അയോഗ്യനായ താരത്തെ കളിപ്പിച്ച റയല്‍ കിങ്സ് കപ്പില്‍നിന്ന് പുറത്ത്
text_fieldsകാഡിസ്: റയല്‍ മഡ്രിഡിന് വമ്പന്‍ തിരിച്ചടി. അയോഗ്യനായ താരം ഡെന്നിസ് ചെറിഷേവിനെ മത്സരത്തിനിറക്കിയ സംഭവത്തില്‍ റയലിനെ കിങ്സ് കപ്പില്‍നിന്ന് പുറത്താക്കി. പുറത്താകലിന്‍െറ നാണക്കേടിന് പുറമെ 6001 യൂറോ പിഴയടക്കാനും സ്പാനിഷ് ഫുട്ബാള്‍ ഫെഡറേഷന്‍ ഉത്തരവിട്ടു. കൂടാതെ, ചെറിഷേവിനെ ഒരു മത്സരത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. മൂന്നു മഞ്ഞക്കാര്‍ഡുകള്‍ക്ക് ശിക്ഷയായി ലഭിച്ച ഒരു മത്സരത്തിലെ വിലക്ക് നിലവിലുള്ള താരമായിരുന്നു ചെറിഷേവ്. കാഡിസ് ടീമിനെതിരെ വ്യാഴാഴ്ച നടന്ന മത്സരത്തില്‍ റയല്‍ 3-1ന് വിജയിക്കുകയും വിവാദതാരം ചെറിഷേവ് ഗോള്‍ നേടുകയും ചെയ്തിരുന്നു. സംഭവം പുറത്തായതിനെതുടര്‍ന്ന് കാഡിസ് ക്ളബ് സ്പാനിഷ് ഫുട്ബാള്‍ ഫെഡറേഷന് പരാതി നല്‍കിയിരുന്നു. ആദ്യ ഇലവനില്‍തന്നെ ഇടംപിടിച്ച ചെറിഷേവ് ഒരു മത്സരത്തില്‍ വിലക്ക് നേരിടുന്ന താരമാണെന്ന് മത്സരത്തിനിടെയാണ് വാര്‍ത്ത പരന്നത്.
വിയ്യാറയലിനായി കളിക്കവെ മൂന്നു മഞ്ഞക്കാര്‍ഡുകള്‍ വാങ്ങിയതാണ് വിലക്കിന് കാരണം. ഫെഡറേഷന്‍െറ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ റയല്‍ മഡ്രിഡ് ക്ളബ് അധികൃതര്‍ തീരുമാനിച്ചു.
