ലോകകപ്പ്: ധോണിയെ ഏഴാമതിറക്കിയ തീരുമാനം ന്യായീകരിച്ച് രവി ശാസ്ത്രി 

15:27 PM
12/07/2019

ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരായ സെമി പോരാട്ടത്തിൽ ഇന്ത്യയുടെ തോൽവിക്കുള്ള കാരണങ്ങൾ ചികയുകയാണ് ക്രിക്കറ്റ് പണ്ഡിതരും ആരാധകരും മാധ്യമങ്ങളും. എം‌.എസ് ധോണിയെ ഏഴാം സ്ഥാനത്തിറക്കിയ തീരുമാനത്തിനെതിരാ കമൻററി ബോക്സിലുള്ളവരും മുൻതാരങ്ങളും വിമർശവുമായി രംഗത്തെത്തി. എന്നാൽ ഈ നടപടിയെ ന്യായീകരിച്ച് കോച്ച് രവിശാസ്ത്രിയും നിലപാട് വ്യക്തമാക്കി.

ധോണിയുടെ അനുഭവം അവസാനം വരെ ടീമിന് ആവശ്യമാണെന്ന് കോച്ച് രവി ശാസ്ത്രി വിശദീകരിച്ചു. അതിനാലാണ് ദിനേശ് കാർത്തിക്കിനും ഹാർദിക് പാണ്ഡ്യക്കും ശേഷം അദ്ദേഹത്തെ അയച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

ഇത് ടീമിൻെറ തീരുമാനമായിരുന്നു. എല്ലാവരും അതിനോടൊപ്പമുണ്ടായിരുന്നു - അത് ഒരു ലളിതമായ തീരുമാനമാണ്. ധോണി നേരത്തെ ബാറ്റിംഗിന് ഇറങ്ങുകയും പുറത്താകുകയും ചെയ്താൽ സ്കോർ പിന്തുടരൽ ഇല്ലാതാക്കും. ഞങ്ങൾക്ക് അദ്ദേഹത്തിൻെറ അനുഭവം ആവശ്യമാണ്- രവി ശാസ്ത്രി പറഞ്ഞു.

എക്കാലത്തേയും ഏറ്റവും മികച്ച ഫിനിഷറാണ് അദ്ദേഹം. അദ്ദേഹത്തെ ആ രീതിയിൽ ഉപയോഗിക്കാതിരിക്കുന്നത് കുറ്റകരമാണ്. ടീമിന് മുഴുവൻ ഇക്കാര്യം വ്യക്തമാണ്. ധോണിയുടെ പ്രകടനം ഗംഭീരമായിരുന്നു. ഞാൻ നിങ്ങളോട് പറയട്ടെ, ആ നിർഭാഗ്യകരമായ റണ്ണൗട്ടില്ലായിരുന്നെങ്കിൽ വിജയത്തിലേക്കുള്ള എല്ലാ കണക്കുകൂട്ടലുകളും ധോണിയുടെ തലക്കകത്തുണ്ടായിരുന്നെന്ന് ഞാൻ കരുതുന്നു. ഏത് പന്ത് അടിക്കണമെന്നത് ധോണിക്കറിയാം. ധോണിയുടെ മസ്തിഷ്കം ടിക്ക് ചെയ്യുന്നത് നിങ്ങൾക്ക് കാണാം. അത് ചെയ്യാൻ അവൻ തീവ്രമായി ആഗ്രഹിച്ചു, അത് അവൻെറ മുഖത്ത് വ്യക്തമായിരുന്നു- ശാസ്ത്രി പറഞ്ഞു.

ധോണിയെ വൈകി ക്രീസിലേക്ക് അയച്ച തീരുമാനത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി പ്രകോപിതനായിരുന്നു. ടീമിൻെറ ബാറ്റിംഗ് ക്രമത്തിൽ സച്ചിനും നിരാശ പ്രകടിപ്പിച്ചിരുന്നു. ധോണി അഞ്ചാം സ്ഥാനത്ത് ബാറ്റ് ചെയ്യണമെന്നായിരുന്നു സചിൻ അഭിപ്രായപ്പെട്ടത്.

23ാം ഒാവറിൽ ധോണി ഹർദികിനൊപ്പം ചേരുമ്പോൾ ഇന്ത്യ 71/5 എന്ന നിലയിലായിരുന്നു. പാണ്ഡ്യക്ക് അധികനേരം ക്രീസിൽ തുടരാനായില്ല. ആറ് വിക്കറ്റ് നഷ്ടത്തിൽ 92 റൺസ് എന്ന നിലയിലാണ് ധോണിയും രവീന്ദ്ര ജഡേജയും കൂട്ടിചേരുന്നത്. ഏഴാം വിക്കറ്റിൽ ഇരുവരും 116 റൺസ് ചേർത്തു. 48-ാം ഓവറിൽ ജഡേജ (77) പുറത്തായി(7-208). പിന്നീട് കളി വിജയിപ്പിക്കൽ ധോണിയുടെ ഉത്തരവാദിത്തമായി. 50 റൺസെടുത്തു നിൽക്കെ ധോണി ഗുപ്റ്റിലിൻെറ നേരിട്ടുള്ള ഏറിൽ റണ്ണൗട്ട് ആവുകയായിരുന്നു. ഇതോടെയാണ് ഇന്ത്യയുടെ അവസാന പ്രതീക്ഷയും ഇല്ലാതായത്.


 

Loading...
COMMENTS