ഐ.എസ്.എല്‍: ഗോളടിക്കാതെ ബ്ലാസ്റ്റേഴ്സും മുംബൈയും
text_fieldsകൊച്ചി: ഐ.എസ്.എല്‍ രണ്ടാം സീസണിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് ഗോള്‍രഹിത സമനില. മുംബൈ എഫ്.സിയുമായാണ് കേരളത്തിന്‍െറ സ്വന്തം മഞ്ഞപ്പട സമനില വഴങ്ങിയത്. അറുപതിനായിരത്തില്പരം കാണികള്‍ ആരവവുമായി ഇന്നും കൊച്ചിയില്‍ എത്തിയെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. ഇതോടെ കേരളത്തിന് രണ്ടാം ഐ.എസ്.എല്ലില്‍ ഒരു ജയവും ഒരു സമനിലയുമായി. ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് എഫ്.സിയെയാണ് കേരളം തോല്‍പ്പിച്ചത്. അതേസമയം ആദ്യ കളിയില്‍ തോല്‍വി പിണഞ്ഞ മുംബൈക്ക് ഇന്നത്തെ സമനില തിരിച്ചടിയായി. ഈ സീസണിലെ ആദ്യത്തെ ഗോള്‍രഹിത സമനിലയാണ് ഇന്നുണ്ടായത്.
ആദ്യ മത്സരത്തില്‍ കണ്ട കേരളാ ടീമിനെയായിരുന്നില്ല ഇന്ന് കൊച്ചിയില്‍ കണ്ടത്. ആക്രമണത്തില്‍ മുന്നില്‍ നികോളസ് അനല്‍ക്ക തന്ത്രമോതിക്കൊടുത്ത മുംബൈ തന്നെയായിരുന്നു. ആദ്യ മിനിറ്റുകളില്‍ തന്നെ മുംബൈ ആക്രമണം നടത്തി. ആക്രമിച്ചുകളിക്കുന്ന കേരളത്തിനെതിരെ അറ്റാക്കിങ് തന്നെയാണ് മികച്ച തന്ത്രമെന്ന തിരിച്ചറിവിലാണ് ആദ്യ അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ രണ്ട് മികച്ച മുന്നേറ്റങ്ങളോടെ കളി ആരംഭിക്കാന്‍ മുബൈക്കായത്. മറുവശത്ത് മുംബൈയുടെ ഭാഗത്തേക്ക് ആദ്യ പകുതിയില്‍ പന്ത് അധികം കയറിയില്ല.
ഹെയ്തി താരം സോണി നോര്‍ദെയാണ് മുംബൈ നിരയില്‍ ഏറ്റവും അപകടകാരിയായി കാണപ്പെട്ടത്. ഇടതുവിംഗിലൂടെയായിരുന്നു സോണിയുടെ ആക്രമണം. മണിപ്പൂരി താരം സിംഗം സുഭാഷ് സിങ്ങും മുന്നേറ്റനിരയില്‍ മോശമാക്കിയില്ല. കേരളാ ഗോള്‍കീപ്പര്‍ ബേവാട്ടര്‍ 12ാം മിനിറ്റിലാണ് ആദ്യ പരീക്ഷണം നേരിട്ടത്. സോണി നോര്‍ദെ എടുത്ത ഫ്രീകിക്ക് സിംഗം ഗോളിലേക്ക് ലക്ഷ്യം വെച്ചെങ്കിലും ബേവാട്ടര്‍ കൃത്യമായി അത് കൈപിടിയില്‍ ഒതുക്കി അപകടം ഒഴിവാക്കി.
പിന്നീടും പല തവണ സോണി നോര്‍ദെയുടെ വേഗതയും കരുത്തും കേരള പ്രതിരോധ നിരയെ പരീക്ഷിച്ചുകൊണ്ടിരുന്നു. ഇതിനിടയില്‍ 38ാം മിനിറ്റില്‍ സോണിയുടെ ഒരു കിടിലന്‍ ഷോട്ട് ബേവാട്ടര്‍ തടഞ്ഞിട്ടു. രണ്ടാം പകുതി ആരംഭിച്ചത് സിംഗം സിങിന്‍െറ ആക്രമണത്തിലാണ്. രണ്ടാം പകുതിയുടെ ആദ്യത്തില്‍ രണ്ട് തവണ കേരള ഗോള്‍കീപ്പര്‍ പരീക്ഷിക്കപ്പെട്ടു.
രണ്ടാം പകുതിയുടെ ആരംഭത്തില്‍ തന്നെ ഇരുടീമുകളും കളിക്കാരെ മാറ്റിയിറക്കി. കേരളം മന്ദീപ് സിങ്ങിനെ മാറ്റി ഇഷ്ഫാഖ് അഹ്മദിനെ ഇറക്കിയപ്പോള്‍, മുംബൈ അഷുതോഷ് മേത്തെയയും സലിം ബെനാചൂരിനെയും മാറ്റി ഐതോര്‍ ഫെര്‍ണാണ്ടസ് ലോപസിനെയും താംഗജം സിങ്ങിനെയും കളത്തിലിറക്കി.
കഴിഞ്ഞ മത്സരത്തിലേതുപോലെ സി.കെ വിനീത് തന്നെയായിരുന്നു കേരളത്തിനു വേണ്ടി മികച്ച കളി പുറത്തെടുത്തത്. ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ സ്റ്റീഫന്‍ ബേവാട്ടറും കേരളത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചു. ബ്ലാസ്റ്റേഴ്സിന്െറ അടുത്ത മത്സരം ചൊവ്വാഴ്ച കൊല്‍ക്കത്തയുമായാണ്. കൊല്‍ക്കത്തയില്‍ വെച്ചാണ് മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
