വംഗനാട് കീഴടക്കി പെലെ
text_fieldsകൊല്‍ക്കത്ത: ‘പെലെ, പെലെ...’ വിമാനത്താവളത്തിലത്തെിയ ആയിരങ്ങളുടെ ആര്‍പ്പുവിളികള്‍ക്കിടയിലേക്ക് വന്നിറങ്ങിയ കാല്‍പന്തുകളിയുടെ രാജാവിനെ കൊല്‍ക്കത്ത നെഞ്ചോട് ചേര്‍ത്തു. ഇനിയുള്ള രണ്ടുദിനം ഇന്ത്യന്‍ ഫുട്ബാളിന്‍െറ മക്ക കളിയുടെ തമ്പുരാന്‍െറ സാന്നിധ്യംകൊണ്ട് അനുഗൃഹീതമാവും. വിമാനത്താവളത്തിനു പുറത്ത് കാത്തുനിന്ന എസ്.യു.വിയുടെ പടവുകളില്‍നിന്ന് ആരാധകര്‍ക്കു നേരെയായി കൈ ഉയര്‍ത്തി ഹൃദ്യമായ സ്വീകരണത്തിന് ഫുട്ബാള്‍ രാജാവ് നന്ദിചൊല്ലി, ‘താങ്ക്യൂ കൊല്‍ക്കത്ത’. വിമാനത്താവളത്തില്‍നിന്ന് നേരെ വിശ്രമസ്ഥലമായ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് പോയ ഫുട്ബാള്‍ ഇതിഹാസത്തെ സ്വീകരിച്ചാനയിച്ചത് ഇന്ത്യന്‍ ഫുട്ബാളിലെ കൊല്‍ക്കത്തയുടെ നക്ഷത്രം ചുനി ഗോസ്വാമി. ഒപ്പം, മുന്‍ ഇന്ത്യന്‍ താരം ദീപേന്ദു ബിശ്വാസും.
ബ്രസീലിനെ നാലു ലോകകപ്പുകളില്‍ കിരീടമണിയിച്ച വിശ്വതാരത്തെ ചുനി ഗോസ്വാമി സ്വീകരിച്ചത് ഫുട്ബാള്‍ വര്‍ത്തമാനവുമായി. കളിക്കാനുള്ള ക്ഷണത്തെ 74കാരനായ പെലെ ഒറ്റവാക്കില്‍ ഡ്രിബ്ള്‍ ചെയ്ത് കടന്നു: ‘ഇല്ല, ഞാനത്ര ഫിറ്റല്ല’. പുതുതലമുറയിലെ ആരാധകര്‍ കാത്തിരിക്കുന്ന മറ്റൊരു ചോദ്യമെറിഞ്ഞ് ഗോസ്വാമി പെലെയെ വീണ്ടും വീഴ്ത്താന്‍ ശ്രമിച്ചു, ‘ലയണല്‍ മെസ്സിയുടെ പ്രതിഭയെ എങ്ങനെ വിലയിരുത്തും?’
പക്ഷേ, കളിയേറെ കണ്ട മഞ്ഞക്കുപ്പായക്കാരന്‍ ഇക്കുറിയും ഇന്ത്യന്‍ ടാക്ളിങ്ങിനെ മനോഹരമായി മറികടന്നു: ‘പ്രതിഭയില്‍ മെസ്സി, എനിക്കും മറഡോണയോടുമൊപ്പം തന്നെ വരും’.

മുന്‍ ഈസ്റ്റ്ബംഗാള്‍ താരം 80കാരനായ ഭുവന്‍ മിത്ര ഉള്‍പ്പെടെയുള്ള ഫുട്ബാള്‍ താരങ്ങളും ആരാധകരും പെലെ താമസിക്കുന്ന ഹോട്ടലിനു പുറത്ത് ഇതിഹാസതാരത്തെ ഒരുനോക്കു കാണാന്‍ തടിച്ചുകൂടിയിരുന്നു. മോഹന്‍ ബഗാന്‍െറ പച്ചയും മെറൂണും നിറമുള്ള പതാകയും ബ്രസീല്‍ ദേശീയപതാകയുമായാണ് ആരാധകക്കൂട്ടം നഗരഹൃദയത്തിലേക്കത്തെുന്നത്.രാവിലെ എട്ടുമണിയോടെ വിമാനമിറങ്ങിയ പെലെക്ക് ഞായറാഴ്ച വിശ്രമദിനമായിരുന്നു. തിങ്കളാഴ്ച രാവിലെ മാധ്യമങ്ങളെ കാണും. തുടര്‍ന്ന് സ്കൂള്‍ വിദ്യാര്‍ഥികളുമായി മുഖാമുഖം. വൈകുന്നേരത്തോടെ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയം സന്ദര്‍ശിക്കും. 38 വര്‍ഷം മുമ്പ് 1977ല്‍ ആദ്യമായി വന്നപ്പോള്‍ മോഹന്‍ ബഗാനെതിരെ ന്യൂയോര്‍ക് കോസ്മോസിനുവേണ്ടി പ്രദര്‍ശന മത്സരം കളിച്ചത് ഇവിടെയായിരുന്നു. അന്ന് മോഹന്‍ബഗാനുവേണ്ടി കളിച്ച താരങ്ങളെ ആദരിക്കുന്ന ‘ലെജന്‍ഡറി നൈറ്റ്’ എന്ന ചടങ്ങിലും പെലെ പങ്കെടുക്കും.
നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ പരിപാടിയില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ടോക് ഷോയിലും പങ്കാളിയാവും. സംഗീതസംവിധായകന്‍ എ.ആര്‍. റഹ്മാന്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ടെന്നിസ് താരം റാഫേല്‍ നദാല്‍ വിഡിയോ കോണ്‍ഫറന്‍സ് വഴിയും പങ്കെടുക്കും. സന്ദര്‍ശനത്തിന്‍െറ അവസാന ദിവസമായ ചൊവ്വാഴ്ച അത്ലറ്റികോ ഡി കൊല്‍ക്കത്തയും കേരള ബ്ളാസ്റ്റേഴ്സും തമ്മില്‍ സോള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ഐ.എസ്.എല്‍ മത്സരത്തിന് മുഖ്യാതിഥിയായും എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
