ഗോളടിക്കും ഗോളി ഗ്ളൗസ് അഴിച്ചു
text_fieldsസാവോ പോളോ: കഴിഞ്ഞ വെള്ളിയാഴ്ച ബ്രസീലിലെ മൊറുംബി സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ 45,000 കാണികള്‍ ഇടറിയ ശബ്ദത്തില്‍ അയാള്‍ക്കു വിടനല്‍കി. ‘ഓരോ ടീമിനും ഗോളിമാരുണ്ടാകും. പക്ഷേ, സെനി നീ ഞങ്ങളുടേത് മാത്രമാണ്’.
ഒടുവില്‍, 25 വര്‍ഷത്തെ ഫുട്ബാള്‍ കരിയര്‍ അവസാനിപ്പിച്ച് ഏറ്റവുംകൂടുതല്‍ ഗോള്‍നേടിയ ഗോളിയെന്ന വിശേഷണവുമായി സാവോ പോളോ ക്ളബിലെ ഗോളി റൊജേറിയോ സെനി ഗ്ളൗസും ബൂട്ടുമഴിച്ചു. സാവോ പോളോ ക്ളബിനു വേണ്ടി 25 വര്‍ഷം ഗോളിയുടെ ഗ്ളൗസ് അണിയുകയും ഫ്രീകിക്കിലൂടെയും പെനാല്‍റ്റിയിലൂടെയും 131 തവണ വലകുലുക്കുകയും ചെയ്താണ് സെനി വിസ്മയമായത്.
തിരിച്ചുവരാനാകാത്ത വിധം പരിക്കുപിടികൂടിയപ്പോള്‍ 42ാം വയസ്സില്‍ ഗ്ളൗസും ബൂട്ടുമഴിക്കുകയായിരുന്നു. 69 ഗോളുകള്‍ പെനാല്‍റ്റിയിലൂടെയും 61 ഗോളുകള്‍ ഫ്രീകിക്കിലൂടെയും നേടിയപ്പോള്‍ ഒരെണ്ണം ഫീല്‍ഡ് ഗോളായിരുന്നു.
ബ്രസീലിലെ സാവോ പോളോ ഫുട്ബാള്‍ ക്ളബായിരുന്നു സെനിയുടെ കളിജീവിതം. 1990ല്‍ 17ാം വയസ്സില്‍ കളിതുടങ്ങി. ബ്രസീല്‍ ദേശീയ ടീമിനായി 20ലേറെ മത്സരങ്ങളില്‍ ബൂട്ടുകെട്ടിയിട്ടുണ്ട്. 2002 ലോകകപ്പ് ടീമില്‍ അംഗമായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചില്ല. സാവോ പോളോക്കുവേണ്ടി 1237 മത്സരങ്ങളിലാണ് സെനി ഗ്ളൗസ് അണിഞ്ഞത്. മുന്‍ ബ്രസീലിയന്‍ ക്യാപ്റ്റന്‍ കഫു, റൊണാള്‍ഡോ തുടങ്ങിയ വമ്പന്മാര്‍ക്കൊപ്പവും സെനി കളിച്ചു. ഒരൊറ്റ ക്ളബിനുവേണ്ടി ഇത്രയും മത്സരങ്ങള്‍ കളിച്ച ഏകതാരമെന്ന ബഹുമതിയും സെനിക്കു സ്വന്തം. 16 വര്‍ഷം ടീമിനെ നയിച്ച സെനിയുടെ കീഴില്‍ 2005ല്‍ ഫിഫ ക്ളബ് ലോകകപ്പും രണ്ട് ലിബര്‍ട്ടാഡോറസ് കപ്പും മൂന്ന് ബ്രസീലിയന്‍ ചാമ്പ്യന്‍ഷിപ്പും ഉള്‍പ്പെടെ 26 കിരീടങ്ങള്‍ നേടിയിട്ടുണ്ട്. 2002ലായിരുന്നു സെനിയുടെ സുവര്‍ണകാലം. ആ സീസണില്‍ 21 ഗോളുകളാണ് സെനി സ്വന്തം പേരില്‍ കുറിച്ചത്.
തങ്ങളുടെ ഇതിഹാസ താരം കളമൊഴിയുമ്പോള്‍, മൊറുംബി സ്റ്റേഡിയത്തില്‍ ‘ക്ളബ് ലോകകപ്പ് 1992-93 ടീമും’ ‘ക്ളബ് ലോകകപ്പ് 2005’ ടീമും തമ്മിലെ സൗഹൃദ മത്സരം സംഘടിപ്പിച്ചായിരുന്നു ബ്രസീലുകാര്‍ യാത്രയയപ്പ് നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
