ലെവന്‍ പുലിയാണ്
text_fieldsമ്യൂണിക്: 89.57ാം മിനിറ്റില്‍ റഫറി തൊബിയസ് സ്റ്റീലര്‍ ലോങ് വിസില്‍ മുഴക്കി. ഇഞ്ചുറി ടൈമില്ലാത്ത കളി. കളിക്കാര്‍ക്ക് പരിക്കോ, കാണികളുടെ ഇടപെടലോ ഇല്ലാതിരുന്നിട്ടും മൂന്നു സെക്കന്‍ഡ് നേരത്തേ, അതും ഇഞ്ചുറി സമയം നല്‍കാതെ റഫറി കളി അവസാനിപ്പിക്കാന്‍ കാരണം ബയേണ്‍ മ്യൂണിക്കിന്‍െറ എതിരാളികളായ വോള്‍ഫ്സ്ബുര്‍ഗിനോടുള്ള സഹതാപമനസ്സാണെന്നാണ് ഫുട്ബാള്‍ ലോകത്തെ സംസാരം. റോബര്‍ട്ട് ലെവന്‍ഡോസ്കിയെന്ന പോളിഷ് താരം ഒമ്പതു മിനിറ്റില്‍ അഞ്ചുതവണ കുലുക്കിയ വലക്കു മുന്നില്‍ വിഭ്രാന്തിയിലായ വോള്‍ഫ്സ്ബുര്‍ഗ് ഗോളി ബെനാഗ്ളിയോക്കും സഹതാരങ്ങള്‍ക്കുമായി റഫറിക്ക് ഇതുമാത്രമേ ചെയ്യാനുണ്ടായിരുന്നുള്ളൂ.

ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ പുതു ചരിത്രം കുറിച്ചുകൊണ്ടാണ് ബയേണ്‍ മ്യൂണിക്കിന് തകര്‍പ്പന്‍ ജയം സമ്മാനിച്ച് ലെവന്‍ഡോസ്കി ഗോളില്‍ ആറാടിയത്. കളിയുടെ ആദ്യ പകുതിയുടെ 26ാം മിനിറ്റില്‍ ഡാനിയല്‍ കലിഗ്വ്യുരിയിലൂടെ ബയേണ്‍ വലകുലുക്കി ലീഡ് ചെയ്ത വോള്‍ഫ്സ്ബുര്‍ഗിന് വിദൂര സാധ്യതപോലും കല്‍പിക്കാത്ത തോല്‍വിയായി അലയന്‍സ് അറീന കാത്തുവെച്ചത്. ആദ്യ പകുതിയില്‍ ബയേണിന്‍െറ മുന്നേറ്റത്തെ പിടിച്ചുകെട്ടിയ വോള്‍ഫ്സ്ബുര്‍ഗായിരുന്നു യഥാര്‍ഥ വിജയികള്‍. എന്നാല്‍, 46ാം മിനിറ്റില്‍ തിയാഗോ അല്‍കന്‍റാരക്കു പകരക്കാരനായത്തെിയ ലെവന്‍ഡോസ്കി 51ാം മിനിറ്റില്‍ ഗോള്‍വേട്ടക്ക് തുടക്കമിട്ടു. പിന്നെ, യന്ത്രത്തോക്കിന്‍െറ തീതുപ്പല്‍പോലെ നിരനിരയായി ഗോളുകള്‍. 52, 55, 57, 60 മിനിറ്റുകള്‍. ഒമ്പതു മിനിറ്റിനുള്ളില്‍ പിറന്നത് അഞ്ചു ഗോളുകള്‍.
കഴിഞ്ഞ സീസണില്‍ ബയേണ്‍ മ്യൂണിക്കിലത്തെിയ ലെവന്‍ഡോസ്കി കരിയറിലെ ഏറ്റവും മികച്ച നേട്ടമെന്നാണ് അഞ്ച് ഗോളുകളെ വിശേഷിപ്പിച്ചത്. ഏറ്റവും വേഗത്തില്‍ ഹാട്രിക്കടിക്കുന്ന താരമെന്ന പദവിയും ലെവനഡോസ്കിയുടെ പേരിലായി. മൂന്നു മിനിറ്റ് 19 സെക്കന്‍ഡിലായിരുന്നു ഹാട്രിക്കിലത്തെിയത്. 1991നുശേഷം ബുണ്ടസ് ലിഗയില്‍ പിറക്കുന്ന അഞ്ച് ഗോള്‍ നേട്ടമെന്ന റെക്കോഡും ഇതിനുണ്ട്. ഡ്യൂസ്ബര്‍ഗിന്‍െറ മൈക്കല്‍ ടോണിസായിരുന്നു ജര്‍മനിയില്‍ അഞ്ച് ഗോള്‍ അടിച്ച അവാസനതാരം. റിസര്‍വ് ബെഞ്ചില്‍ നിന്നത്തെി അഞ്ചടിക്കുന്ന ആദ്യതാരമായും ലെവന്‍ഡോസ്കി ജര്‍മനിയില്‍ മാറി.

പരിക്കോടെയായിരുന്നു ബയേണിന്‍െറ പടയൊരുക്കം. ഫ്രാങ്ക് റിബറി, ആര്‍യന്‍ റോബന്‍, മെഹ്ദി ബെനാടിയ, യാന്‍ കിര്‍ചോഫ് തുടങ്ങിയവരെല്ലാം പരിക്കുകാരണം സൈഡായി. സൂപ്പര്‍താരങ്ങളുടെ അഭാവത്തില്‍ മ്യൂളറിലായി എല്ലാം. ഒപ്പം ഗോറ്റ്സെയും ഡഗ്ളസ്കോസ്റ്റയും. എന്നാല്‍, ആദ്യ പകുതിയില്‍ തീര്‍ത്തും പ്രതിരോധത്തിലാവാനായിരുന്നു വിധി. ഒരു ഗോളിന് പിന്നിലാവുകയും ചെയ്തു. രണ്ടാം പകുതിയില്‍ ലെവന്‍ഡോസ്കിയുടെ വരവോടെ സടകുടഞ്ഞെഴുന്നേറ്റ ബയേണ്‍ വേട്ടക്കാരന്‍െറ ഭാവമണിയുകയായിരുന്നു.
51ാം മിനിറ്റില്‍ ബൊട്ടെങ്ങിന്‍െറ പാസിലൂടെയായിരുന്നു ആദ്യ ഗോള്‍ പിറന്നത്. പിന്നാലെ പിറന്ന മൂന്നും ഒന്നിനൊന്ന് മെച്ചം. ഗോള്‍വേട്ടക്ക് കൊട്ടിക്കലാശമായി 60ാം മിനിറ്റിലെ അഞ്ചാം ഗോള്‍ താരത്തിന്‍െറ മുഴുവന്‍ ക്ളാസും പതിഞ്ഞത്. ഗോട്സെയില്‍ നിന്നത്തെിയ പന്ത് ബൈസിക്കിള്‍ കിക്കിലൂടെ വലയിലേക്കടിച്ചുകയറ്റി ഫൈവ്സ്റ്റാര്‍ മികവില്‍ ലെവന്‍ഡോസ്കി നിന്നപ്പോള്‍, കുമ്മായവരക്ക് പുറത്ത് കോച്ച് പെപ് ഗ്വാര്‍ഡിയോളയും അതിശയപ്പെട്ടു. ഇതോടെ, ആറില്‍ ആറും ജയിച്ച് ബയേണ്‍ പോയന്‍റ് പട്ടികയില്‍ ഒന്നാമതത്തെി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
