ഫിഫയെ നന്നാക്കിയെടുക്കാൻ..
text_fieldsസൂറിക്: അഴിമതിയില്‍ മുങ്ങിക്കുളിച്ച ലോക ഫുട്ബാളിനെ രക്ഷിക്കാനുള്ള പരിഷ്കാര നിര്‍ദേശങ്ങള്‍ക്ക് ഫിഫ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ അംഗീകാരം. മാറ്റങ്ങളൊന്നും നിര്‍ദേശിക്കാതെ ഏകപക്ഷീയമായിരുന്നു ശുദ്ധികലശ നടപടികള്‍ക്ക് ലോക ഫുട്ബാള്‍ പിന്തുണനല്‍കിയത്. എക്സ്ട്രാഓര്‍ഡിനറി കോണ്‍ഗ്രസിനോടനുബന്ധിച്ചു ചേര്‍ന്ന യോഗത്തില്‍ 22നെതിരെ 179 പേരുടെ പിന്തുണയോടെയാണ് പരിഷ്കാര നിര്‍ദേശങ്ങള്‍ പാസായത്. ആറുപേര്‍ വിട്ടുനിന്നു. രണ്ടുമാസ കാലാവധിക്കുള്ളില്‍ പുതിയ നിര്‍ദേശങ്ങള്‍ നടപ്പാവും. ഒരു പതിറ്റാണ്ടുമുമ്പ് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കിയ സ്വിസ് നിയമജ്ഞന്‍ ഫ്രാങ്സ്വ കര്‍കാഡിന്‍െറ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഫിഫയെ അഴിമതിമുക്തമാക്കാനുള്ള പരിഷ്കാര നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്.
പ്രധാന നിര്‍ദേശങ്ങള്‍
കാലാവധി: നാലുവര്‍ഷം വീതുമുള്ള മൂന്ന് ടേമുകളായി ഫിഫ പ്രസിഡന്‍റ് കാലാവധി നിശ്ചയിച്ചു. ഫിഫ കൗണ്‍സില്‍ അംഗങ്ങള്‍, ഓഡിറ്റ് ആന്‍ഡ് കംപ്ളെയ്ന്‍സ് കമ്മിറ്റി, ജുഡീഷ്യല്‍ ബോഡി എന്നിവക്കും ഇത് ബാധകം. മുന്‍ പ്രസിഡന്‍റ് സെപ് ബ്ളാറ്റര്‍ 18 വര്‍ഷമാണ് ഫിഫ ഭരിച്ചത്.
സി.ഇ.ഒ: ഫിഫയിലെ രണ്ടാമനായിരുന്ന സെക്രട്ടറി ജനറല്‍ ‘സി.ഇ.ഒ’യായി അറിയപ്പെടും.
ഫിഫ കൗണ്‍സില്‍: ഫിഫ എക്സിക്യൂട്ടിവിന് പകരം നിലവില്‍വന്ന ഫിഫ കൗണ്‍സിലിനാവും ഭരണതലത്തിലെ പ്രധാന കേന്ദ്രം.
ഓരോ കോണ്‍ഫെഡറേഷന്‍ പരിധിയില്‍ തെരഞ്ഞെടുക്കപ്പെടുന്നവരാവും കൗണ്‍സില്‍ അംഗങ്ങള്‍. വനിതകള്‍ക്ക് ഭരണതലത്തില്‍ പങ്കാളിത്തംനല്‍കുന്നതിനായി ഓരോ കോണ്‍ഫെഡറേഷനില്‍നിന്നും ഒരു വനിതാ കൗണ്‍സില്‍ അംഗം നിര്‍ബന്ധമാവും.
സ്വതന്ത്ര കമ്മിറ്റി അംഗങ്ങള്‍: നിര്‍ണായക തീരുമാനങ്ങളെടുക്കുന്ന ഫിനാന്‍സ്, ഡെവലപ്മെന്‍റ്, ഗവേണന്‍സ് കമ്മിറ്റികളില്‍ സ്വതന്ത്ര അംഗങ്ങളുടെ സാന്നിധ്യം. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സ്വതന്ത്ര ഓഡിറ്റ് കമ്മിറ്റി നിരീക്ഷിക്കും. സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ എണ്ണം 26ല്‍ നിന്ന് ഒമ്പതായി ചുരുക്കും. അനാവശ്യ സാമ്പത്തിക ബാധ്യത കുറക്കുന്നതിന്‍െറ ഭാഗമായാണ് നടപടി.
വ്യക്തിത്വ പരിശോധന: സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളെ പൂര്‍വകാലമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അറിയുന്നതിന് വ്യക്തിത്വ പരിശോധന നിര്‍ബന്ധമാക്കും. ഫിഫ റിവ്യൂ കമ്മിറ്റിക്കാവും അധികാരം.
സാമ്പത്തിക ഇടപാടുകളിലെ സുതാര്യത ഉറപ്പാക്കുന്ന നിരവധി നിര്‍ദേശങ്ങള്‍ക്കും അംഗീകാരം നല്‍കി. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വേതന വിവരങ്ങള്‍ സ്വതന്ത്ര ഓഡിറ്റിങ്ങിന് വിധേയമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
