ഡബ്ള്‍ മാര്‍ഷല്‍; സിറ്റി ബ്രേക്ക്ഡൗണ്‍
text_fieldsലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയക്കുതിപ്പിന് വെസ്റ്റ് ഹാമിന്‍െറ കടിഞ്ഞാണ്‍. കൗമാരക്കാരന് ആന്റണി മാര്‍ഷലിന്‍െറ ഇരട്ടഗോളിലേറി മാഞ്ചസ്റ്റര്‍ യുനൈറ്റഡും. മാഞ്ചസ്റ്റര്‍ ടീമുകള്‍ വിജയവും പരാജയവും രുചിച്ച ദിനത്തില്‍ താരമായത് ഫ്രഞ്ച് സ്ട്രൈക്കര്‍ മാര്‍ഷല്‍.
തുടര്‍ച്ചയായി 11 ജയങ്ങളുമായി ഇത്തിഹാദ് സ്റ്റേഡിയത്തിലിറങ്ങിയ മുന്‍ ചാമ്പ്യന്മാരെ 2-1ന് കീഴടക്കിയാണ് വെസ്റ്റ്ഹാം സീസണിലെ ആദ്യ ഷോക്ക് സമ്മാനിച്ചത്. നായകന് വിന്‍സന്റ് കൊംപനിയില്ലാതെയിറങ്ങിയ സിറ്റി കളിയുടെ ആറാം മിനിറ്റില്‍തന്നെ ഗോള്‍ വഴങ്ങി. വിക്ടര്‍ മോസസിലൂടെ വെസ്റ്റ്ഹാം ആദ്യ പ്രഹരം സമ്മാനിക്കുമ്പോള്‍ സീസണില്‍ ആദ്യമായാണ് സിറ്റിയുടെ വലകുലുക്കി പന്ത് പതിച്ചത്. ആദ്യപകുതി പിരിയുംമുമ്പേ രണ്ടാം ഗോളും സന്ദര്‍ശകര്‍ നേടി. ഇക്കുറി 31ാം മിനിറ്റില്‍ ഡിയഫ്ര സാകോക്കായിരുന്നു കുലുങ്ങാത്ത വലയിളക്കാന്‍ നിയോഗം. രണ്ടു ഗോളിന് പിന്നില്നിന്നതിന്െറ ഞെട്ടലിലായ സിറ്റിക്ക് ആശ്വാസമായി ആദ്യപകുതി പിരിയുംമുമ്പേ ഇഞ്ചുറി ടൈമില്‍ കെവിന് ഡി ബ്രൂയിന് ഗോള്‍ നേടി. ലിവര്‍പൂളിനെയും ആഴ്സനലിനെയും തകര്‍ത്ത് സീസണ് ഉജ്ജ്വലമായി തുടങ്ങിയ വെസ്റ്റ്ഹാമിന് അര്‍ഹിക്കുന്നതായിരുന്നു ജയം. രണ്ടാം പകുതിയില്‍ അഗ്യൂറോയും സംഘവും ആഞ്ഞു ശ്രമിച്ചെങ്കിലും മിന്നുന്ന സേവുകളുമായി കളംനിറഞ്ഞ വെസ്റ്റ്ഹാം ഗോളി അഡ്രിയാനു മുന്നില്‍ ഒന്നും വിലപ്പോയില്ല.
ആദ്യ തോല്‍വി വഴങ്ങിയെങ്കിലും ലീഗ് പോയന്റ് പട്ടികയില്‍ സിറ്റിതന്നെ ഒന്നാം നമ്പര്‍. ആറു കളിയില്‍ 15 പോയന്റാണ് സിറ്റിക്ക്.
ഞായറാഴ്ച നടന്ന മത്സരത്തില്‍ ടോട്ടന്‍ഹാം 1-0ത്തിന് ക്രിസ്റ്റല്‍ പാലസിനെ തോല്പിച്ചു. കൊറിയന്‍താരം ഹ്യൂങ് മിങ് സണാണ് വിജയഗോള്‍ കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
