പൊന്പൂവിന് അര്‍ജുന വീര്യം
text_fieldsകണ്ണൂര്‍: രാജ്യത്തിനായി പലവട്ടം പൊന്നണിഞ്ഞ എം.ആര്. പൂവമ്മക്ക് ആദ്യകടമ്പയില്‍ തന്നെ മാറ്റേറിയ കായിക പുരസ്കാരം. ഇന്ത്യന്‍ കായിക രംഗത്തെ ‘വില്ലാളി വീരത്തി’യായതിന്‍െറ അതിയായ സന്തോഷത്തിലാണ് കേരളത്തിന്‍െറ തൊട്ടയല്‍ക്കാരിയായ ഈ അത്ലറ്റ്. കഠിനാധ്വാനത്തിന് കിട്ടിയ അംഗീകാരമാണിതെന്ന് പൂവമ്മ പറയുന്നു. ഏറെ നാളത്തെ സ്വപ്നം യാഥാര്‍ഥ്യമായതായി പൂവമ്മ ‘മാധ്യമ’ത്തോട് പറഞ്ഞു. പുരസ്കാരം തേടിയത്തെുമെന്ന ചില സൂചനകളുണ്ടായിരുന്നു. ടി.വി വാര്‍ത്തകളില്‍ നിന്ന് വിവരമറിഞ്ഞ സഹോദരന് മഞ്ജുവാണ് സന്തോഷ വര്‍ത്തമാനം ഫോണില്‍ വിളിച്ചറിയിച്ചത്. പാട്യാലയില്‍ ഇന്ത്യന്‍ അത്ലറ്റിക്സ് ക്യാമ്പില്‍ ഉച്ചക്ക് ശേഷമുള്ള പരിശീലനത്തിനിറങ്ങാനിരിക്കേയായിരുന്നു അവാര്‍ഡ് നേട്ടം വന്നത്. 2012ല്‍ കര്‍ണാടകയിലെ മികച്ച കായികതാരത്തിനുള്ള ‘ഏകലവ്യ’ അവാര്‍ഡ് നേടിയ പൂവമ്മക്ക് മൂന്നു വര്‍ഷത്തിനുശേഷം രാജ്യത്തെ ഉന്നത ബഹുമതി സ്വന്തമാക്കാനായി.
ആഗസ്റ്റ് 22 മുതല്‍ 30 വരെ ബീജിങ്ങില്‍ നടക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനുള്ള പരിശീലനത്തിനായാണ് ഇഷ്ടഭൂമികയായ പാട്യാലയിലത്തെിയത്. ബീജിങ്ങില്‍ 400 മീറ്റര്‍ റിലേയിലാണ് മത്സരം. സഹതാരങ്ങള്‍ പലരും മറ്റിടങ്ങളില്‍ പരിശീലനത്തിലായതിനാല്‍ പുരുഷതാരങ്ങള്‍ക്കൊപ്പമാണ് പൂവമ്മയുടെ സന്നാഹം. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ ടിന്റു ലൂക്കയടക്കമുള്ള താരങ്ങള്‍ക്കൊപ്പം പൂവമ്മ ഈയിനത്തില്‍ സ്വര്‍ണമണിഞ്ഞിരുന്നു.
2014ല്‍ ഇഞ്ചിയോണിലെ നേട്ടത്തിനുശേഷം ഈ വര്‍ഷം ചൈനയിലെ വുഹാനില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്ററില്‍ വെള്ളി നേടിയ പൂവമ്മ, ഏഷ്യന്‍ ഗ്രാന്‍പ്രീ മീറ്റിന്‍െറ വിവിധ പാദങ്ങളില്‍ മെഡല്‍ നേടിയിരുന്നു. മംഗളൂരുവില്‍ നടന്ന സീനിയര്‍ ഫെഡറേഷന് കപ്പിലും ചെന്നൈ ഇന്റര്‍ സ്റ്റേറ്റ് മീറ്റിലും മികച്ച താരവുമായി. അടുത്ത വര്‍ഷം അരങ്ങേറുന്ന റയോ ഒളിമ്പിക്സില്‍ 400 മീറ്ററില്‍ യോഗ്യത നേടുന്നതടക്കം ഇനിയും ലക്ഷ്യങ്ങളേറെയാണ് ഒ.എന്‍.ജി.സിയിലെ എച്ച്.ആര് എക്സിക്യൂട്ടിവായി ജോലിചെയ്യുന്ന പൂവമ്മക്ക്.
400 മീറ്ററില്‍ ഏഷ്യയിലെ രണ്ടാം നമ്പര്‍ താരമായ ഈ 25കാരിയെ അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ (എ.എഫ്.ഐ) ആദ്യമായാണ് അര്‍ജുന അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യുന്നത്. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലമണിഞ്ഞ വയനാട്ടുകാരി ഒ.പി. ജെയ്ഷയും ട്രിപ്പ്ള്‍ ജംപിലെ ശ്രദ്ധേയതാരം അര്‍പ്പിന്ദര്‍ സിങ്ങുമായിരുന്നു എ.എഫ്.ഐ നാമനിര്‍ദേശം ചെയ്ത മറ്റ് രണ്ട് അത്ലറ്റുകള്.
മലയാളം പുഷ്പം പോലെ കൈകാര്യം ചെയ്യുന്ന പൂവമ്മയുടെ നേട്ടത്തിന് പിന്നില്‍ ഒരു മലയാളിക്കരമുണ്ട്. കണ്ണൂര്‍ പുളിങ്ങോം സ്വദേശിയായ എന്‍.എ. കുഞ്ഞിമുഹമ്മദ്. കരസേനയില്‍ സുബേദാറും സര്‍വിസസ് കോച്ചുമായ കുഞ്ഞിമുഹമ്മദാണ് നിലവില്‍ പൂവമ്മയുടെയും പരിശീലകന്. കുഞ്ഞിസാറിന്‍െറ കീഴില്‍ ഏറെ മുന്നോട്ടുപോകാനായിട്ടും കോച്ചിനോടും സഹതാരങ്ങളോടും എ.എഫ്.ഐയോടും സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയോടും മാധ്യമങ്ങളോടും തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ടെന്ന് പൂവമ്മ പറഞ്ഞു. ക്യാമ്പിന് അവധിയുള്ള ശനിയാഴ്ചയും ഞായറാഴ്ചയും സഹതാരങ്ങള്‍ക്ക് വമ്പന്‍ വിരുന്നൊരുക്കാനിരിക്കുകയാണ്. അടുത്തയാഴ്ച ലോക ചാമ്പ്യന്‍ഷിപ്പിനായി ബീജിങ്ങിലേക്ക് പറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
