ഫിഫയുടെ ബ്ലാക് ബോക്സ് തുറന്നേ പറ്റൂ -സീക്കോ
text_fieldsദുബൈ: കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെയായി സീക്കോ കാല്പന്തിനൊപ്പമുണ്ട്. കളിക്കാരനായും കോച്ചായും മാനേജറായും കളിയുടെ പ്രചാരകനായുമെല്ലാം. ദീര്ഘചതുരക്കളത്തിലെ സാങ്കേതിക മികവും പന്തടക്കവും പ്രവചനാതീതമായ ഗതികളിലുടെ വലയിലേക്ക് തൊടുക്കുന്ന കിക്കുകളും ഈ ബ്രസീലുകാരനെ ‘70 കളുടെ അവസാനവും ‘80 കളുടെ തുടക്കവും ലോകത്തെ ഏറ്റവും മികച്ച കളിക്കാരനാക്കി.പക്ഷെ ‘വെളുത്ത പെലെ’ സംതൃപ്തനല്ല. ‘ഫിഫ’യില്‍ കൂടുതല്‍ സുതാര്യതയും ജനാധിപത്യവും ആവശ്യപ്പെട്ടുള്ള മുറവിളിക്കു മുന്നില്‍ സീക്കോ എന്ന 62 കാരനുണ്ട്. ഫിഫ പ്രസിഡന്റ് സ്ഥാനത്തുനിന്ന് അടുത്ത ഫെബ്രുവരിയില്‍ സെപ്പ് ബ്ളാറ്റര്‍ ഇറങ്ങിപ്പോകുമ്പോള്‍ ആ കസേരയിലേക്ക് മത്സരിക്കുകയാണ് സീക്കോ.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് മുന്നോടിയായി എഫ്.സി ഗോവയുടെ പരിശീലനത്തിനായി ദുബൈയില്‍ എത്തിയ സീക്കോ ‘ഗള്‍ഫ് മാധ്യമ’ത്തിന് അനുവദിച്ച അഭിമുഖത്തില്‍ വിശദമായി തന്നെ സംസാരിച്ചു. ഫിഫയും പ്രസിഡന്റ് തെരഞ്ഞെടുപ്പും തന്‍െറ ലക്ഷ്യവും സാധ്യതയും ഐ.എസ്.എല്ലും എഫ്.സി ഗോവയുമെല്ലാം സംസാര വിഷയമായി.
ഫിഫ ഉടച്ചുവാര്‍ക്കണം
ലോക ഫുട്ബാള്‍ സംഘടനയായ ഫിഫ ഈ രീതിയിലല്ല പ്രവര്‍ത്തിക്കേണ്ടതെന്ന് ഇതിഹാസ താരം പറയുന്നു. ഫിഫയുടെ ഭരണത്തിലും കളിയുടെ നടത്തിപ്പിലും കൂടുതല്‍ ജനാധിപത്യവും സുതാര്യതയും വേണം. അതിനുവേണ്ടിയാണ് താന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഭരണം മാത്രം മാറിയാല്‍പ്പോര. തെരഞ്ഞെടുപ്പ് പ്രക്രിയയും തീരുമാനമെടുക്കുന്ന രീതിയുമെല്ലാം മാറണം. നിലവിലുള്ള സംവിധാനങ്ങളെല്ലാം അഴിച്ചുപണിയണം. ഫിഫയുടെ ബ്ളാക് ബോക്സ് ലോകത്തിന് മുന്നില്‍ തുറന്നേ പറ്റൂ. പൂര്‍ണമായ മാറ്റമാണ് തങ്ങള്‍ മുന്നോട്ടുവെക്കുന്ന വാഗ്ദാനം. ഇതിനായി പത്തിന പത്രിക പുറത്തിറക്കിയിട്ടുണ്ട്. ഇതേക്കുറിച്ച്് കളിയുടെ എല്ലാ മേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ അണിനിരക്കുന്ന വിപുലമായൊരു ചര്‍ച്ച തന്നെ നടക്കേണ്ടതുണ്ട്. എല്ലാ രാജ്യത്തെയും അസോസിയേഷനുകള്‍ക്കും താന്‍ കത്തെഴുതിയിട്ടുണ്ട്.

