യുനൈറ്റഡിന് തുടര്‍ച്ചയായ നാലാം തോല്‍വി
text_fieldsലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ കോച്ച് ലൂയി വാന്‍ഗാലിന്‍െറ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് ഉറപ്പായി. സ്ഥാനചലന വാര്‍ത്തകള്‍ പരക്കുന്നതിനിടെ, വിമര്‍ശകരുടെ വായടപ്പിക്കാന്‍ ജയം തേടിയിറങ്ങിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ സ്റ്റോക് സിറ്റി കുഴിച്ചുമൂടി. കളിയുടെ 19ാം മിനിറ്റില്‍ ബൊയാന്‍ ക്രിചും 26ാം മിനിറ്റില്‍ മാര്‍കോ അര്‍നടോവിച്ചും നേടിയ ഗോളിലൂടെയായിരുന്നു സ്റ്റോക് സിറ്റിയുടെ ജയം.
തുടര്‍ച്ചയായി നിറംമങ്ങിയ വെയ്ന്‍ റൂണിയെ സൈഡ് ബെഞ്ചിലിരുത്തി പ്ളെയിങ് ഇലവനെ ഇറക്കിയിട്ടും ലൂയി വാന്‍ഗാലിനു രക്ഷയില്ലാതായി. പ്രീമിയര്‍ ലീഗില്‍ യുനൈറ്റഡിന്‍െറ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. ചാമ്പ്യന്‍സ് ലീഗ് തോല്‍വി ഉള്‍പ്പെടെ നാലാമത്തെയും.
ശനിയാഴ്ച നടന്ന മറ്റുമത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി 4-1ന് സണ്ടര്‍ലന്‍ഡിനെ വീഴ്ത്തിയപ്പോള്‍ ഒന്നാം നമ്പറുകാരായ ലെസ്റ്റര്‍സിറ്റി ലിവര്‍പൂളിനോട് തോറ്റു (1-0). ചെല്‍സി-വാറ്റ്ഫോഡ് മത്സരം 2-2ന് സമനിലയില്‍ പിരിഞ്ഞു. സ്വാന്‍സീ 1-0ത്തിന് വെസ്റ്റ്ബ്രോംവിചിനെയും ടോട്ടന്‍ഹാം 3-0ത്തിന് നോര്‍വിചിനെയും തോല്‍പിച്ചു.
റഹിം സ്റ്റര്‍ലിങ്, യായാ ടുറെ, വില്‍ഫ്രഡ് ബോണി, കെവിന്‍ ഡി ബ്രുയിന്‍ എന്നിവരാണ് സിറ്റിയുടെ സ്കോറര്‍മാര്‍. ക്രിസ്റ്റ്യന്‍ ബെന്‍റകിന്‍െറ ഏക ഗോളാണ് ലിവര്‍പൂളിന് ജയമൊരുക്കിയത്. തോറ്റെങ്കിലും ലെസ്റ്റര്‍ സിറ്റിയുടെ ഒന്നാം സ്ഥാനത്തിന് ഇളക്കമില്ല. 18 കളിയില്‍ 38 പോയന്‍റുമായി ലെസ്റ്ററാണ് മുന്നില്‍. ആഴ്സനല്‍ (36), മാഞ്ചസ്റ്റര്‍ സിറ്റി (35), ടോട്ടന്‍ഹാം (32), ക്രിസ്റ്റല്‍ പാലസ് (30), മാ. യുനൈറ്റഡ് (29) എന്നിങ്ങനെയാണ് ആദ്യ ആറ് സ്ഥാനക്കാര്‍. ഡീഗോ കോസ്റ്റ ഇരട്ട ഗോള്‍ നേടിയിട്ടും വാറ്റ്ഫോഡിനെതിരെ ചെല്‍സിക്ക് ജയം സ്വന്തമാക്കാനായില്ല. പെനാല്‍റ്റി ഗോളവസരം പുറത്തേക്കടിച്ച ഒസ്കര്‍ നീലപ്പടക്ക് അര്‍ഹിച്ച ജയം കളഞ്ഞുകുളിച്ചു.
പരിശീലക സ്ഥാനത്തേക്കുറിച്ച് ആശങ്കയില്ളെന്ന് യുനൈറ്റഡ് കോച്ച് ലൂയി വാന്‍ഗാല്‍ പറഞ്ഞു. ‘ഭാവിയെക്കുറിച്ച് എനിക്കുറപ്പ് ലഭിച്ചിട്ടുണ്ട്. നിര്‍ണായകഘട്ടത്തില്‍ ടീം അധികൃതരും ആരാധകരും ഒപ്പമുണ്ട്. കളിക്കാര്‍ സമ്മര്‍ദത്തില്‍നിന്നും തിരിച്ചുവരും’ -കോച്ച് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
