കാർഡിഫ്: ഇന്നലെ പാകിസ്താനെ വിൻഡീസ് തകർത്തെറിഞ്ഞതിന് സമാനമായി ലോകകപ്പിലെ മൂന്നാം മത്സരത്തിൽ കിവീസിന് ടി20 മോഡൽ വിജയം. ശ്രീലങ്ക ഉയര്‍ത്തിയ 137 റണ്‍സ് വിജയലക്ഷ്യം 17 ഓവറിൽ മറികടന്ന കിവികള്‍ 10 വിക്കറ്റിനാണ് വിജയിച്ചത്. ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗപ്ടിലും കോളിന്‍ മൻറോയും അര്‍ദ്ദസെഞ്ച്വറി കുറിച്ചു. ഗുപ്ടില്‍ 51 പന്തുകളില്‍ നിന്ന് 73 റണ്‍സടിച്ചപ്പോള്‍ മൻറോ 47 പന്തുകളില്‍ നിന്നും 58 റണ്‍സ് നേടി.
ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത കിവീസ് നായകൻ കെയിൻ വില്യംസൻെറ തീരുമാനം ശരിവെക്കും വിധമായിരുന്നു ലങ്കയുടെ ബാറ്റിങ്. രണ്ടാം പന്തിൽ തന്നെ ഓപണറായ ലാഹിരു തിരുമണെ ഹെൻറിയുടെ പന്തിൽ പവലിയനിലേക്ക് മടങ്ങി. ശേഷമെത്തിയ കുശാൽ പെരേര ദിമുത് കരുണ രത്നയ്ക്കൊപ്പം സ്കോർ അൽപ്പം ഉയർത്താൻ ശ്രമിച്ചു.

എന്നാൽ പെരേരയെയും കുശാൽ മെൻഡിസിനെയും അടുത്തടുത്ത പന്തുകളിൽ മടക്കി ഹെൻറി തന്നെ ലങ്കക്ക് ഉൾക്കിടിലം സമ്മാനിച്ചു. പുറത്താവുേമ്പാൾ കുശാൽ പെരേരക്ക് 29 റൺസുണ്ടായിരുന്നു. പിന്നീട് വിക്കറ്റുകളുടെ കുത്തൊഴുക്കായിരുന്നു. കുശാലിന് പുറമേ തിസാര പെരേര (27), നായകൻ ദിമുത് കരുണ രത്ന (52) എന്നിവർ മാത്രമാണ് ലങ്കൻ നിരയിൽ അൽപ്പമെങ്കിലും പിടിച്ചു നിന്നത്.