട് തോല്‍വിയും സമനിലയുമായി ഉഴലുന്നതിനിടെയാണ് സ്വാന്‍സീ പുതിയ കോച്ചിനെ അന്വേഷിച്ചത്. പുറത്താക്കിയ ഗാരി മോങ്കിനു പകരക്കാരനായി താല്‍ക്കാലിക ചുമതല വഹിച്ച അസിസ്റ്റന്റ് കോച്ച് അലന് കര്ടിസിനും ടീമിനെ വിജയവഴിയിലത്തെിക്കാനായില്ല. ഏഴ് കളിയില്‍ ഒരു ജയം മാത്രമായിരുന്നു കര്ടിസിന്െറ നേട്ടം. ഒടുവില്‍ വാറ്റ്ഫോഡിനെതിരെ കളത്തിലിറങ്ങും മുമ്പായിരുന്നു ഇറ്റാലിയന്‍ പരിശീലകന് ഫ്രാന്‍സെസ്കോ ഗിഡോളിന് ടീമിനൊപ്പം ചേര്‍ന്നത്. പ്ളെയിങ് ഇലവന് പട്ടികയില്‍ ഒപ്പിട്ട് സൈഡ് ബെഞ്ചിലിരുന്ന ഗിഡോളിനെ സ്വാഗതം ചെയ്തുകൊണ്ട് സ്വാന്‍സീ ജയിച്ചും തുടങ്ങി. പട്ടികയില്‍ 22 പോയന്റുമായി 17ാം സ്ഥാനത്താണ് ടീം.
