ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മയ്ക്കൊപ്പമുള്ള ലൈവ് ചാറ്റിനിടെ ജാതീയ പരാമര്‍ശം നടത്തിയ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്. തെൻറ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ട്വിറ്ററില്‍ കുറിപ്പ് പോസ്റ്റ് ചെയ്യുകയായിരുന്നു യുവി.
സംഭവത്തില്‍ ദലിത് ആക്ടിവിസ്റ്റും അഭിഭാഷകനുമായ രജത് കല്സന് കഴിഞ്ഞ ദിവസം താരത്തിനെതിരേ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു യുവരാജ്സിങിെൻറ ഖേദപ്രകടനം.
‘ജാതി, വര്‍ഗം, ലിംഗം എന്നിവയുടെ പേരിലുള്ള ഒരു വേര്‍തിരിവുകളിലും ഞാന്‍ വിശ്വസിക്കുന്നില്ല എന്ന കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനാണ് ഈ കുറിപ്പ്. ജനങ്ങളുടെ ക്ഷേമത്തിനായാണ് എെൻറ ജീവിതം സമര്‍പ്പിച്ചിരിക്കുന്നത്. അത് തുടരുക തന്നെ ചെയ്യും. ജീവിതത്തിെൻറ മഹത്വത്തിലും ഞാൻ വിശ്വസിക്കുന്നു. ആരെയും മാറ്റിനിര്‍ത്താതെ ഓരോ വ്യക്തിയെയും ബഹുമാനിക്കണമെന്നാണ് ഞാൻ പഠിച്ചിരിക്കുന്നത്.
സുഹൃത്തുകളുമായി നടത്തിയ സംസാരത്തിനിടെയുണ്ടായ ചില പരാമര്‍ശങ്ങള്‍ ആവശ്യമില്ലാത്തതായിരുെന്നന്ന് ഞാന്‍ മനസിലാക്കുന്നു. ഉത്തരവാദിത്തമുള്ള ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍, അറിയാതെയെങ്കിലും ഞാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ആരെയെങ്കിലുമോ അവരുടെ വികാരങ്ങളെയോ മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു. രാജ്യത്തോടും ജനങ്ങളോടുമുള്ള എെൻറ സ്നേഹം അനന്തമാണ്’- യുവി ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ ദിവസം രോഹിത് ശര്‍മയുമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടെയാണ് ഇന്ത്യന്‍ താരം യൂസ്വേന്ദ്ര ചഹലിെൻറ ടിക്ടോക് വിഡിയോകളെ കുറിച്ച് സംസാരിക്കവെ യുവി വിവാദ പരാമര്‍ശം നടത്തിയത്. താഴ്ന്ന ജാതിക്കാരെ പരിഹസിക്കാനായി ഉപയോഗിക്കുന്ന വാക്കാണ് ചഹലിനെ വിശേഷിപ്പിക്കാന്‍ അദ്ദേഹം ഉപയോഗിച്ചത്.
ഇതോടെ സമൂഹ മാധ്യമങ്ങളിൽ നിരവധി പേർ യുവരാജ് സിങ് മാപ്പ് പറയണമെന്ന ആവശ്യവുമായി രംഗത്തെത്തി. ‘യുവരാജ് മാഫി മാംഗോ’ (യുവരാജ് മാപ്പ് ചോദിക്കൂ) എന്ന ഹിന്ദി ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാകുകയും ചെയ്തു.