ഇടിച്ചുയർന്ന് തകർന്നുവീണ് റേസിങ് കാർ; അവിശ്വസനീയമായി രക്ഷപ്പെട്ട് ഡ്രൈവർ VIDEO

15:31 PM
08/09/2019
Racing-car-accident-080919.jpg

റോം: റേസിങ് ട്രാക്കിൽ അപകടത്തിൽപെട്ട് ആകാശത്തേക്ക് ഇടിച്ചുയർന്ന കാർ ട്രാക്കിനപ്പുറം തകർന്ന് വീഴുമ്പോൾ കാണികൾ ആശങ്കയോടെ നെഞ്ചിൽ കൈവച്ചു. തരിപ്പണമായ കാറിനുള്ളിൽ നിന്നും ഡ്രൈവർ കാര്യമായ പരിക്കൊന്നും കൂടാതെ എഴുന്നേറ്റു വരുന്നത് കണ്ടപ്പോൾ ആശങ്ക ആശ്വാസത്തിന് വഴിമാറി. ഫോര്‍മുല ത്രീ ഡ്രൈവര്‍ അലക്‌സ് പെറോണിയാണ് അപകടത്തിൽ നിന്നും അവിശ്വസനീയമായി രക്ഷപ്പെട്ടത്. 

ഇറ്റലിയിലെ മോൺസ സർക്യൂട്ടിൽ ശനിയാഴ്ചയാണ് അപകടം നടന്നത്. ഫോര്‍മുല വണ്‍ ഇറ്റാലിയന്‍ ഗ്രാന്‍പ്രീയുടെ യോഗ്യതാ റേസിന് തൊട്ടുമുന്‍പ് നടന്ന റേസിൽ അലക്‌സ് പെറോണിയുടെ കാർ ട്രാക്കിൽ പുതുതായി സ്ഥാപിച്ച സോസേജ് കെർബിൽ ഇടിക്കുകയായിരുന്നു. ഇടിയെത്തുടർന്ന് മുകളിലേക്ക് ഉയർന്ന കാർ മൂന്ന് കരണംമറിഞ്ഞ് ട്രാക്കിനപ്പുറത്തേക്ക് വീണു. 

കാർ തകർന്ന് തരിപ്പണമായെങ്കിലും സുരക്ഷാ മുൻകരുതലുകൾ ഉണ്ടായിരുന്നതിനാൽ അലക്‌സ് പെറോണിക്ക് ഗുരുതര പരിക്കേറ്റില്ല. മെഡിക്കൽ കാറിലേക്ക് അലക്സ് സ്വയം നടന്ന് കയറുന്നത് കണ്ടതോടെയാണ് കാണികൾക്ക് ശ്വാസം വീണത്. പിന്നീട്, അലക്സിനെ ആശുപത്രിയിൽ പരിശോധനക്ക് വിധേയനാക്കി.

കഴിഞ്ഞ ആഴ്ച റേസിനിടെ ഉണ്ടായ അപകടത്തിൽ ഫോർമുല 2 ഡ്രൈവർ ആന്‍റണി ഹ്യൂബർട്ട് മരിച്ചിരുന്നു. 

 

Loading...
COMMENTS