വിവാദ ഗോളടിച്ച് മൗറീന്യോ; മനസ്സുമാറാതെ ഡി ഗിയ
text_fieldsലണ്ടന്‍: രണ്ടു ചൂടുപിടിച്ച വിവാദങ്ങള്‍ക്കിടയിലാണ് ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലെ രണ്ടാംവാര പോരാട്ടത്തിന് കളമുണരുന്നത്. സീസണ്‍ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരുടെ ചൂടന്‍ കോച്ച് ജോസ് മൗറീന്യോയും ടീം ഡോക്ടറും തമ്മിലാരംഭിച്ച പോരിനിടയില്‍ നീലപ്പട വീണ്ടുമിറങ്ങുകയാണ്. കരുത്തരുടെ അങ്കമായി മാറുന്ന ഞായറാഴ്ചയിലെ മത്സരത്തില്‍ ചാമ്പ്യന്മാരെ വെല്ലുവിളിക്കുന്നത് മുന്‍ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റി. സിറ്റിയുടെ വേദിയായ ഇത്തിഹാദ് സ്റ്റേഡിയത്തിലാണ് മത്സരം.
പരിക്കേറ്റ എഡന്‍ ഹസാഡിനെ പരിചരിക്കാന്‍ കോച്ചിന്‍െറ അനുമതിയില്ലാതെ മെഡിക്കല്‍ ടീം ഗ്രൗണ്ടിലിറങ്ങിയതും താരത്തെ സൈഡ്ലൈനിനു പുറത്തേക്ക് വിളിച്ചതുമാണ് മൗറീന്യോയെ പ്രകോപിപ്പിച്ചത്. ഗോളി കര്‍ടോയിസ് ചുവപ്പുകാര്‍ഡുമായി പുറത്തായതോടെ 10ലേക്ക് ചുരുങ്ങിയപ്പോഴാണ് ഹസാഡിനെ മെഡിക്കല്‍ ടീം വളഞ്ഞത്. ഇത് അംഗസംഖ്യ ഒമ്പതാക്കി ചുരുക്കിയെന്നും വിജയസാധ്യത തകര്‍ത്തുവെന്നുമാണ് കോച്ചിന്‍െറ പരാതി. പൊട്ടിത്തെറിച്ച മൗറീന്യോ ടീം ഡോക്ടര്‍ ഇവ കര്‍നീറോയോട് കളിക്കാരുടെ ഏഴയലത്ത് അടുക്കരുതെന്നും മുന്നറിയിപ്പ് നല്‍കി. പരിശീലന സ്ഥലത്തോ, മത്സരവേദിയിലോ ഇവ കര്‍നീറോയുടെ സേവനം വേണ്ടെന്നാണ് തീട്ടൂരം. ഫുട്ബാള്‍ അറിയാത്ത ഡോക്ടറെ വേണ്ടെന്നും കോച്ച് പറഞ്ഞു.
സംഗതിയെന്തായാലും ഇംഗ്ളീഷ് ഫുട്ബാളില്‍ പുതിയ വിവാദത്തിന് തുടക്കംകുറിച്ചിരിക്കയാണ്. ഇവ കര്‍നീറോക്ക് പിന്തുണയുമായി പ്രീമിയര്‍ ലീഗിലെ ഡോക്ടര്‍മാരുടെ സംഘടനയും രംഗത്തത്തെി. കോച്ച് മാപ്പുപറയണമെന്നാണ് സംഘടനയുടെ ആവശ്യം.എങ്കിലും സ്വാന്‍സീ സിറ്റിയോട് 2-2ന് സമനില പാലിച്ച ചെല്‍സി, ഞായറാഴ്ച സിറ്റിയെ വിജയപ്രതീക്ഷകയോടെയാണ് നേരിടുന്നത്.
മനസ്സുകൊണ്ട് റയലിനൊപ്പമായ യുനൈറ്റഡ് ഗോളി ഡേവിഡ് ഡി ഗിയയാണ് മറ്റൊരുതാരം. ഇല്ലത്തുനിന്ന് ഇറങ്ങുകയും ചെയ്തു അമ്മാത്ത് എത്തിയതുമില്ല എന്ന അവസ്ഥയിലുള്ള താരത്തെ കളിപ്പിക്കേണ്ടെന്ന കോച്ചിന്‍െറ തീരുമാനം ഞെട്ടിച്ചത് ആരാധകരെയാണ്. ടോട്ടന്‍ഹാമിനെതിരായ ആദ്യമത്സരത്തിലും ഡി ഗിയ ഇല്ലായിരുന്നു.
ആദ്യമത്സരത്തില്‍ അട്ടിമറി തോല്‍വിവഴങ്ങിയ ആഴ്സനലിന് രണ്ടാം റൗണ്ട് എവേ ടെസ്റ്റ് കൂടിയാണ്. ക്രിസ്റ്റല്‍ പാലസാണ് എതിരാളി. വെസ്റ്റ്ഹാം സമ്മാനിച്ച 2-0ന്‍െറ ഷോക്ക് മാറ്റാനാവും ആഴ്സന്‍ വെങ്ങര്‍ ഇറങ്ങുന്നത്. ഒപ്പം ഗോളി പീറ്റര്‍ ചെക്കിന് പേരുദോഷം തീര്‍ക്കാനും. ആഴ്സനലിലെ അരങ്ങേറ്റത്തില്‍ രണ്ടു ഗോളും ചെക്കിന്‍െറ പിഴവിലൂടെയാണ് വഴങ്ങിയത്.
വാരാന്ത്യത്തിലെ മറ്റു പോരാട്ടങ്ങള്‍ ഇങ്ങനെ
സതാംപ്ടന്‍ x എവര്‍ടെന്‍, സണ്ടര്‍ലന്‍ഡ് x നോര്‍വിച്, സ്വാന്‍സീ സിറ്റി x ന്യൂകാസില്‍ യുനൈറ്റഡ്, ടോട്ടന്‍ഹാം x സ്റ്റോക്സിറ്റി, വാറ്റ്ഫോഡ് x വെസ്റ്റ്ബ്രോംവിച്, വെസ്റ്റ്ഹാം x ലീഷസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍ Vs ബേണ്‍മൗത് (തിങ്കള്‍).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
