ലണ്ടൻ: വനിത ലോകകപ്പ് ക്രിക്കറ്റിൽ കന്നി കിരീടമോഹവുമായി ഇന്ത്യ ഞായറാഴ്ച ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടാനിറങ്ങും. ക്രിക്കറ്റിെൻറ ചരിത്രമുറങ്ങുന്ന ലണ്ടനിലെ ലോർഡ്സ് മൈതാനത്താണ് കലാശപ്പോര്. ഗ്രൂപ്റൗണ്ടിൽ മൂന്നാം സ്ഥാനക്കാരായി സെമിയിലെത്തിയ ഇന്ത്യ, ശക്തരായ കങ്കാരുപ്പടയെ 36 റൺസിന് തോൽപിച്ചാണ് ഫൈനലിലേക്ക് യോഗ്യതനേടിയത്. 12 വർഷങ്ങൾക്ക് മുമ്പ് ആദ്യ മായി ഫൈനലിൽ എത്തിയ ഇന്ത്യക്ക് ഒാസീസിനു മുന്നിൽ തോൽക്കാനായിരുന്നു വിധി. ഒരു പതിറ്റാണ്ടിനു ശേഷമാണ് വീണ്ടുമൊരു ഫൈനൽ ബർത്ത്. ദക്ഷിണാഫ്രിക്കയെ രണ്ടു വിക്കറ്റിന് തോൽപിച്ചാണ് ഇംഗ്ലണ്ട് ഫൈനലിലേക്ക് പ്രവേശിച്ചത്.
റൗണ്ട് റോബിനിൽ ഇംഗ്ലണ്ടുൾപ്പെടെയുള്ള ടീമുകളെ തോൽപിച്ചായിരുന്നു ഇന്ത്യയുടെ കുതിപ്പ്. തുടർച്ചയായ നാലു മത്സരങ്ങൾ വിജയിച്ച് കുതിച്ച ഇന്ത്യ ദക്ഷിണാഫ്രിക്കയോടും ആസ്ട്രേലിയയോടും തോറ്റ് പ്രതിസന്ധിയിലായിരുന്നു. എന്നാൽ അവസാന മത്സരത്തിൽ ന്യൂസിലൻഡിനെ തോൽപിച്ച് സെമിയിൽ കയറി. സെമിയിൽ ആസ്േട്രലിയയെ തകർത്തെറിഞ്ഞാണ് കിരീടപ്പോരാട്ടത്തിലേക്കുള്ള കുതിപ്പ്. മൂന്ന് തവണ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് , 2009ലാണ് അവസാനമായി ജേതാക്കളായത്. അന്ന് ആസ്േട്രലിയയെ തോൽപിച്ചായിരുന്നു കിരീടനേട്ടം.