റോമ സാമ്രാജ്യം കത്തിച്ച് ബാഴ്സ
text_fieldsബാഴ്സലോണ: ലോകത്തെ ഏറ്റവും അപകടംനിറഞ്ഞ മൂന്നു തീപ്പന്തങ്ങള്‍ രണ്ടുമാസത്തെ ഇടവേളക്കുശേഷം വീണ്ടും പ്ളെയിങ് ഇലവനില്‍ ഒത്തുചേര്‍ന്നു. ഗോളടിച്ചും അടിപ്പിച്ചും ആഘോഷമായിരുന്നു പിന്നീട് കളത്തില്‍. ഫലമനുഭവിച്ചത് റോമക്കാരും. ബാഴ്സലോണയുടെ ആ മൂവര്‍സംഘത്തിന് മുന്നില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗിന്‍െറ ഗ്രൂപ് ഇ പോരാട്ടത്തില്‍ ഇറ്റാലിയന്‍ ക്ളബ് റോമ 6-1ന് തകര്‍ന്നടിഞ്ഞു. സീസണിലെ ഏറ്റവുംമികച്ച ജയം നേടിയ നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്മാര്‍ നോക്കൗട്ടിലേക്ക് ഗ്രൂപ് ചാമ്പ്യന്മാരായി മുന്നേറി.
സ്വന്തം മണ്ണായ ന്യൂകാമ്പില്‍ ലയണല്‍ മെസ്സിയുടെ ബൂട്ടുകള്‍ ഇരട്ടപ്രഹരവുമായി തിരിച്ചുവരവ് ഗംഭീരമാക്കിയപ്പോള്‍ ലൂയിസ് സുവാരസും ഇരട്ട ഗോളുകളുമായി റോമയെ വരിഞ്ഞുമുറുക്കി. പിക്വെും അഡ്രിയാനോയും വേട്ടയില്‍ പങ്കാളികളായി. ഗോള്‍പട്ടികയില്‍ ഇടംനേടിയില്ളെങ്കിലും അതുല്യമായ പ്ളെയ്സിങ്ങുകളിലൂടെ കൂട്ടുകാര്‍ക്ക് പന്തത്തെിച്ച് ഗോള്‍വഴികള്‍ തുറന്ന് നെയ്മറും റോള്‍ ഗംഭീരമാക്കി. 15, 44 മിനിറ്റുകളിലാണ് സുവാരസ് വലകുലുക്കിയത്. 18, 59 മിനിറ്റുകളില്‍ മെസ്സിയും കറ്റാലന്‍ ഗാലറിയെ കോരിത്തരിപ്പിച്ചു. 56ാം മിനിറ്റില്‍ പിക്വെും 77ാം മിനിറ്റില്‍ അഡ്രിയാനോയും റോമന്‍ വലയില്‍ പന്തത്തെിച്ചു. കളി തീരാന്‍ നിമിഷങ്ങള്‍ ശേഷിക്കെ ഇഞ്ചുറി ടൈമില്‍ എഡിന്‍ സെകോയാണ് റോമയുടെ ആശ്വാസ ഗോള്‍ നേടിയത്.
തകര്‍ത്തുവാരി ബയേണും ചെല്‍സിയും ആഴ്സനലും
ഗ്രൂപ് എഫില്‍നിന്ന് നോക്കൗട്ടിലേക്കുള്ള പ്രവേശം ബയേണ്‍ മ്യൂണിക്കും വന്‍ജയത്തോടെ സാധ്യമാക്കി. ഒളിമ്പ്യാകോസിനെ 4-0ത്തിന് വീഴ്ത്തിയാണ് ബയേണ്‍ ഗ്രൂപ് ജേതാക്കളായി മുന്നേറിയത്. ഡഗ്ളസ് കോസ്റ്റ (8), റോബര്‍ട്ടോ ലെവന്‍ഡോവ്സ്കി (16), തോമസ് മ്യൂളര്‍ (20), കിങ്സ്ലി കോമന്‍ (69) എന്നിവരാണ് സ്വന്തം തട്ടകത്തില്‍ ബയേണിന്‍െറ വേട്ടക്കാരായത്. ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍, അലക്സിസ് സാഞ്ചസിന്‍െറ ഇരട്ടഗോളിന്‍െറ (33, 69) ബലത്തില്‍ ഡൈനാമോ സഗ്രേബിനെ 3-0ത്തിന് പറത്തിയ ആഴ്സനല്‍ മൂന്നാം സ്ഥാനവുമായി നോക്കൗട്ടിലേക്കുള്ള നേരിയ പ്രതീക്ഷ നിലനിര്‍ത്തി. മെസ്യൂട്ട് ഓസിലാണ് (29) ആഴ്സനലിന്‍െറ ആദ്യ ഗോള്‍ നേടിയത്.
ഗ്രൂപ് ജിയില്‍ ചെല്‍സി, മകാബി തെല്‍ അവീവിനെതിരെ ആത്മവിശ്വാസമേകുന്ന 4-0 ജയം സ്വന്തമാക്കി. ഗാരി കാഹില്‍ (20), വില്യന്‍ (73), ഓസ്കാര്‍ (77), കര്‍ട്ട് സൗമ (90+) എന്നിവരുടെ ഗോളുകളില്‍ എതിരാളികളുടെ മണ്ണില്‍ ജയംനേടിയ ചെല്‍സി നോക്കൗട്ട് ഏതാണ്ട് ഉറപ്പിച്ചു. ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ഒന്നാമതുള്ള പോര്‍ട്ടോക്കെതിരെ ഡൈനാമോ കിയവ് ഞെട്ടിക്കുന്ന ജയം (2-0) നേടി. ലിയോണിനെ ജെന്‍റും 2-1ന് തോല്‍പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
