ലോകകപ്പ് യോഗ്യത: അര്‍ജന്റീനയും ബ്രസീലും ഇന്നിറങ്ങുന്നു
text_fieldsബ്വേനസ് എയ്റിസ്: നിര്‍ത്തിയേടത്തുനിന്നും തുടങ്ങാന്‍ ലാറ്റിനമേരിക്ക വീണ്ടും മൈതാനത്തേക്ക്. സ്വന്തം മണ്ണില്‍ നാണക്കേടിന്‍െറ നടുക്കടലില്‍പെട്ട ബ്രസീലും ഫൈനല്‍ വരെയത്തെിയിട്ടും മോഹക്കപ്പില്‍ തൊടാന്‍ ഭാഗ്യം ലഭിക്കാതെപോയ അര്‍ജന്റീനയും പാതിവഴിയില്‍ പൊരുതിവീണ ഉറുഗ്വായും കൊളംബിയയും കോപ ചാമ്പ്യന്മാരായി പുതുവിപ്ളവത്തിന് തുടക്കമിട്ട ചിലിയുമെല്ലാം സ്വപ്നങ്ങള്‍ വീണ്ടും തുന്നിച്ചേര്‍ത്ത് 2018 റഷ്യ ലോകകപ്പിലേക്ക് പന്തുതട്ടാനിറങ്ങുന്നു. നാലുപേര്‍ക്ക് നേരിട്ടും ഒരാള്‍ക്ക് പ്ളേഓഫിലൂടെയും ടിക്കറ്റുള്ള ലാറ്റിനമേരിക്കന്‍ മണ്ണിന്‍െറ പ്രതിനിധികളാവാന്‍ 10 ടീമുകളാണ് അങ്കത്തട്ടിലിറങ്ങുന്നത്.
വ്യാഴാഴ്ചയാരംഭിക്കുന്ന കിക്കോഫിന് കൊട്ടിക്കലാശം കുറിക്കുന്നത് 2017 ഒക്ടോബര്‍ 10ന്. ഓരോ ടീമിനും ഹോം-എവേ അടിസ്ഥാനത്തില്‍ 18 മത്സരങ്ങളാണുള്ളത്. കൂടുതല്‍ പോയന്റ് നേടുന്ന നാലുപേര്‍ക്കാണ് നേരിട്ട് പ്രവേശം. അഞ്ചാമന് ഓഷ്യാനിയ ചാമ്പ്യന്മാരുമായി പ്ളേഓഫ് കളിച്ചുവേണം യോഗ്യത നേടാന്‍.
സൂപ്പര്‍ താരങ്ങളില്ലാതെയാണ് ടീമുകള്‍ ആദ്യ അങ്കത്തിനിറങ്ങുന്നത്. പരിക്കുകാരണം ലയണല്‍ മെസ്സി അര്‍ജന്റീന ടീമിലില്ല. നെയ്മര്‍ സസ്പെന്‍ഷനിലായത് ബ്രസീലിന് തിരിച്ചടിയാവും. ഉറുഗ്വായ് നിരയില്‍ ലൂയി സുവാരസും എഡിന്‍സണ്‍ കവാനിയും കൊളംബിയന്‍ ടീമില്‍ ജെയിംസ് റോഡ്രിഗസും കളിക്കില്ല. കഴിഞ്ഞ ലോകകപ്പില്‍, ആതിഥേയരെന്ന നിലയില്‍ ബ്രസീലിന് യോഗ്യതാ റൗണ്ട് പരീക്ഷയില്ലായിരുന്നു. എന്നാല്‍, ഇക്കുറി തുടര്‍ച്ചയായി പ്രതിരോധത്തിലായ മഞ്ഞപ്പടയെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളിയാണ്. ആദ്യ മത്സരത്തില്‍, കോപ ചാമ്പ്യന്മാരായ ചിലിയാണ് ദുംഗയുടെ കുട്ടികളുടെ എതിരാളി.
കോപ, ലോകകപ്പ് ഫൈനലിസ്റ്റായ അര്‍ജന്റീന എക്വഡോറിനെ നേരിടും. സ്റ്റാര്‍ സ്ട്രൈക്കര്‍ ലയണല്‍ മെസ്സിയില്ലാത്ത ടീമിന്‍െറ ഉത്തരവാദിത്തത്തില്‍ കാര്‍ലോസ് ടെവസ് നിയോഗിക്കപ്പെടുമോയെന്നാണ് ചോദ്യം. സെര്‍ജിയോ അഗ്യൂറോ, എയ്ഞ്ചല്‍ ഡി മരിയ എന്നിവരും ടീമിലുണ്ട്.
മറ്റുമത്സരങ്ങളില്‍ ബൊളീവിയ ഉറുഗ്വായ്യെയും കൊളംബിയ പെറുവിനെയും വെനിസ്വേല പരഗ്വേയെയും നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