ഫിഫയുടെ എല്ലാ പ്രവര്‍ത്തനങ്ങളും സുതാര്യമായിരിക്കണമെന്നാണ് ആദ്യ നിര്‍ദേശം. ഫിഫ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതില്‍ കളിക്കാര്‍ക്കും മുന്‍ കളിക്കാര്‍ക്കും കോച്ചുമാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും റഫറിമാര്‍ക്കും ക്ളബ്ബുകള്‍ക്കും കായിക ഡോക്ടര്‍മാര്‍ക്കുമെല്ലാം പങ്കുണ്ടാകണം. ഫുട്ബാളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവര്ക്കും, കാണികള്‍ക്കും വരെ വോട്ടവകാശം നല്‍കണമെന്നാണ് തന്‍െറ അഭിപ്രായം. കളിക്കാരും കോച്ചുമാരും മാധ്യമപ്രവര്‍ത്തകരും വോട്ട് ചെയ്താണ് എല്ലാ വര്‍ഷവും ഫിഫ ലോകത്തെ മികച്ച കളിക്കാരനെ തെരഞ്ഞെടുക്കുന്നത്. എന്നാല്‍ ഫിഫ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതില്‍ ഇവര്‍ക്ക് പങ്കൊന്നുമില്ല. ഇത് മാറണം. ഫുട്ബാളിനെ നിയന്ത്രിക്കേണ്ടത് കളിയുമായി ബന്ധമുള്ളവരാകണം. രാഷ്ട്രീയക്കാരല്ല.
ഫിഫയുടെ ഭരണനിര്‍വഹണത്തിന് നിലവാരവും ചട്ടങ്ങളുമുണ്ടാക്കുമെന്നതാണ് മറ്റൊരു വാഗ്ദാനം. എല്ലാ ദേശീയ അസോസിയേഷനുകളും ഇതനുസരിച്ചായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. ഫിഫയുടെ വരുമാനം കളിയുടെ വികസനത്തിന്് വേണ്ടിതന്നെ ചെലവാക്കും. വനിതാ ഫുട്ബാള്‍, ഫുട്സാല്‍, ബീച്ച് സോക്കര്‍ എന്നിവയുടെ വളര്‍ച്ചക്ക് ഊന്നല്‍ നല്‍കും. കളിയുടെ യഥാര്‍ഥ ഉപയോക്താവായ കാണികളുടെ പങ്കാളിത്തം എല്ലാ തലത്തിലും ഉറപ്പുവരുത്തുമെന്നതാണ് സീക്കോയുടെ മറ്റൊരു വാഗ്ദാനം.

സീക്കോ x പ്ളാറ്റീനി
കളിക്കുന്ന കാലത്ത് തന്‍െറ എതിര്ക്കളത്തിലായിരുന്ന ഫ്രഞ്ച് ഇതിഹാസ താരം മിഷേല്‍ പ്ളാറ്റീനി വീണ്ടും ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരാളിയായി വരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തങ്ങള്‍ രണ്ടുപേരും ഫുട്ബാളിന് നല്ലത് ചെയ്തവരാണെന്നും പ്ളാറ്റിനി തന്‍െറ അടുത്ത സുഹൃത്താണെന്നുമായിരുന്നു സീക്കോയുടെ മറുപടി. പ്ളാറ്റീനി ഇപ്പോള്‍ യുവേഫ പ്രസിഡന്റാണ്. എന്നാല്‍ താന്‍ ഇപ്പോള്‍ പൊസിഷനില്ലാത്ത കളിക്കാരനാണെന്ന് ബ്രസീലിന്‍െറ മഞ്ഞകുപ്പായത്തില്‍ 71 കളികളില്‍ നിന്നായി 48 ഗോളടിച്ച ഈ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
