ഐസ് ലന്‍ഡിന് യൂറോകപ്പ് യോഗ്യത; ചരിത്രനേട്ടം
text_fieldsപാരിസ്: യൂറോപ്പിനും ഐസണിഞ്ഞു നില്ക്കുന്ന ഗ്രീന്‍ലന്‍ഡിനും മധ്യേ കടലിനുനടുവിലെ കൊച്ചു ദ്വീപായ ഐസ് ലന്‍ഡ് കാല്പന്തുകളിയില് പുതുചരിത്രമെഴുതുകയാണ്. ലോക ഫുട്ബാളിലെ വമ്പന്മാര് മാറ്റുരക്കുന്ന യൂറോകപ്പില്‍ ഒരിടംപിടിക്കാനായി പ്രമുഖരെല്ലാം പെടാപാട് പെടുമ്പോള്‍ രണ്ടുമത്സരം ബാക്കിനില്‍ക്കെ ഐസ് ലന്‍ഡ് ടിക്കറ്റുറപ്പിച്ചു. ഗ്രൂപ് ‘എ’യില്‍ ഡച്ചുകാരെ രണ്ടുതവണ നിലംപരിശാക്കിയ ദ്വീപുകാര്‍ തിങ്കളാഴ്ച പുലര്‍ച്ചെ കസാഖ്സ്താനെ സമനിലയില്‍ തളച്ച് ഒരുപോയന്റുകൂടി നേടി യൂറോകപ്പിന് അനായാസം ഇടമുറപ്പിച്ചു. എട്ടുകളിയില്‍ ആറു ജയവും ഒരോ സമനിലയും തോല്‍വിയുമായി 19 പോയന്റ് പോക്കറ്റിലാക്കിയാണ് ഐസ് ലന്‍ഡ് ഗ്രൂപ്പിലെ ഒന്നാമനായി 2016ല്‍ ഫ്രാന്‍സില്‍ നടക്കുന്ന യൂറോകപ്പിന് യോഗ്യത നേടിയത്. ഇതേ പോയന്റുമായി രണ്ടാംസ്ഥാനത്തുള്ള ചെക് റിപ്പബ്ളിക്കും യോഗ്യത നേടി.
ഇതാദ്യമായാണ് ഐസ്ലന്ഡ് രാജ്യാന്തര തലത്തിലൊരു ടൂര്‍ണമെന്റിന് യോഗ്യത നേടുന്നത്. 2014 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പ്ളേ ഓഫ് വരെ കളിച്ചതായിരുന്നു ഇതുവരെയുള്ള ഏറ്റവുംമികച്ച റെക്കോഡ്. ഫിഫ റാങ്കിങ്ങില്‍ 23ാം സ്ഥാനത്തുള്ള ഐസ്ലന്ഡ് യോഗ്യതക്ക് ഒരു പോയന്റ് മാത്രം മതിയെന്ന നിലയിലാണ് കസാഖ്സ്താനെതിരെ ഇറങ്ങിയത്്. നിര്‍ണായക മത്സരത്തിലാവട്ടെ ഗോള്‍രഹിത സമനില പാലിച്ച് യോഗ്യത ഉറപ്പാക്കുകയും ചെയ്തു. ഗ്രൂപ് ‘സി’യില്‍ ഏഴില്‍ ഏഴും ജയിച്ച ഇംഗ്ളണ്ടാണ് ആദ്യം യോഗ്യത ഉറപ്പിച്ച ടീം.
ഗ്രൂപ് ‘എച്ചി’ല്‍ മുന്‍ ചാമ്പ്യന്മാരായ ഇറ്റലി, ബള്‍ഗേറിയയെ 1-0ത്തിന് തോല്പിച്ച് യോഗ്യതാ സാധ്യത ശക്തമാക്കി. ഗോള്‍കീപ്പര്‍ ജിയാന്‍ലൂയിജി ബുഫണിന്‍െറ 150ാം രാജ്യാന്തര മത്സരമായിരുന്നു ഇത്. ആറാം മിനിറ്റില്‍ ഡാനിയല്‍ റോസിയാണ് അസൂറിപ്പടയുടെ വിജയ ഗോള്‍ കുറിച്ചത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ നോര്‍വേ, ക്രൊയേഷ്യയെ 2-0ത്തിന് തോല്പിച്ച് രണ്ടാംസ്ഥാനത്തത്തെി. ഇറ്റലി, നോര്‍വേ, ക്രൊയേഷ്യ എന്നിവര്‍ 18, 16, 15 പോയന്റുമായാണ് ആദ്യ രണ്ടുസ്ഥാനക്കാര്ക്കുള്ള ബര്‍ത്തിന് പോരടിക്കുന്നത്.
ഗ്രൂപ് ‘ബി’യില്നിന്ന് അട്ടിമറിവീര്യവുമായി കുതിച്ച വെയ്ല്‍സിന് യോഗ്യത നേരത്തെ ഉറപ്പിക്കാനുള്ള അവസരം ഇസ്രായേല്‍ കളഞ്ഞു. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഗോള്‍രഹിത സമനില വഴങ്ങിയ വെയ്ല്‍സിന് ഒക്ടോബറില്‍ നടക്കുന്ന അടുത്ത മത്സരംവരെ കാത്തിരിക്കണം. അതേസമയം, സൈപ്രസിനെ 1-0ത്തിന് തോല്പിച്ച ബെല്‍ജിയവും നിലഭദ്രമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
