സീനിയര്‍ ഫുട്ബാള്‍: മലപ്പുറം, കാസര്‍കോട് സെമിയില്‍
text_fieldsമലപ്പുറം: സംസ്ഥാന സീനിയര്‍ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യനായ മലപ്പുറവും കാസര്‍കോടും സെമിയില്‍ പ്രവേശിച്ചു.
മലപ്പുറം കോട്ടപ്പടി മൈതാനിയില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ മലപ്പുറം മൂന്നു ഗോളുകള്‍ക്ക് കൊല്ലത്തെയും കാസര്‍കോട് അഞ്ച് ഗോളിന് പാലക്കാടിനെയും പരാജയപ്പെടുത്തിയാണ് സെമിയില്‍ പ്രവേശിച്ചത്. ശനിയാഴ്ച വൈകീട്ട് 6.45ന് നടക്കുന്ന സെമിയില്‍ ഇരുവരും ഏറ്റുമുട്ടും.
മലപ്പുറവും കൊല്ലവും തമ്മില്‍ നടന്ന മത്സരത്തില്‍ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. പകരക്കാരനായി ഇറങ്ങിയ എന്‍. ഷിഹാദാണ് 65ാം മിനിറ്റില്‍ മലപ്പുറത്തിനായി ആദ്യ ഗോള്‍ നേടുന്നത്. 75ാം മിനിറ്റില്‍ മുഹമ്മദ് ഇര്‍ഷാദും 79ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഷഹബാസ് സലീലും ഗോളുകള്‍ നേടി. 76ാം മിനിറ്റില്‍ കൊല്ലത്തിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റിയെടുത്ത ഷൗഫീറിന്െറ ഷോട്ട് ഗോളി മുഹമ്മദ് നാഷിദ് തടുത്തിട്ടു.
കാസര്‍കോടിനായി മഷൂദ് ഇരട്ട ഗോള്‍ നേടി. 20, 46 മിനിറ്റുകളിലായിരുന്നു മഷൂദിന്െറ ഗോളുകള്‍. 48ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ഷിജു ലീഡ് മൂന്നായി ഉയര്‍ത്തി. 60ാം മിനിറ്റില്‍ നജേഷും 76ല്‍ മുഹമ്മദ് നൗഫലും ഗോളുകള്‍ സ്കോര്‍ ചെയ്തു. രണ്ടാം സെമിയില്‍ ഞായറാഴ്ച കോട്ടയവും തൃശൂരും തമ്മിലാണ് മത്സരം.