ഫിഫയിലെ അഴിമതിയും കെടുകാര്യസ്ഥതയും കണ്ട് മനംനൊന്താണ് പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കാന്‍ തീരുമാനിച്ചത്. ഇത് തന്‍െറ കടമായാണ് കാണുന്നത്. കളിയിലെ തന്‍െറ അറിവും പരിചയസമ്പത്തും ഇനിയും ഉപയോഗിക്കാനാകും. ഫിഫ പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കാന്‍ അഞ്ചു ദേശീയ അസോസിയേഷനുകളുടെ പിന്തുണ വേണമെന്ന നിബന്ധന തന്നെ മാറ്റണം. അഴിമതിയുടെ ആരംഭം ഇവിടെനിന്നാണ്. തനിക്ക് ഇപ്പോള്‍ ബ്രസീലിന്‍െറ പിന്തുണ മാത്രമാണുള്ളത്. നാലു രാജ്യങ്ങളുടെ പിന്തുണക്കായി ശ്രമം തുടരുകയാണ്. ഒക്ടോബര്‍ 26 ആണ് അവസാന തീയതി. മത്സരരംഗത്തുള്ള മിഷേല്‍ പ്ളാറ്റീനിയെയും ദക്ഷിണ കൊറിയന്‍ കോടീശ്വരന് ചുങ് മോങ്ചൂനിനെയും സംവാദത്തിന് താന്‍ ക്ഷണിച്ചിട്ടുണ്ടെന്ന് മുന്‍ ബ്രസീല്‍ കായിക മന്ത്രി കൂടിയായ സീക്കോ പറഞ്ഞു. കളിയുടെ പുരോഗതിക്ക് എന്തു ചെയ്യാനാകുമെന്ന് എല്ലാവരും പറയട്ടെ.
ഫിഫ വിരുദ്ധനായ ഡീഗോ മറഡോണയുടെ പിന്തുണയെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് തന്നെ സഹായിക്കാനാകുമെന്നും അതിനായി സംസാരിക്കുമെന്നും സീക്കോ പറഞ്ഞു.

ഐ.എസ്.എല്‍ ഫൈനല്‍ ഉറപ്പ്
എഫ്. സി ഗോവ ഇത്തവണ ഐ.എസ്.എല്‍ ഫൈനലില്‍ എത്തുമെന്ന് സീക്കോ പറഞ്ഞു. കഴിഞ്ഞ വര്‍ഷം പ്രഥമ ചാമ്പ്യന്‍ഷിപ്പില്‍ സെമിയില്‍ ടൈ ബ്രേക്കറില്‍ പുറത്താവുകയാ യിരുന്നു. ഇത്തവണ അതിലും മുന്നേറുമെന്ന കാര്യത്തില്‍ സംശയമില്ല. ഡിസംബര്‍ 20ന് ഫൈനലില്‍ എഫ്.സി.ഗോവയുണ്ടാകും. ഫൈനല്‍ ഗോവയിലായതിനാല്‍ ഇക്കാര്യത്തില്‍ ടീമിന് ശാഠ്യമുണ്ട്. 2002ല്‍ ബ്രസീലിന് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റന്‍ ലൂസിയോയായിരിക്കും ഇത്തവണ ടീമിന്‍െറ തുരുപ്പൂശീട്ട്. ലോക ഫുട്ബാളറെന്ന നിലയിലുള്ള ലൂസിയോയുടെ പരിചയ സമ്പത്തിനൊപ്പം കൂട്ടുത്തരവാദിത്തത്തോടെ മറ്റുള്ളവരും ഇറങ്ങുമ്പോള്‍ പഴുതുകളെല്ലാം അടയും. ദുബൈ സ്പോര്‍ട്സ് സിറ്റിയില്‍ ദിവസം രണ്ടു നേരം ടീം പരിശീലനം നടത്തുന്നു. യു.എ.ഇയിലെ വിവിധ ടീമുകളുമായി മൂന്നു സൗഹൃദ മത്സരങ്ങളും കളിക്കും.
കഴിഞ്ഞ തവണ ആദ്യ മത്സരങ്ങളില്‍ തോറ്റതാണ് പിന്നിലാക്കിയത്. ഇത്തവണ ആ തെറ്റ് ആവര്‍ത്തിക്കില്ളെന്ന് ജപ്പാന്, ഇറാഖ് ദേശീയ ടീമുകളെയും ബ്രസീല്‍,തുര്‍ക്കി, റഷ്യ, ഗ്രീസ് എന്നിവിടങ്ങളിലെ വിവിധ ക്ളബ്ബുകളെയും പരിശീലിപ്പിച്ചിട്ടുള്ള സീക്കോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
